Communalism and Indian Politics (വർഗ്ഗീയതയും ഇന്ത്യൻ ജനാധിപത്യവും )
മതത്തിന്റെ അടിസ്ഥാനത്തിൽ ബ്രിട്ടീഷ് ഇന്ത്യയെ വിഭജിച്ച് രൂപീകൃതമായ രാജ്യങ്ങളാണ് ഇന്ത്യയും പാക്കിസ്ഥാനും. മതങ്ങളും ,മതങ്ങളുടെ പേരിൽ ചില സ്വാർത്ഥമതികൾ സൃഷ്ടിക്കുന്ന വർഗ്ഗീയതയും ,അതിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയവും ഇന്ത്യയിൽ സാധാരണമാകുന്ന സാഹചര്യത്തിലാണ് നാം ഇങ്ങനെയൊരു വിഷയത്തേക്കുറിച്ച് ചിന്തിക്കുന്നത്.
- 'എന്താണ് വർഗ്ഗീയത ?-
വർഗ്ഗീയതക്ക് മൂന്ന് ഘടകങ്ങളാണുള്ളത്.
a) ഒരേ വംശീയ വിഭാഗത്തിലുള്ള, മതത്തിലുള്ള ആളുകൾ പൊതുവായ രാഷ്ട്രീയ , സാമ്പത്തിക ,സാമൂഹിക താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു രാഷ്ട്രീയ സമൂഹമായി മാറണം.
b) ഒരു വംശത്തിന്റെ, മതത്തിന്റെ താല്പര്യങ്ങൾ മറ്റു മതങ്ങളുടെ താല്പര്യങ്ങളിൽ നിന്ന് വ്യത്യസ്തമാകണം.
c) വിവിധ വംശങ്ങളുടെ ,മതവിശ്വാസികളുടെ താല്പര്യങ്ങൾ വ്യത്യസ്തവും പരസ്പരം ഉൾക്കൊള്ളാനാവാത്തതും ശത്രുതാ മനോഭാവമുള്ളതുമാകണം.
-വർഗ്ഗീയതയുടെ വിവിധ തലങ്ങൾ -
I. Assimilationist Communalism- ഒരു മതത്തിന്റെ തന്നെ ഭാഗമാണ് അതിന്റെ ആചാരങ്ങളോട് സമാനതയുള്ള മറ്റു വിഭാഗങ്ങളെല്ലാം എന്ന ധാരണ സൃഷ്ടിക്കാൻ ശ്രമിക്കുക ഉദാ: സിക്ക്, ജൈനവിഭാഗങ്ങളിൽ പെടുന്നവരും ഹിന്ദുക്കളെന്ന ധാരണയുണ്ടാക്കുക.കാരണം അവരും ഹിന്ദു സിവിൽ കോഡിന്റെ പരിധിയിൽ വരുന്നവരാണ്.
2. Welfarist Commnualism- മത വിഭാഗത്തിൽപ്പെട്ട ആളുകളുടെ സാമൂഹികമായും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവർ. ഉദാ: ക്രിസ്ത്യൻ മുസ്ലീം മത വിഭാഗങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും നടത്തുന്നത്.
3. Retrealist Communalism - രാഷ്ട്രീയ പ്രവർത്തന ങ്ങളിൽ പങ്കാളികളാ ക്കുന്നതിൽ നിന്നും സ്വന്തം മത വിഭാഗങ്ങളിൽപ്പെട്ടവരെ വിലക്കുക.
4. Retaliatory Communalism - തങ്ങളുടെ മത വിഭാഗങ്ങളിൽ പെടുന്നവർക്ക് ദോഷം വരുത്തുന്നതായി തോന്നുന്ന മറ്റു മത വിഭാഗങ്ങൾക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നവർ.
5 Seperatist Communalism- ഒരു രാജ്യത്തിനുള്ളിൽ ത്തന്നെ തങ്ങൾക്ക് പ്രത്യേക സ്വയം ഭരണ പ്രദേശം വേണമെന്ന് വാദിക്കുന്നവർ. ഉദാ: ബോഡോ, നാഗാ വിഭാഗങ്ങൾ .
6. Secessionist Communalism- തങ്ങൾക്കായി ഒരു പ്രത്യേകരാജ്യം തന്നെ വേണമെന്ന് വാദിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്നവർ . ഉദാ: ഖാലിസ്ഥാൻ വാദികൾ, കാശ്മീർ തീവ്രവാദികൾ .
ഇതിൽ ആദ്യത്തെ മൂന്ന് വിഭാഗങ്ങളിൽപ്പെട്ടവർ വലിയ പ്രശ്നക്കാരല്ല. മറിച്ച് അതത് മത വിഭാഗങ്ങളിൽ പിന്നോക്കം നിൽക്കുന്നവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവരുമാണ് . എന്നാൽ അവസാനത്തെ മൂന്നു വിഭാഗങ്ങളിൽ പ്പെടുന്നവർ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നവരും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും, പുരോഗതിക്കും തടസ്സം നിൽക്കുന്നവരുമാണ്.
ഇന്ത്യൻ രാഷ്ട്രീയവും വർഗ്ഗീയതയും നാം പരിശോദിക്കുമ്പോൾ നമുക്ക് ബോധ്യമാകുന്നത് വളരെ രസകരമായ ചില വസ്തുതകളാണ് -
|) ഒരിക്കലും യോജിച്ചു പോകാൻ വയ്യാത്ത വിധം ഹിന്ദു മുസ്ലീം വർഗ്ഗീയത സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുതന്നെ ഇന്ത്യയിൽ ശക്തി പ്രാപിച്ചിരുന്നു. അതിന് കാരണമായത് ബ്രട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രമായിരുന്നു എന്ന് നമുക്ക് പറയാമെങ്കിലും സുഷ്മമായി പരിശോദിച്ചാൽ മുസ്ലീം ലീഗിന്റേയും ഹിന്ദുമഹാസഭയുടേയും നേതാക്കന്മാരുടെ വർഗ്ഗീയ നിലപാടുകൾക്ക് വേരോടുവാൻ തക്കതായ മതാധിഷ്ടിതമായ ജനമനസ്സ് ഇവിടെ ഉണ്ടായിരുന്നതായി നമുക്ക് കാണുവാൻ കഴിയും. അതേ മനസ്സ് സ്വാതന്ത്രലബ്ദിക്കു ശേഷവും ഇന്ത്യയിലിന്നും ചിലർ നിലനിർത്തുന്നുണ്ട്.
2) ഇന്ത്യയിൽ മതവും രാഷ്ട്രീയവും വേർപെടുത്താനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്നു.
3) മതത്തിന്റേയും, വർഗ്ഗത്തിന്റേയും, പ്രദേശികതയുടേയും, ഭാഷയുടേയും അടിസ്ഥാനത്തിൽ മാത്രം നിലനിൽക്കുന്ന ഒരു പാട് രാഷ്ട്രീയ കക്ഷികൾ ഇന്ത്യയിലുണ്ട്. അവർ പല സംസ്ഥാനങ്ങളിലും അധികാരത്തിൽ വരുന്നുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തിയാക്കുന്നുമുണ്ട്.
4) ദേശീയ രാഷ്ട്രീയ കക്ഷികൾ പോലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മതങ്ങളേയും ,വർഗ്ഗങ്ങളേയും , ന്യൂനപക്ഷങ്ങളേയും കൂടെ നിർത്തുവാൻ വ്യക്തമായ ശ്രമം നടത്തുന്നവരാണ്.
5) തെരഞ്ഞെടുപ്പ് വിജയത്തിനായി വികസന അജണ്ടയ്ക്കൊപ്പം , ന്യൂനപക്ഷ പ്രീണനവും, ഭൂരിപക്ഷ പ്രീണനവും വ്യക്തമായ ആസൂത്രണത്തോടെ നടത്തുന്നവരാണ് മിക്ക രാഷ്ട്രീയ കക്ഷികളും.
6) മിക്കവാറും രാഷ്ട്രീയ കക്ഷികൾ ഭാരവാഹികളെ തീരുമാനിക്കുന്നത് ജാതി, പ്രാദേശിക പരിഗണകൾ വച്ചാണ്. എല്ലാ മതങ്ങളിൽപ്പെട്ട ആളുകളേയും ഭാരവാഹിപ്പട്ടികയിൽ ഉൾപ്പെടുത്തുവാൻ ശ്രമിക്കുന്നുണ്ട് .
7 ) മതേതര കക്ഷികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന രാഷ്ട്രീയപാർട്ടികൾ പലതും ഇലക്ഷൻ സമയത്ത് സ്ഥാനാർത്ഥികളെ പരിഗണിക്കുമ്പോൾ അതത് മണ്ഡലങ്ങളിലെ ഭൂരിപക്ഷ വോട്ടർമാരിൽപ്പെട്ടയാളെത്തന്നെ സ്ഥാനാർത്ഥിയാക്കുന്നത് സാധാരണയാണ്.
8 ) അഴിമതിക്കാരെ ,ജന വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നവരെ - മുന്നണിയെയാണെങ്കിലും, സ്ഥാനാർത്ഥികളാണെങ്കിലും ജാതി മത ചിന്തകൾക്കതീതമായി ജനം തെരഞ്ഞുപിടിച്ച് തോല്പിക്കുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ സർവ്വസാധാരണമാണ്.
9) തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഇലക്ഷൻ വിജയത്തിനായി, എല്ലാ മുന്നണികളുടേയും സ്ഥാനാർത്ഥികൾ ജാതി, സാമുദായിക നേതാക്കളുടെ മുന്നിൽ കൈകൂപ്പി നിൽക്കുന്നത് നമുക്ക് കാണാം.
10) ഇന്ത്യയിൽ ഒരു മതവിഭാഗവും ഒരു മുന്നണിയുടെ സ്ഥിരം വോട്ടു ബാങ്കല്ല. സാഹചര്യം മാറുന്നതിനനുസരിച്ച് മത വിഭാഗങ്ങൾ നിലപാട് മാറ്റും.
II) ഒരു മത വിഭാഗം ഒരു മുന്നണിക്കനുകൂലമായ നിലപാട് സ്വീകരിച്ചുവെന്ന കാരണം കൊണ്ട് ആ മത വിഭാഗത്തിലെ മുഴുവൻ ആളുകളും ആ മുന്നണിക്ക് വോട്ടു ചെയ്യുമെന്ന് ഉറപ്പില്ല. ജാതി മത വർഗ്ഗ പ്രാദേശിക പരിഗണനകൾക്കതീതമായി ചിന്തിച്ച് വോട്ടവകാശം വിനിയോഗിക്കുന്ന 10% ത്തിൽ കൂടുതൽ വോർട്ടർമാരുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
12) വർഗ്ഗീയ നിലപാടുകൾ പ്രത്യക്ഷത്തിൽ സ്വീകരിക്കുന്ന വിഭാഗങ്ങൾ പിൻതുണച്ച് അധികാരത്തിലെത്തിക്കുന്ന മുന്നണി അധികാരത്തിലെത്തിയ ശേഷം വർഗ്ഗീയ വിഭാഗങ്ങളുടെ ആവശ്യങ്ങളെ നിരാകരിക്കുന്നതും, അതിൽ നിന്ന് അവരെ തടയുന്നതും നമുക്ക് കാണുവാൻ കഴിയും .
അതിന് കഴിയാത്ത മുന്നണികളെ അടുത്ത തെരഞ്ഞെടുപ്പിൽ ജനം പരാജയപ്പെടുത്തും എന്നതാണ് ഇതുവരെയുള്ള ചരിത്രം.
13) തങ്ങൾ ഒരു വർഗ്ഗീയ കക്ഷിയാണ് എന്ന് സമ്മതിച്ച് വോട്ടർമാരെ സമീപിക്കുന്ന രാഷ്ട്രീയ കക്ഷികൾ ഇന്ത്യയിലില്ല.
ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണ്. അധികാരത്തി ലെത്തുകയെന്നത് എല്ലാ രാഷ്ട്രീയകക്ഷികളുടേയും ആവശ്യമാണ്. ഇന്ത്യയിലെ ജനങ്ങളിൽ രൂഢമൂലമായ ഒന്നാണ് ഈശ്വര ചിന്തയും മതവിശ്വാസവും. അതിന് വർഷങ്ങളുടെ പഴക്കമുണ്ട്. നമ്മുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കും ജനാധിപത്യഭരണ സംവിധാനത്തിനും ചുരുങ്ങിയ വർഷങ്ങളുടെ പാരമ്പര്യമേയുള്ളു. സാമൂഹ്യ ജീവിയായ മനുഷ്യന് സമൂഹത്തോടിണങ്ങി മാത്രമേ നിലനില്പുള്ളു. ജനാധിപത്യ വ്യവസ്ഥിതിയുടെ ആവിർഭാവത്തിനു മുമ്പുതന്നെ ഇന്ത്യയിലെ ജനങ്ങൾ സാമൂഹ്യ ജീവിയായത് , സമൂഹത്തോടിണങ്ങിയത് അവന്റെ മതവിഭാഗത്തിന്റെ, വർഗ്ഗത്തിന്റെ , ആചാരാനുഷ്ഠാനങ്ങളിലൂടെയാണ് ,ആഘോഷങ്ങളിലൂടെയാണ്. നിരക്ഷരനും ,വിദ്യാസമ്പന്നനും ഇന്ത്യയിൽ ഒരേ പോലെ ജനനം മുതൽ മരണംവരെ സ്വന്തം മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളോട് ,മതത്തോട് ഇണങ്ങി ജീവിക്കുന്നവരാണ്, സ്വന്തം മതത്തെ സ്വന്തംപേരിലൂടെ പോലും പ്രതിഫലിപ്പിക്കുവാൻ ആഗിക്കുന്നവരാണ്. ഇങ്ങനെയൊരു ജനസമൂഹത്തെ ജനാധിപത്യത്തിന്റെ വലിയ ചട്ടക്കൂടിലേക്ക് കൈപിടിച്ച് നയിക്കുന്നതിൽ ഒരു ചാലക ശക്കിയാവാൻ മതങ്ങൾക്കാവും എന്നത് ഇന്ത്യയിൽ 70% ത്തിൽ കൂടുതൽ ശരിയാവും എന്ന് ഞാൻ വിശ്വസിക്കുന്നു.
ഇന്ത്യയുടെ ഭാവി പ്രബുദ്ധരായ മത, രാഷ്ട്രീയ നേതാക്കളിലാണ്. മതത്തിന്റെ ലക്ഷ്യം സാഹോദര്യവും മനുഷ്യ സ്നേഹവും എല്ലാ മനുഷ്യരുടേയും നന്മയും പുരോഗതിയുമാണെന്ന് സ്വയം മനസ്സിലാക്കുന്ന, മത വിശ്വാസികളെ ബോധ്യപ്പെടുത്തുന്ന മത നേതാക്കൾ നമുക്കാവശ്യമാണ്. താൻ ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടേയും പുരോഗതിക്കു വേണ്ടി പ്രവർത്തിക്കാൻ ബാധ്യസ്ഥനായ ,ഇന്ത്യയുടെ മതനിരപേക്ഷതയും അഖണ്ഡതയും കാത്തുരക്ഷിക്കാൻ വേണ്ടി ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധിയാണ് ബോധ്യമുള്ള ജനപ്രതിനിധികളാണ് നമുക്കാവശ്യം.
പ്രിയമുള്ളവരേ നാം പ്രബുദ്ധരാണ് ,എല്ലാ വിഭാഗീയ വിഘടന പ്രവണതകളേയും ചെറുത്ത് തോല്പിച്ച് ഇന്ത്യയെ ഒരൊറ്റ ഇന്ത്യയായി മുന്നോട്ട് നയിക്കാൻ ശക്തമായ ഇച്ഛാശക്തിയുള്ള നേതാക്കൾ നമുക്കുണ്ട്. വർഗ്ഗീയതയുടെ വിഷം നമ്മുടെ മനസ്സിനെ തീണ്ടാതിരിക്കട്ടെ .കരുത്തുറ്റ ഇന്ത്യ കെട്ടിപ്പെടുക്കാൻ നമുക്ക് കൈകോർത്ത് മുന്നേറാം.....
Comments
Post a Comment