My Memories (എന്റെ ഓർമ്മകൾ )

തികഞ്ഞ നിശബ്ദതയാണ് ,എല്ലാവരും ആലോചിക്കുന്നു ഒപ്പം ഞാനും. ഓർമ്മകൾ പിറകോട്ട് പോയാൽ ജീവിതത്തിൽ ഓർത്തെടുക്കാനാവുന്ന ആദ്യത്തെ സംഭവം. സംഭവം എന്നൊ അനുഭവം എന്നോ ഒക്കെ പറയാം .പക്ഷേ നിങ്ങൾ എഴുതണം.... അരമണിക്കൂർ സമയം തരും.
പറയുന്നത് പിഷാരടി ടീച്ചറാണ്
എഴുതാതെ രക്ഷയില്ല. ഞാനും അബിയും മുഖത്തോട് മുഖം നോക്കി.
ബെൻസനും ജോൺസനും തിരക്കുപിടിച്ച് എഴുതുകയാണ് .ബെന്നി അവരെ നോക്കിയിരിക്കുന്നു. പെൺകുട്ടികൾ എല്ലാ വരും എഴുതിത്തുടങ്ങി .പിൻബഞ്ചിലെ ആൺകട്ടികൾ  പതിവുപോലെ ശൂന്യമായ കടലാസുകളിലേക്കും പിഷാരടി ടീച്ചറുടെ മുഖത്തേക്കും മാറി മാറി നോക്കിയിരിക്കുന്നു.
ഇത്തവന്ന  ടീച്ചറുതന്നത് വല്ലാത്തൊരു പണിയായിപ്പോയി .കോപ്പിയടിക്കാൻ ഒരു നിർവ്വാഹവുമില്ല .
ആദ്യ ജീവിതാനുഭവം ഓർമ്മയിൽ വരുന്നത്.മറ്റൊന്നും കണ്ടില്ല ... എഴുതിപ്പിക്കാൻ. കഴിഞ്ഞ ഓണപ്പരീക്ഷയ്ക്ക് റോസി ടീച്ചർ പരീക്ഷാ ഹാളിൽ കോപ്പിയടിച്ചത് പിടിച്ചപ്പോൾ ഒരു പേജ് കവിത വായിലിട്ട് ചുണ്ടും തൊണ്ടയുമണങ്ങാതെ വിഴുങ്ങി കോപ്പിയടിയിൽ കഴിവു തെളിയിച്ച റജി പിൻബഞ്ചിൽ ഇരുന്ന് പറയുന്നത് എല്ലാവർക്കും കേൾക്കാം.
പിഷാരടി ടീച്ചർ കേൾക്കില്ല .ടീച്ചർക്ക്  കേൾവിക്കുറവുണ്ട്. പക്ഷേ ടീച്ചർ കുട്ടികളുടെ ചുണ്ടനങ്ങുന്നതു നോക്കി കാര്യം മനസ്സിലാക്കും.
അബിയുടെ മുഖത്ത് ലേശം പരിഭ്രമം ഇല്ലാതില്ല.കഴിഞ്ഞ ഓണപ്പരീക്ഷയ്ക്ക് കാകളി വൃത്തമെഴുതിയതിന്റെ ചീത്തപ്പേര് ഇനിയും മാറിയിട്ടില്ല.
പരീക്ഷയ്ക്ക് എത്ര സമയമാണ് പരീക്ഷാ ഹാളിൽ വെറുതെയിരിക്കുക. ചോദ്യപ്പേപ്പർ വായിച്ചപ്പോൾ കേട്ടു പരിചയമുള്ള വാക്ക് കണ്ടു കാകളി .ഉത്തരം അങ്ങ് എഴുതി. എന്താ എഴുതിയതെന്ന് ഓർമ്മയില്ല.
ഓണപ്പരീക്ഷയുടെ ഉത്തരക്കടലാസും ചൂരലുമായി ക്ലാസ്സിലെത്തിയ പിഷാരടി ടീച്ചർ നീട്ടി വിളിച്ചു .
അബി പോളച്ചൻ.അമ്പതിൽ എട്ട് ....
അബി എഴുന്നേറ്റു ... കൈ നീട്ടി പക്ഷേ ടീച്ചർ തല്ലിയില്ല
സൂക്ഷിച്ച് മുഖത്തേക്ക് നോക്കി. എന്നിട്ടു പറഞ്ഞു.
ഉണ്ണിയേ കണ്ടാലറിയാം ഊറ്റിലെ പഞ്ഞം.കാള കളിക്കുന്നതിനെ കാകളി എന്നു പറയുന്നു. ആരു പഠിപ്പിച്ചു ഈ വൃത്തം. പതിവിന് വിപരീതമായി ടീച്ചർ നിന്നു ചിരിച്ചു. ടീച്ചർ മാത്രമല്ല ക്ലാസ്സുമുഴുവൻ.
പക്ഷേ ഇപ്പോൾ ക്ലാസ്സിലെ മാത്രമല്ല സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കാകളി നല്ല ഓർമ്മയാണ് .അവർ ഇടയക്കൊക്കെ അബിയെക്കാണുമ്പോൾ പറയുകയും ചെ'യ്യും. ശൊ .. എന്തൊരു നാണക്കേട്.
മറ്റു കുട്ടികളെ ശ്രദ്ധിച്ചും അബിയുടെ കാര്യമോർത്തും കുറേ സമയം പോയി.
പേന പേപ്പറിൽ മുട്ടിച്ചു വച്ചു.ആകെ ആശയക്കുഴപ്പം എന്ത് എഴുതണം?
ഇടിഞ്ഞു വീഴാറായ ഓടുമേഞ്ഞ തറ ചാണകം മെഴുകിയ കൊച്ചു വീട്. ഉത്തരത്തിലും കഴിക്കോലിലും ഭിത്തിയിലും വരെ ചിതലാണ്. മനുഷ്യരുടെ വീടാണോ ചിതലിന്റെ വീടാണോ എന്ന് സംശയം തോന്നും. അമ്മ എപ്പോഴും അച്ഛനോട് പറയുന്നത് കേൾക്കാം ഇടിഞ്ഞ് തലയിൽ വീഴും മുമ്പ് ആർക്കെങ്കിലും വിൽക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു. അതെങ്ങനാ വാങ്ങാൻ വരുന്നവർ മുകളിലേക്ക് നോക്കിയാൽ തീർന്നില്ലേ.
വീടിനോട് ചേർന്ന് ഇടതു വശത്ത് ഒരു മുറിയുണ്ട്. തറയിൽ മണലാണ് .കഴിയാനകളും പാറ്റകളുമാണ് അവിടം നിറയെ. കോഴികൾ മുട്ടയിടുന്നതും അതിനകത്താണ്. ഞാനും അനിയനും സുധയും രമയും ഒളിച്ചുകളിക്കുമ്പോൾ ചിലപ്പോഴൊക്കെ ആരെങ്കിലും അതിനത്ത് കയറി ഒളിക്കും. സൂക്ഷിച്ചില്ലങ്കിൽ കുഴപ്പമാണ്. അതിനകത്തsയിരിക്കുന്ന കോഴി കൊത്താം , പാറ്റയോ ഏട്ടുകാലിയോ ദേഹത്തു കൂടി കയറി ഓടാം.
കണ്ടാൽ അമ്മ വിളിച്ചു കൂവും .ഈ പിള്ളേര് ഇന്ന് മുട്ട ചവിട്ടിപ്പൊട്ടിക്കും .ഒളിക്കാനുള്ള വ്യഗ്രതയിൽ ആരു കേൾക്കാൻ . മുട്ടപൊട്ടിക്കലും കോഴിയുടെ കൊത്തും പതിവാണ്. അമ്മയുടെ ശകാരവും.
വീടിന്റെ മുൻവശം കാപ്പിത്തോട്ടമാണ് .അതിനുള്ളിൽ ഒരു മാവുണ്ട്. എന്തു മാവെന്ന് ഓർമ്മയില്ല. അതിന്റെ താഴത്തെ ശിഖരത്തിൽ കെട്ടിയ ഊഞ്ഞാലിൽ കാപ്പിയുടെ തലപ്പു തൊടാനായി ആടുമ്പോൾ ആദ്യമൊക്കെ പേടിയായിരുന്നു. പക്ഷേ തന്നേക്കാൾ മൂത്ത സുമയേയും രമയേയും തോല്പിക്കാതെ തരമില്ല . അതിനാൽ തലകറങ്ങിയാലും പേടിച്ചാലും ആടുക തന്നെ. ആട്ടി വിടുന്നത് ലിസ്സിച്ചേച്ചിയാണ്. ആറാം ക്ലാസ്സിൽ പഠിക്കുന്ന എഴുതാനറിയുന്ന പേപ്പറു വായിക്കുന്ന ലിസിച്ചേച്ചി.
ഇനിയും.... കുറച്ചു കൂടി വലിച്ച് ... കുറച്ചു കൂടി... പറഞ്ഞു കൊണ്ടിരിക്കും. ലിസ്സിച്ചേച്ചിയുടെ കൈ കഴയ്ക്കുന്നതാണ് കണക്ക്. മടുക്കുമ്പോൾ ചേച്ചി പറയും ഇന്നു മതി ഇനി നാളെ.
ഒരിക്കൽ ആടിക്കൊണ്ടിരിക്കുമ്പോൾ മുന്നിലൂടെ ഒരു പാമ്പ് ഇഴഞ്ഞു വന്നു. പേടിച്ചു പോയി. ചാടാൻ തുടങ്ങിയതാണ്.
ലിസിച്ചേച്ചി പറഞ്ഞു കുഴപ്പമില്ല പച്ചില പാമ്പാണ് വിഷമില്ല. ചേച്ചിക്ക് നല്ല ലോക പരിചയമുണ്ട്.ഒരിക്കൽ ഒരു തടിയൻ പാമ്പ് എലിയെ പിടിക്കുന്നതു കണ്ടപ്പോഴും ചേച്ചി പറഞ്ഞു .ചേരയാണ് കുഴപ്പമില്ല.
ലിസിച്ചേച്ചി ഞങ്ങളുടെ നേതാവാണ്. ഏഴുമക്കളുള്ള മീമനാമറ്റത്തിലെ അമ്മയുടെ ഇളയ മകൾ.ലിസിച്ചേച്ചിയുടെ ചേച്ചിമാരെല്ലാം പ്രായക്കൂടുതലുള്ളവരാണ്. രണ്ടു മൂന്നു പേർ എന്റെ അമ്മയുടെ കൂട്ടുകാരും.അവരു സംസാരിക്കുമ്പോൾ ഞങ്ങൾ കുട്ടികൾ ശ്രദ്ധിക്കാറില്ല. ഞങ്ങൾക്ക് താല്പര്യമില്ലാത്ത വിഷയങ്ങളാണ് അവരു സംസാരിക്കാറുള്ളത്.
മീമനാമറ്റം പഴയ തറവാടാണ്. വീടിന്റെ മുൻവശം മുഴുവൻ പാടമാണ്. ബാക്കി മൂന്നു വശവും പറമ്പാണ്. തെങ്ങും അടയ്ക്കാമരങ്ങളും വാഴയും, പ്ലാവും, മാവും, ഇലഞ്ഞിയും, എലിയും ,പാമ്പും, മുയലുമുള്ള, നിറയെ പക്ഷികളുമുള്ള പറമ്പ്.
വീടിനോട് ചേർന്ന് ഒരു വലിയ തൊഴുത്തുണ്ട്. രണ്ട് വലിയ വെള്ളക്കാളകളും ,മൂന്ന് പശുക്കളും, രണ്ട് കിടാങ്ങളുമുള്ള തൊഴുത്ത്.
വീടിന്റെ പിൻവശത്ത് തലപ്പുപോയ ഒരു തെങ്ങുണ്ട്. അതിലെ പൊത്തിലാണ് മാടത്ത കൂട്ടുവയ്ക്കുന്നത്. അതിൽ നിന്ന് എല്ലാ വർഷവും കുഞ്ഞുങ്ങളെ കിട്ടും. തൊഴുത്തിന്റെ മുൻവശത്താണ് മാടത്തയുടെ കൂട് തൂക്കിയിരിക്കുന്നത് .ചക്കപ്പഴം,വാഴപ്പഴം, വിട്ടിൽ, പുഴുക്കൾ ഇവയൊക്കെയാണ് മാടത്തയ്ക്ക് ഭക്ഷണം.
പശുക്കളെ തീറ്റാൻ പറമ്പിൽ കൊണ്ടു പോകുമ്പോൾ ഒരു വടിയിലിരുത്തി മടത്തയേയും കൊണ്ടു പോകും.
അമ്മയ്ക്ക് ഞങ്ങളെ മീമനാമറ്റം വീട്ടിൽ വിടുന്നതിന് എതിർപ്പില്ല. പോകുന്നത് ഞങ്ങൾക്ക് പരമ സന്തോഷവും.
പശുക്കളെ തീറ്റിക്കൽ ലിസിച്ചേച്ചിയുടെ ജോലിയാണ്. ചേച്ചിക്കൊപ്പം വിട്ടിൽ പിടിക്കാനുള്ള ചിരട്ടയുമായി ഞങ്ങളുമുണ്ടാവും. പശുക്കളെ പറമ്പിൽ കുറ്റിയടിച്ച് കെട്ടിയിടും. പൈക്കിടാങ്ങളും ഞങ്ങളും പറമ്പിൽ തുള്ളിച്ചാടി നടക്കും. വീട്ടിലു പിടിച്ച് മാടത്തക്ക് കൊടുക്കും.
മറ്റുമാടത്തകളുടെ ശബ്ദം കേട്ടാൽ ലിസിച്ചേച്ചി ഉടനെ തന്നെ മാടത്തയെ വടിയിൽ കയറ്റിയിരുത്തും. ഇല്ലെങ്കിൽ അവയ്ക്കൊപ്പം ഈ മാടത്തയും പറന്നുപോവുമത്രേ. പണ്ടൊരു മാടത്ത അങ്ങനെ പറന്നു പോയത്രേ .
വേനലിനു ശേഷം ആദ്യത്തെ മഴ പെയ്യുമ്പോഴാണ് സന്തോഷം. പാടത്ത് വെള്ളം നിറയും.ലിസിച്ചേച്ചിക്കൊപ്പം പാടത്ത് വെള്ളം ചവിട്ടിത്തെറിപ്പിച്ച് മഴ നനഞ്ഞു നടക്കാൻ എന്തു രസമാണെന്നോ.
ഒരിക്കൽ മീമനാ മറ്റത്തിലെ പറമ്പിൽ രണ്ട് ആഞ്ഞിലിമരം വെട്ടി. രണ്ടു കൂറ്റൻ മരങ്ങൾ.തടി വലിച്ച് റോഡിൽ കയറ്റാൻ എത്തിയത് രണ്ട് കൊമ്പനാനകൾ.
കൊലകൊമ്പന്മാരാണത്രേ. പാപ്പാന്മാരെ കുത്തിക്കൊന്നിട്ടുണ്ട്. അകലെ നിന്ന് കണ്ടാൽ മതി. ലിസിച്ചേച്ചിയുടെ മുഖത്ത് പതിവില്ലാത്ത ഭീതി. ഞങ്ങൾ ചേച്ചിയുടെ പിന്നിലേക്ക് മാറി നിന്നു. കൊമ്പനാനകൾ കുത്തിയും ,പിടിയാനകൾ കൊമ്പില്ലാത്തതു കൊണ്ട് ചിവിട്ടിയുമാണത്രേ ആളുകളെ കൊല്ലുന്നത്. ചേച്ചി പറഞ്ഞു. ആദ്യമായി ആനയെ കാണുന്ന എനിക്കതൊരു പുതിയ അറിവായിരുന്നു.
ആനയുടെ കഴുത്തിൽ കയറിയിരുന്ന് തല്ലി പണി ചെയ്യിപ്പിക്കുന്ന പാപ്പാനോടും. നീളമുള്ള തോട്ടി ആനപ്പുറത്തു ചാരി ആനയുടെ കാലിനിടയിലൂടെ നടക്കുന്ന പാപ്പാന്റെ സഹായിയോടും വല്ലാത്ത ആദരവു തോന്നി... എന്തൊരു ധൈര്യം.
       വീടു നോക്കാൻ പലരും വന്നു. ചിലർക്ക് വീട് ഇഷ്ടമായില്ല. അല്ലെങ്കിൽ വില കൊണ്ട് പറ്റുന്നില്ല. ഇതിനിടയിലാണ് എന്റെ സ്വതന്ത്ര സഞ്ചാരത്തിന് കുരുക്കു വീഴുന്നത്.
അമ്മ അച്ഛനോട് ചോദിച്ചു. ചെറുക്കനെ ആശാന്റെയടുത്ത് വിടണ്ടേ ?
വേണം. അച്ഛന്റെ മറുപടി.
പറമ്പിൽ നിന്ന് കരിമ്പനയുടെ കമ്പോലയൊന്ന് അച്ഛൻ വെട്ടി മുറ്റത്തിട്ടുണങ്ങി. കീറി ചെറിയ കഷണങ്ങളാക്കി. ആശാൻ അതിലത്രേ നാരായം കൊണ്ട് അക്ഷരങ്ങൾ എഴുതിത്തരുന്നത് അമ്മ പറഞ്ഞ് മനസ്സിലാക്കിത്തന്നു.
ഒരു ദിവസം രാവിലെ അമ്മ നേരത്തേ വിളിച്ചുണർത്തി. സൂര്യൻ ഉദിച്ചിട്ടില്ല. അമ്മ തണുത്ത വെള്ളത്തിൽ ഇഞ്ച തേച്ച് കുളിപ്പിച്ചു. നിക്കറും ഷർട്ടുമിടീപ്പിച്ചു.
കുട്ടികളുടെ നാവിലെഴുതുന്ന ദിവസമാണത്രേ .നിന്നെ നാവിലെഴുതിപ്പിക്കാൻ കൊണ്ടു പോവുകയാണ്. എന്തോ വലിയ കാര്യത്തിനാണ് പോകുന്നത് .കുറെ ദൂരം പോകാനുണ്ട് ഇത്രയും കാര്യങ്ങൾ എനിക്ക് മനസ്സിലായി.
അച്ഛനൊരു പഴയ റാലി സൈക്കിളുണ്ട്. അതിലാണ് യാത്ര. സൈക്കിളിന്റെ മുന്നിലിരുന്ന് യാത്ര ചെയ്യുന്നത് എനിക്കിഷ്ടമാണ്. കുറേ ദൂരം യാത്ര ചെയ്തു. ഒടുവിൽ പനയാരംപിള്ളിൽ അച്ചന്റെ വീട്ടിലെത്തി. നല്ല പ്രായമുള്ള ഒരു വൈദികൻ. അച്ചൻ റിട്ടയർമെൻറിനു ശേഷം വിശ്രമ ജീവിതത്തിലാണ് എന്ന് അന്നെനിക്കറിയില്ലായിരുന്നു.
എന്താ മോന്റെ പേര്?
ജോസഫ്‌  ഞാൻ പറഞ്ഞു
അച്ചൻ അകത്തു പോയി ഒരു ടിന്നുമായി തിരിച്ചെത്തി. അതു തുറന്ന്  മിഠായിയും ,കശുവണ്ടിപ്പരിപ്പും എനിക്കു തന്നു.
എനിക്ക് അച്ചനെ ഇഷ്ടമായി .
അച്ചനെന്നോട് വായ തുറന്ന് നാവു നീട്ടാൻ പറഞ്ഞു. ഞാൻ നാവു നീട്ടി.
ശ്രീയേശു നമ:ഹ:അച്ചൻ നാവിൽ എഴുതി. എന്റെ തലയിൽ കൈവെച്ച് പ്രാത്ഥിച്ചു.
നാവിലെഴുത്തു കഴിഞ്ഞു ... ഞാൻ സന്തോഷത്തോടെ മിഠായിയും. കശുവണ്ടിപ്പരിപ്പും കഴിച്ചു.
     ..................................
ആശാൻ കളരിയും കൊപ്രാ അട്ടിയും ഒന്നിച്ചാണ് .ഓലമേഞ്ഞ ചെറിയൊരു ഷെഡ്. നാരയണനാശാൻ കണിശക്കാരൻ. മറ്റൊന്നും എനിക്കോർമയില്ല.മുറ്റം നിറയെ തേങ്ങ വെട്ടി ഉണങ്ങാൻ നിരത്തിയിരിക്കുന്നു. ആശാൻ മണലിൽ എന്റെ ചൂണ്ടുവിരൽ ഊന്നി എഴുതിക്കുകയാണ് .അ...... ആ..... ഇ..... ഈ.... കണ്ണിൽ നിന്ന് ഈച്ച പറക്കുന്ന പോലെ .തുടയിൽ നാരായത്തിന്റെ പാട്.
ഞാൻ ഓടുകയാണ്. തോടിന്റെ പാലം കടന്ന് ഉറക്കെ കരഞ്ഞുകൊണ്ട് വീട്ടിലേക്ക്. എത്ര ദിവസം ആശാൻ കളരിയിൽ പോയി എന്നോർമയില്ല. പക്ഷേ പിന്നീടാരും ആശാൻ കളരിയിൽ പോകാൻ എന്നെ നിർബന്ധിച്ചില്ല.
അമ്മ പറഞ്ഞു മോശമായിപ്പോയി നീ ആശാനെ തെറി വിളിച്ച് പോന്നല്ലോടാ
എനിക്കൊന്നും മനസ്സിലായില്ല .തെറിയോ അതെന്താണ്?
എന്തോ വലിയ കുറ്റമാണ് ചെയ്തത് എന്നെനിക്ക് മനസ്സിലായി .എന്നാലും കുഴപ്പമില്ല ,ഇനി ആശാൻ കളരിയിൽ പോയി നാരായം കൂട്ടി പിച്ച് വാങ്ങണ്ടല്ലോ.
............................................. .....
പക്ഷേ അന്നത്തോടെ എനിക്കെന്റെ ഉറ്റ ചങ്ങാതിയെ നഷ്ടമായി. അമ്മ കട്ടായം പറഞ്ഞു .ഇനി  കുട്ടപ്പായിക്കൊപ്പം കറങ്ങി നടക്കേണ്ട. അവനാ നിന്നെ തെറി പഠിപ്പിച്ചത്. നാലാം ക്ലാസ്സിൽ തോറ്റ് പഠിത്തം നിറുത്തിയ കുട്ടപ്പായി.രണ്ട് പോത്തുകളെ കയറിടാതെ തോട്ടിൽ  കൊണ്ടുപോയി കളിപ്പിച്ച് തിരിച്ചു കൊണ്ടുവരുന്ന കുട്ടപ്പായി.
പോത്തിന്റെ പുറത്ത് യാത്ര ചെയ്യുന്ന കുട്ടപ്പായി. പ്ലാവിലെ ചക്കയുടെ മുളഞ്ഞീൻ ഉരുക്കി ചിരട്ടയിൽ പുരട്ടി പോത്തിന്റെ പുറത്തു വച്ച് പൊൻമാനെ പിടിക്കുന്ന കുട്ടപ്പായി. കുളിപ്പിക്കാൻ തോട്ടിൽ കിടത്തുന്ന പോത്തിന്റെ പുറത്ത്  മുളഞ്ഞീൻ ഉരുക്കിയൊഴിച്ച ചിരട്ട വച്ച് കുട്ടപ്പായിയും ഞാനും തോട്ടിറമ്പിലെ പൊന്തയ്ക്കു പിന്നിൽ ഒളിച്ചിരിക്കും.
ചിരട്ടയിൽ ഇരിക്കാത്ത പൊൻമാനെ നോക്കി, ചിരട്ട തട്ടിമറിച്ച് കടന്നു കളയുന്ന പൊൻമാനെ നോക്കി കുട്ടപ്പായി ഒരു വാക്കു പറയും. ഒപ്പം ഞാനും. കുട്ടപ്പായി തോട്ടിൽ ചൂണ്ടയിടും. ചില മീനുകൾ ചൂണ്ടയിലുടക്കാതെ ഇരയും കൊത്തി പാഞ്ഞുകളയും. അപ്പോഴും കുട്ടപ്പായി ഇതേ വാക്കു പറയും ഒപ്പം ഞാനും. ദേഷ്യം വരുമ്പോൾ പറയാനൊരു വാക്ക്. അതിനപ്പുറം അതെന്താണെന്ന് എനിക്കറിയില്ലായിരുന്നു.
അന്ന് ആശാൻ നാരായം തുടയിലിറുക്കിയപ്പോൾ ഞാൻ പറഞ്ഞത് ആ വാക്കായിരുന്നു.
പിന്നീട് കുട്ടപ്പായി പോത്തിന്റെ പുറത്തിരുന്ന് വീടിനു മുന്നിലെ മൺ വഴിയിലൂടെ പോകുന്നത് പലപ്പോഴും ഞാൻ കണ്ടു. ചിലപ്പോൾ തിരിച്ചു വരുമ്പോൾ ചിരട്ടയിൽ കാലൊട്ടിയ പൊൻമാനുമുണ്ടാകും ഒരു പോത്തിന്റെ പുറത്ത്.വീടിന്റെ ഉമ്മറത്തു നിന്ന് ഞാൻ കുട്ടപ്പായിയെ നോക്കും. അമ്മ പരിസരത്തെങ്ങും ഇല്ലെന്ന് ഉറപ്പാണെങ്കിൽ കുട്ടപ്പായി കൈവീശി കാണിക്കും.പൊൻമാനെ ഉയർത്തിക്കാണിക്കും. അമ്മയുണ്ടെങ്കിൽ പരിചയം കാണിക്കുക പോലുമില്ല. .... അപ്പൊഴൊക്കെ ഞാനറിയാതെ ഒരു തുള്ളി കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങും. കുട്ടപ്പായിയെ അമ്മ എന്നെ തെറി പടിപ്പിച്ചതിന് വഴക്കു പറഞ്ഞിട്ടുണ്ടാവും .തീർച്ച....
.........................
എല്ലാവരും എഴുത്ത് നിറുത്ത്. പിഷാരടി ടീച്ചറുടെ ശബ്ദം ക്ലാസ്സിൽ മുഴങ്ങി. ഞാൻ സ്വപ്നത്തിൽ നിന്നെന്ന പോലെ ഞെട്ടിയെണീറ്റു. ടീച്ചർ കൈ നീട്ടി. ഞാൻ എഴുതിയ കടലാസ് നൽകി. എന്റെ പേരും ഓർമ്മയിൽ നിൽക്കുന്ന അനുഭവമായി ഒരു കുത്തും മാത്രമുള്ള കടലാസ് .എന്റെ ശിരസ്സ് കുനിഞ്ഞിരുന്നു. കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. പിന്നീടൊരിക്കലും ടീച്ചർ അതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഒരുപക്ഷേ ഒരുപാടു കാര്യങ്ങൾ എന്നെ ഓർമ്മിപ്പിച്ച  ആ കടലാസ് ടീച്ചറുടെ കൈയിൽ ഏറെക്കാലമിരുന്നിട്ടുണ്ടാവും. ....
                         2
അമ്മവീടിനടുത്തുള്ള ബാപ്പുജി ഇംഗ്ലീഷ്‌ മീഡിയം നഴ്സറി സ്കൂളിലാണ് ഇനി എന്നെ ചേർക്കാൻ പോകുന്നത് ,അമ്മ പറഞ്ഞു. ഒരു ദിവസം രാവിലെ അച്ഛന്റെ പഴയ റാലി സൈക്കിളിൽ  ഞാനും അച്ഛനും  നഴ്സറിയിലേക്ക് യാത്ര പുറപ്പെട്ടു. അമ്മ എന്റെ ഉടുപ്പും നിക്കറുമെല്ലാം ഒരു സഞ്ചിയിലാക്കി സൈക്കിളിന്റെ ഹാന്റിലിൽ തൂക്കിയിട്ടു. കിഴകൊമ്പിലാണ് അമ്മവീട്. ഇനി മുതൽ എന്റെ താമസം അമ്മ വീട്ടിലാണ് . അച്ഛൻ നഴ്സറി സ്കൂളിലേക്ക് സൈക്കിൾ ചവിട്ടി .സുമയും, രമയും, അനിയനും, കുട്ടപ്പായിയും, ലിസിച്ചേച്ചിയും, മാടത്തയും, പൈക്കിടാങ്ങളും, ഊഞ്ഞാലും എന്നിൽ നിന്ന് അകന്നകന്നു പോകുന്നത് ഒരു വിങ്ങലോടെ ഞാനോർത്തു. ബാപ്പുജി ഇംഗ്ലീഷ് മീഡിയം നഴ്സറി സ്ക്കൂൾ വെള്ള ബോർഡിൽ കറുത്ത അക്ഷരങ്ങൾ .താഴെ കിഴകൊമ്പ് പി.ഒ. ചെറുതായി  എഴുതിയിരിക്കുന്നു. എനിക്ക് വായിക്കാൻ അറിയില്ല. പക്ഷേ അമ്മ പറഞ്ഞത് അങ്ങനെയാണല്ലോ.  എന്റെ പുതിയ വിദ്യാലയം. ....നഴ്സറി സ്കൂൾ ഒരു വാടക വീട്ടിലാണ് പ്രവർത്തിക്കുന്നത്. മൂന്നു മുറികളുള്ള ഒരു വീട്. ഒരു മുറിയിൽ കുട്ടികൾക്ക്  കളിക്കാൻ തടികൊണ്ടുള്ള അടുന്ന മയിൽ, അടുന്ന ആന, മൂന്നു ചക്രമുള്ള ഒരു സൈക്കിൾ അങ്ങനെ പലതുമുണ്ട്. കുട്ടികൾ അതിൽ കയറാൻ ബഹളം കൂട്ടുന്നുണ്ട്. ഒരു കുറ്റവാളിയേപ്പോലെ ഞാൻ അച്ഛന്റെ കൈ പിടിച്ച് ടീച്ചർക്കു മുന്നിൽ നിന്നു. എൽസി ടീച്ചർ ചെറുപ്പക്കാരിയാണ്. ആശാനേപ്പോലെ വയസ്സനല്ല. മുന്നിൽ മണലും കൈയിൽ തുടക്കു പിച്ചാൻ നാരായവുമില്ല. എനിക്കാരേയും പരിചയമില്ല. അച്ഛൻ പറയുന്നതനുസരിച്ച് ടീച്ചർ രജിസ്റ്ററിൽ എന്റെ പേരും വിലാസവും എഴുതി. പോക്കറ്റിൽ നിന്ന് രൂപയെടുത്ത് ഫീസും നൽകി. ഇനി രക്ഷയില്ല. അച്ഛൻ എന്നെ സ്കൂളിലാക്കി പോകാൻ തുടങ്ങുകയാണ് . എനിക്ക് കരച്ചിൽ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഞാൻ അമ്മയേ വിളിച്ച് ഉറക്കെ കരയാൻ തുടങ്ങി.
ടീച്ചർ  അച്ഛനോട് പറഞ്ഞു ചേട്ടൻ  പോയ്ക്കോ  ഞങ്ങൾ നോക്കിക്കൊള്ളാം.
അച്ഛൻ പോയി എന്റെ കരച്ചിലിന്റെ ശക്തി കൂടി. ഇടയ്ക്ക് ഓടി രക്ഷപെടാൻ ഒരു ശ്രമവും നടത്താതിരുന്നില്ല. അവരെന്നെ തൊട്ടടുത്ത ഒരു മുറിയിലാക്കി. എന്നേപ്പോലെ ഒന്നു രണ്ടു കരച്ചിലുകാർ ആ മുറിയിലുണ്ടായിരുന്നു. ഞങ്ങൾ കൂട്ടത്തോടെ കണ്ണടച്ചുപിടിച്ച് ഏങ്ങലടിച്ച് കരയാൻ തുടങ്ങി. ടീച്ചർ ആശ്വസിപ്പിക്കാൻ പറഞ്ഞതൊന്നും ഞങ്ങൾ കേട്ടതേയില്ല.
കൂട്ടുകാരൊക്കെ ഒന്നു രണ്ടു ദിവസങ്ങൾ കൊണ്ട് കരച്ചിൽ നിർത്തി നല്ല കുട്ടികളായി.
ഞാൻ മാത്രം  ആഴ്ചകളോളം കരച്ചിൽ തുടർന്നു.
നഴ്സറി സ്കൂളിലെത്താൻ  റോഡിൽ നിന്ന് രണ്ടാൾ ഒന്നിച്ചു നടന്നാൽ  കൂട്ടിമുട്ടുന്ന, മഴക്കാലമായാൽ വെള്ളം കുത്തിയൊഴുകുന്ന ചെറിയ വഴിയിലൂടെ ഇത്തിരി ദൂരം നടക്കണം. ആ വഴിയിൽ ഓരത്തായി ഒരു ട്രാൻസ്ഫോർമർ   ഉണ്ട്. എപ്പോഴും മൂളലിന്റെ ശബ്ദം കേൾക്കാം.കറന്റ്  ഭയങ്കര അപകടകാരിയാണ്. അടുത്തു ചെന്നാൽ പിടിച്ചു നിർത്തി വിറപ്പിച്ച് കൊന്നുകളയും. കഴിഞ്ഞ ദിവസം  ട്രാൻഫോമറിൽ നിന്ന് പോകുന്ന കറണ്ട് കമ്പിയിൽ തട്ടിയ കാക്ക പിടഞ്ഞു മരിക്കുന്നത്  ഞങ്ങൾ കുട്ടികൾ കണ്ടതാണ്.
നെഴ്സറി സ്കൂളിനു സമീപത്തായി ഒരു ചായക്കട, പലചരക്കുകട, റേഷൻ കട,കള്ളുഷാപ്പ്,തയ്യൽക്കട എന്നീ സ്ഥാപനങ്ങളുണ്ട്. തയ്യൽക്കടയിലെ പെണ്ണുങ്ങൾ ടീച്ചറുടെ കൂട്ടുകാരാണ്. അതിൽ ചില പെണ്ണങ്ങൾ ഞങ്ങളുടെ ആനപ്പുറത്തും ,മയിലിലും ഒക്കെ കയറിയിരുന്നാടും.ചെറിയ കുട്ടികളാണെന്നാ വിചാരം. ഒരുത്തി കയറിയാടി മയിൽ തലകുത്തി മറിഞ്ഞു. അവളുടെ മുട്ടു പൊട്ടി മയിലിന്റെ തലയുമൊടിഞ്ഞു. ടീച്ചറു പറഞ്ഞു ആരോടും പറയണ്ട..... മയിലിന്റെ തലയൊടിച്ചിട്ട് ആരോടും പറയണ്ടന്ന്. ഞാനെല്ലാവരോടും പറഞ്ഞു. കുഞ്ഞാച്ചനോടും,വല്യപ്പനോടും, മുത്തമ്മയോടും... എല്ലാവരോടും.
ഉച്ചയ്ക്ക് ചോറ്റുപാത്രത്തിലെ ചോറുതിന്നുന്നത് എനിക്കിഷ്ടമല്ല. ഒരു അവിഞ്ഞ മണമാണ് ചോറിന്.അമ്മവീട്ടിൽ വാങ്ങുന്നത് റേഷനരിയാണ്. മുത്തമ്മ അരി മുറത്തിലിട്ടു പാറ്റും .കുറേ കുത്തനുകൾ (കറുത്ത വണ്ടുകൾ ) ,പുഴുക്കൂടകൾ ,നെല്ല്, കല്ല്, കറുത്ത അരി എല്ലാമുണ്ടാവും റേഷനരിയിൽ .മുത്തമ്മ അരി പാറ്റുമ്പോൾ കുത്തനും ,കല്ലും, നെല്ലും ,പുഴുക്കൂടും എല്ലാം തിരിഞ്ഞു തിരിഞ്ഞു വരും.മുത്തമ്മ ആദ്യം കല്ല് പിന്നെ നെല്ല് ,പിന്നീട് പുഴുക്കൂടും കുത്തനും ക്രമത്തിൽ മുറത്തിൽ നിന്ന് പുറത്തേക്ക് പാറ്റി തെറുപ്പിച്ചു കൊണ്ടിരിക്കും. അത് കൊത്തിത്തിന്നാൻ കോഴികൾ ബഹളം കൂട്ടും.കറുമ്പിപ്പിടക്ക് ആരേയും കൂസലില്ല. പൂവന്മാരെ വരെ കൊത്തിയോടിച്ച്  കുത്തനും , നെല്ലും അകത്താക്കും. മുറത്തിൽ റേഷനരി ചികഞ്ഞ് നെല്ലും, പുഴുക്കൂടും, കുത്തനും പറുക്കി കോഴിക്കിട്ടു കൊടുക്കുന്നത് എനിക്കിഷ്ടമാണ്.
നഴ്സറിയിൽ ഉച്ചക്ക് ഊണു കഴിഞ്ഞ്  ഞങ്ങളെയെല്ലാം കിടത്തിയുറക്കും. തഴപ്പായ നിരത്തി വിരിച്ച് അതിലാണ് ഞങ്ങളെ കിടത്തുക . ... ഞാനുറങ്ങാറില്ല. ഉച്ചയ്ക്കുറങ്ങുന്നത് എനിക്കിഷ്ടമല്ല. പോരാത്തതിന് പായയിൽ മൂട്ടയുണ്ട്.... ഉറങ്ങുന്ന പലരും മൂട്ട കുത്തുമ്പോൾ ചാടിയെണീറ്റിരിക്കുന്നത് കാണാം. .. വാതിൽ അകത്തുനിന്ന് കുറ്റിയിട്ട് ടീച്ചറും മിക്ക ദിവസങ്ങളിലും കുട്ടികൾക്കൊപ്പം സുഖമായുറങ്ങുന്നതു കാണാം...
വൈകിട്ട് ക്ലാസ്സ് കഴിയുമ്പോൾ സന്തോഷമാണ് . എല്ലാ ദിവസവും വീട്ടിൽ പോകും മുമ്പ് ജനഗണമന പാടണം. .. ജനഗണമന പാടാൻ എനിക്ക് സന്തോഷമാണ്. പാടിക്കഴിഞ്ഞാൽ വീട്ടിൽ പോകാമല്ലോ....
വൈകുന്നേരം കൊണ്ടുപോകാൻ വരുന്നത് റോസിലിയാന്റിയാണ് ..... റോസിലിയാന്റി തയ്യൽ പഠിക്കുന്നു. കെട്ടിച്ചു വിടാൻ ആലോചിക്കുന്നുണ്ട്. പലരും പെണ്ണു കാണാൻ വന്നു. പക്ഷേ ചെറുക്കന്റെ വീട്ടുകാർ പത്തു പവനും പതിനായിരം രൂപയും ചോദിക്കുന്നു. കൊടുക്കാൻ നിർവാഹമില്ല.. മൂത്തമ്മ മൂന്നാനോട് (വിവാഹദല്ലാൾ) പറയും.... എന്റെ കുഞ്ഞിപ്പാലു .... അരിച്ചുപറുക്കിയാൽ അഞ്ച് പവനും ഒരു നാലായിരം രൂപയുമുണ്ടാക്കാം .. അതിൽ കൂട്ടതലു ചോദിക്കുന്നവരെ ഇങ്ങോട്ട് കൊണ്ടോരല്ലേ..
റോസിലിയാന്റിയെ പെണ്ണുകാണാൻ പിന്നെയും പലരും വന്നു. മുത്തമ്മ പിന്നെയും പിന്നെയും ഉണ്ടയും അച്ചപ്പവുമുണ്ടാക്കി .അവരതെല്ലാം തിന്നു പോയി. ... എനിക്കു സന്തോഷമാണ്.... ഉണ്ടയും, അച്ചപ്പവും ആദ്യം രുചിനോക്കുന്നത് കുട്ടിയായ ഞാനാണ്....
ചില ദിവസങ്ങളിൽ നഴ്സറിയിൽ നിന്ന് തിരികെ വിളിക്കാൻ കുഞ്ഞാച്ചൻ വരും.... കുഞ്ഞാച്ചൻ വന്നാൽ എന്നെ ചായക്കടയിൽ കയറ്റി ചായയും പപ്പടവടയും വാങ്ങിത്തരും. പപ്പടവട കടിച്ചു പൊട്ടിച്ചു തിന്നാൻ രസമാണ്. ചില ദിവസങ്ങളിൽ നെയ്യപ്പമോ, ഉണ്ടംപൊരിയോ ആവും ഉണ്ടാവുക.ചായക്കടയിലെ ചില്ലലമാരയിൽ പലഹാരങ്ങൾ അടുക്കി വച്ചിരിക്കുന്നത് കാണാൻ ഭംഗിമുണ്ട്. ഒറ്റമുണ്ട് മാത്രമുടുത്ത കുടവയറൻ നാണപ്പനാണ് ചായക്കടക്കാരൻ. ചായ ഒരു കപ്പിൽ നിന്ന് മറ്റേ കപ്പിലേക്ക് നീട്ടി യൊഴിക്കുന്നതു കണ്ടാൽ തോന്നും ഇപ്പോൾ കുറേ ചായ താഴെപ്പോകുമെന്ന്. പക്ഷേ പോകില്ല. നാണപ്പന്റെ അച്ഛനും, മുത്തച്ഛനും ചായക്കടക്കാരായിരുന്നത്രേ.
ചായക്കടയുടെ അടുത്തു തന്നെയാണ് കള്ളുഷാപ്പ് .അതിനകത്ത് കയറണമെന്ന് എനിക്ക് ആഗ്രഹമുണ്ട്..... ഒരിക്കൽ കുഞ്ഞാച്ചനോട് ഞാൻ ചോദിച്ചു. നമുക്കതിനകത്തൊന്നു കയറിയാലോ.
കുഞ്ഞാച്ചൻ പറഞ്ഞു വേണ്ട കുടിയന്മാരാണ് അതിനകത്ത് കേറുന്നത്... കുട്ടികൾ കയറാൻ പാടില്ല... പക്ഷേ അമ്മേ ടച്ഛനും ഇന്നാളൊരിക്കൽ  അച്ഛനും ഒരിക്കൽ കുഞ്ഞാച്ചനും ഷാപ്പിൽ നിന്ന് ഇറങ്ങി വരുന്നത് ഞാൻ നഴ്സറിയിൽ നിന്ന്  കണ്ടതാണ്. എനിക്കൊന്നുമറിയില്ലന്നാണ് കുഞ്ഞാച്ചന്റെ വിചാരം...
ഉറപ്പായും വലുതാകുമ്പോൾ ഒരു കുടിയനാകും  ഷാപ്പിൽ  കയറുകയും ചെയ്യും  .. ഞാൻ മനസ്സിൽ പറഞ്ഞു.
............................................. ..

Comments

Popular posts from this blog

മദ്യവും മയക്കുമരുന്നും മാറുന്ന യുവതലമുറയും

Relationship between Parents and child. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം

Communalism and Indian Politics (വർഗ്ഗീയതയും ഇന്ത്യൻ ജനാധിപത്യവും )