Relationship between Parents and child. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം
മാതാ,പിതാ, ഗുരു ,ദൈവം എന്നത് മഹത്തായ ഒരു ഭാരതീയ സങ്കല്പമാണ് . ഒരു കുട്ടി എങ്ങനെ തന്റെ കുടുംബത്തോട് ബന്ധമുള്ളവനാണ് എന്നാണ് ഈ വാചകം സൂചിപ്പിക്കുന്നത്.ജനിച്ചു വീഴുന്ന ഒരു കുഞ്ഞിന് എല്ലാം അവന്റെ മാതാവാണ്. അമ്മയുടെ ഒക്കത്തിരിക്കുന്ന ഒരു കുഞ്ഞിന് ഒന്നിനേയും ഭയമില്ല. ലോകത്തിന്റെ ബാലപാഠങ്ങൽ അമ്മിഞ്ഞപ്പാലിനൊപ്പം അമ്മയിൽ നിന്ന് അവൻ സ്വായത്തമാക്കുന്നു. ഒരു കുഞ്ഞിന് കരുത്തിന്റെ പ്രതീകം, കാര്യപ്രാപ്തിയുടെ ഉത്തമോദാഹരണം അവന്റെ പിതാവാണ്. ഒരുവന് ബാല്യത്തിൽ മാതാപിതാക്കളെ വിട്ട് കുടുംബത്തെ മാറ്റി നിർത്തി മറ്റൊരു ലോകത്തേക്കുറിച്ച് ചിന്തിക്കാനേ കഴിയില്ല.
അവൻ വളരുന്നതിനൊപ്പം അവന്റെ ലോകം മാതാപിതാക്കൾക്കും കുടുംബത്തിനും പുറത്തേക്ക് വളരുന്നു. കാലം അനിവാര്യമാക്കുന്ന ഈ പരിവർത്തനം അതവനിൽ നടക്കേണ്ടതുതന്നെയാണ്. സഹപാഠികൾ, കൂട്ടുകാർ, അധ്യാപകർ, നാട്ടുകാർ ഇങ്ങനെ നിരവധിയാളുമായി അവൻ ഇടപഴകുന്നു. പുതിയ പാoങ്ങളും ,ലോകവും, ശരിതെറ്റുകളും അവൻ തിരിച്ചറിയുന്നു.
ഇവിടയെല്ലാം അവന്റെയൊപ്പം, അവൾക്കൊപ്പം മനസ്സുകൊണ്ടെങ്കിലും സഞ്ചരിക്കുവാൻ മാതാപിതാക്കൾ ക്കാവുന്നുണ്ടോ എന്നതാണ് പ്രശ്നം. മക്കൾ വളരുന്നത് പല മാതാപിതാക്കളും തിരിച്ചറിയുന്നില്ല. എന്നുമവരെ സ്നേഹത്തിന്റെ പഴയ നൂൽ ചരടിൽ തങ്ങളുടെ ശരിതെറ്റുകളുടെ ലോകത്ത് കെട്ടിയിടാനാണ് മാതാപിതാക്കളുടെ ശ്രമം.
മക്കൾ ആവശ്യപ്പെട്ടാലും ഇല്ലങ്കിലും തങ്ങൾക്ക് ചെറുപ്പകാലത്ത് ലഭിക്കാതെ പോയതെല്ലാം മക്കൾക്ക് കൊടുക്കാൻ എല്ലാ മാതാപിതാക്കളും ശ്രമിക്കുന്നു. എന്നിട്ടവരോട് തങ്ങളുടെ കഷ്ടപ്പാടിന്റെ കണക്കു പറയും ഒപ്പം കുറെ പഴം പുരാണങ്ങളും . ഓരോ കാലഘട്ടത്തിനും അതിന്റേതായ പ്രത്യേകതകളും ജീവിത രീതികളുമുണ്ടെന്ന് മാതാപിതാക്കൾക്കറിയാം . പക്ഷെ അതിന്റെ നേരെ സൗകര്യപൂർവ്വം കണ്ണടക്കും. എന്നിട്ട് ഹിറ്റ്ലറേപ്പോലെ അങ്ങ് പ്രഖ്യാപിക്കും ഞങ്ങളാണ് കാരണവന്മാർ ഞങ്ങൾ പറയുന്നത് ഈ കുടുംബത്തില്ലള്ളവരെല്ലാം അനുസരിച്ചാൽ മതി. പണ്ട് ഞങ്ങളുടെ കാർന്നോന്മാരുടെ നേരെ നിന്ന് സംസാരിക്കാൻ പോലും ഞങ്ങൾക്ക് പേടിയായിരുന്നു. ഇപ്പോൾ ഇവർ മക്കൾ കാണിക്കുന്നത് കാണുന്നില്ലേ?. പറയുന്നത് മക്കളോടായതു കൊണ്ട് കഴപ്പമില്ല. കാരണം നമ്മുടെ ഒരു സാമൂഹ്യ വ്യവസ്ഥിതിവച്ച് ഇരുപത് ,ഇരുപത്തിരണ്ട്, ഇരുപത്തിനാല് വയസ്സുവരെ വിദ്യാഭ്യാസം : അതുവരെ എന്തിനും ഏതിനും മാതാപിതാക്കളുടെ പോക്കറ്റു തന്നെ ആശ്രയം എന്നാണല്ലോ. ചില മക്കൾ ഒന്നും പ്രതികരിക്കില്ല മറ്റു ചിലർ പൊട്ടിത്തെറിക്കും രണ്ടായാലും കുഴപ്പമാണ് .പ്രതികരിക്കാത്തവർ വായിൽ നാക്കില്ലാത്തവരും പ്രതികരിക്കുന്നവർ താന്തോന്നികളുമാണ്. ഇവിടെ നാം ആരെയാണ് പഴിക്കേണ്ടത് .സ്വന്തം സ്വപ്നം പൂവണിയിക്കാനായോ, മാതാ പിതാക്കളുടെ സ്വപ്നം സാക്ഷാൽക്കരിക്കാനോ ആയി വിദ്യാഭ്യാസം ചെയ്ത് തളരുന്ന മക്കളേയോ അതോ കുടുംബത്തിന്റെ മുഴുവൻ ഭാരവും
ഒറ്റയ്ക്കു പേറി ക്ഷമ നാശച്ചു നിൽക്കുന്ന മാതാപിതാക്കളേയോ അതോ ഇതിലേക്കൊക്കെ നമ്മെ നയിക്കുന്ന സാമൂഹിക വ്യവസ്ഥിതിയേയോ?
മക്കളുമായുള്ള ദൃഢമാക്കാൻ മാതാപിതാക്കൾ ചെയ്യേണ്ടത് -
a) ചെറുപ്രായത്തിലുള്ള മക്കളുടെ താല്പര്യങ്ങളറിഞ്ഞ് അവരോടിടപഴകുക.-
മാതാപിതാക്കളിൽ എത്ര പേർക്ക് മരത്തിൽ കയറാനറിയാം? എത്ര പേർക്ക് മാവിൽ നിന്ന് മാങ്ങ എറിഞ്ഞു വീഴ്ത്താനാകും? എത്രയാൾക്ക് നീന്തുവാനറിയാം? എത്രയാൾക്ക് മീൻപിടിക്കാൻ വശമുണ്ട്? എത്രയാൾക്ക് കമ്പ്യൂട്ടർ ഗയിം കളിക്കാൻ താല്പര്യമുണ്ട്? എത്രയാൾക്ക് മക്കൾക്ക് കഥ പറഞ്ഞുകൊടുക്കുവാൻ സമയമുണ്ട്. ആർക്കൊക്കെ മക്കൾ പറയുന്നത് കേൾക്കാൻ താല്പര്യമുണ്ട് ? എത്രയാൾ മക്കൾക്കൊപ്പം ഭക്ഷണം കഴിക്കുന്നുണ്ട്?
പലതിന്റെയും ഉത്തരം ഇല്ല എന്നു തന്നെയാവും. നിങ്ങളുടെ കുട്ടിയുടെ ശ്രദ്ധ വിഷയങ്ങളിലൊക്കെയാണ് . തിരക്കുമൂലം ഒന്നിനും സമയം കിട്ടാത്തതാണ് മാതാപിതാക്കളുടെ പ്രശ്നം . നിങ്ങളാര് കുടുംബത്തിനു വേണ്ടി പണം സമ്പാദിക്കുന്ന വെറും യന്ത്രമോ. യന്ത്രങ്ങൾക്ക് മനുഷ്യത്വമുണ്ടോ.
b) എല്ലാം ഒറ്റയ്ക്കു ചെയ്യാതെ മക്കൾക്കു പറ്റുന്ന കാര്യങ്ങളിലൊക്കെ അവരേക്കൂടി പങ്കാളികളാക്കുക-
ചില മാതാപിതാക്കൾക്ക് ഒരു ധാരണയുണ്ട് ചെറിയ കാര്യങ്ങളാണെങ്കിൽ കൂടി അത് തങ്ങൾ തന്നെ ചെയ്താലെ ശരിയാവുയെന്ന് അതിനാലവർ കുട്ടികളെ ഒന്നിനും പങ്കാളികളാക്കാതെ മാറ്റി നിർത്തും. പൂർണ്ണതാവാദികകളായ ഇത്തരം മാതാപിതാക്കൾ കുട്ടികളുടെ ക്രിയാത്മക ശേഷിയെ ചെറുപ്പത്തിലേ തന്നെ നശിപ്പിക്കുകയാണ്. ഒന്നു മനസ്സിലാക്കുന്നത് നന്നായിരിക്കും അവസരങ്ങൾ ലഭിക്കാതെ ആർക്കും വളരുവാൻ കഴിയില്ല .കുട്ടിയുടെ ആദ്യവേദി കുടുംബമാണ് മാതാപിതാക്കൾ വിധികർത്താക്കളും . അവിടെ അവൻ കഴിവുകെട്ടവനെന്ന് വിധിയെഴുത്തുണ്ടായാൽ അതവന്റെ ഭാവി ജീവിതത്തെ വിപരീതമായി ബാധിക്കും. അവന്റെ ആദ്യവിധി കർത്താക്കൾ അവന്റെ ആജന്മ ശത്രുക്കളും.
C) മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ കുട്ടികളുടെ മനസമാധാനം തകർക്കുന്ന അവസ്ഥയിലേക്ക് വളർത്താതിരിക്കുക - എന്തിനും ഏതിനും തമ്മിൽ വഴക്കിടക്കുന്ന മാതാപിതാക്കൾ സ്വസ്തമായ കുടുംബ ജീവിതത്തെയാണ് തകർക്കുന്നത് .തമ്മിലുള്ള പ്രശ്നങ്ങൾക്ക് കുട്ടികൾക്കു മേൽ കുതിര കയറുന്ന മാതാപിതാക്കളും കുറവല്ല. സ്നേഹവും പരിഗണയും ചെറുപ്പത്തിലേ ലഭിക്കാതെ പോകുന്ന കുട്ടികൾ ഭാവിയിൽ ആരോടും സ്നേ ഹമില്ലാത്തവരും ആരേയും പരിഗണിക്കാത്തവരുമായി മാറിയാൽ അതിൽ അത്ഭുതമില്ല. ക്രിമിനൽ സ്വഭാ വമുള്ള പലരുടേയും ബാല്യം ഒറ്റപ്പെടലിന്റേയും പീഢനത്തിന്റേതു മായിരുന്നു വെന്ന് നമുക്ക് കാണാം.
d) മക്കളുടെ തെറ്റുകൾ തിരുത്തുന്നതിന് മടി കാണിക്കാതിരിക്കുക -
മക്കളുടെ തെറ്റുകൾ ചൂണ്ടിക്കാണി ക്കുന്നതിനും തിരുത്തുന്നതിനും മാതാപിതാക്കൾ മടിക്കേണ്ടതില്ല. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന രീതിയാണ് പ്രധാനം. സ്നേഹത്തോടെ ഒന്നോ രണ്ടോ വാക്കുകൾ പറഞ്ഞ് തിരുത്തേണ്ട പ്രശ്നത്തിന് ബഹളം വച്ച് ആരിലും വാശി ജനിപ്പിക്കേണ്ട കാര്യമില്ല. കാര്യങ്ങളുടെ ശരിതെറ്റുകൾ ബോധ്യപ്പെടുത്തലാണ് പ്രധാനം. മക്കളുടെ വ്യക്തിത്വത്തെ അംഗീകരിക്കുവാനും ,അഭിപ്രായത്തെ മാനിക്കുവാനും മാതാപിതാക്കൾ ശ്രദ്ധിക്കണം.
e) കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മക്കളേ കൂടി അറിയിക്കുക-
സാമ്പത്തിക സ്ഥിതിയേക്കുറിച്ചുള്ള അറിവ് കുട്ടികളിൽ കർത്തവ്യതാബോധം വളർത്തുന്നതിന് കാരണമാകും. താൻ വളർന്ന് ഒരു നിലയിലെത്തേണ്ടത് ഒരാവശ്യമാണ് എന്ന് ബോധ്യമായാൽ അതിനായി അദ്ധ്വാനിക്കാനുള്ള ഒരു മനസ്സ് ഉണ്ടാവുകയെന്നത് സ്വാഭാവികമാണ്. ചെറുപ്പത്തിലേ തന്നെ കുട്ടികൾ സാമ്പത്തിക അച്ചടക്കം ശീലിക്കുന്നതിനും ഇത് കാരണമാകും .
കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്ന് അണുകുടുംബങ്ങളിലേക്കുള്ള ചുവടുമാറ്റം വല്ലാത്തൊരു മാറ്റമാണ് സമൂഹത്തിൽ ഉണ്ടാക്കിയിരിക്കുന്നത് .ചെറുപ്പത്തിൽ മക്കൾക്കൊപ്പം ചെലവഴിക്കാൻ മാതാപിതാക്കൾക്ക് സമയമില്ല. വർദ്ധിക്യത്തിൽ മാതാപിതാക്കളെ തിരിഞ്ഞു നോക്കാൻ പോലും മക്കൾക്ക് സമയമില്ല. ഇന്ത്യയിൽ സമീപകാലത്ത് വൃദ്ധസദനങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ട് ഇത്രയധികം വയോജനങ്ങൾ വൃദ്ധസദനങ്ങളിലെത്തുന്നു എന്ന വിഷയത്തെക്കുറിച്ച് നടത്തിയ പoനങ്ങളുടെ വിവരങ്ങൾ നമ്മുടെ കണ്ണുകൾ തുറപ്പിക്കാൻ പര്യാപ്തമാണ്. മക്കളോ, ബന്ധുജനങ്ങളോ ഇല്ലാത്തതു കൊണ്ട് വ്യദ്ധസദനത്തിലെത്തുന്നവർ 20%, മക്കൾ വിദേശത്തായതു കൊണ്ട് വ്യദ്ധ സദനത്തിലെത്തിയവർ 25% ,മക്കൾ നാട്ടിലുണ്ടായിരുന്നിട്ടും അവർക്ക് നോക്കാൻ പല കാരണങ്ങൾ കൊണ്ട് മനസ്സില്ലാത്തതു കൊണ്ട് വൃദ്ധസദനത്തിലെത്തപ്പെട്ടവരാണ് ബാക്കി 55% ആളുകളും .
നമ്മെ കണ്ടു തന്നെയാണ് നമ്മുടെ മക്കളും പഠിക്കുന്നത്. കാലം ആർക്കും പിടികൊടുക്കാതെ മുന്നോട്ടു ചരിക്കുമ്പോൾ നാമും നാളെ വാർദ്ധിക്യത്തിലെത്തും. അന്ന് നമുക്ക് ...... ...... ഇന്നേ ചിന്തിക്കുന്നത് നന്നായിരിക്കും.
Comments
Post a Comment