5 My Momories (എന്റെ ഓർമ്മകൾ )

പുരപണി തുടങ്ങിയതോടെ ഞാൻ നഴ്‌സറിയിൽ പോകുന്നത് നിർത്തി. .. ആരും പോകാൻ പറഞ്ഞില്ല. ... കൊണ്ടാക്കിയതുമില്ല. ... എനിക്കു സന്തോഷമായി. .. അങ്ങനെ നഴ്സറി വിദ്യാഭ്യാസം അവസാനിച്ചു.
ഒരു ദിവസം തോമാച്ചൻ ചേട്ടൻ വീട്ടിൽ വിരുന്നു വന്നു. അച്ഛന്റെ പെങ്ങടെ മോനാണ് .ബി.എസ്സി ഫിസിക്സാണ്. എയർ ഫോഴ്സിലാ ജോലി. അച്ഛന്റെയച്ഛൻ പട്ടാളത്തിലാരുന്നെന്നും. പെങ്ങടെ മോൻ എയർഫോഴ്സിലാന്നും പറയുമ്പോൾ അച്ഛനൊന്നു  ഞെളിയും. അമ്മേടെ വീട്ടിൽ അങ്ങനാരുമില്ല.... അതിൽ അമ്മയ്ക്ക് കുറച്ച് മാനക്കേടില്ലാതില്ല....
തോമാച്ചാ... നീ വേണം ഇവനെ സ്കൂളിൽ കൊണ്ടോയി ചേർക്കാൻ . .. എന്നെ ചൂണ്ടി അച്ഛൻ തോമാച്ചനോട് പറഞ്ഞു.
അതിനെന്താ ... ചെറിയച്ഛാ... ഞാൻ കൊണ്ടുപോയി ചേർക്കാം..
പിറ്റേ ദിവസം തോമാച്ചൻ ചേട്ടൻ എന്നെയും കൂട്ടി സ്കൂളിലെത്തി.  മoത്തിലെ സിസ് റ്റേഴ്സിന്റെ  പള്ളിക്കുടം. ഏഴു വരെ മാത്രമേ ആൺകുട്ടികളെ അവിടെ പഠിപ്പിക്കൂ.... പെൺകുട്ടികൾക്ക് പത്താം ക്ലാസ്സുവരെ പഠിക്കാം.
സ്കൂൾ വലിയ മൂന്ന് കെട്ടിടങ്ങൾ ചേർന്നതാണ്. എന്റെ കണ്ണു തള്ളി. എന്നാ വലിയ കെട്ടിടങ്ങൾ. ഞാൻ കണ്ട വലിയ കെട്ടിടം പിറവം പള്ളിയാണ്. .. അതും പൂജരാജാക്കന്മാരുടെ വല്യപള്ളി. .. അച്ഛനുമമ്മയ്ക്കുമൊപ്പം പന്ത്രണ്ട് പൈതങ്ങടെ നേർച്ച വിളമ്പാൻ പോയതാണ്. ..  പുരപണി  പെട്ടെന്ന് കഴിയാൻ അമ്മ പിറവത്ത് പൂജ രാജാക്കന്മാർക്ക് കോഴിയെ നേർന്നു. പന്ത്രണ്ട് പൈതങ്ങളുടെ നേർച്ചയും . ഒരു കുട്ട നിറയെ ചോറും , അപ്പവും, മീൻ കറി പന്ത്രണ്ട് കഷണങ്ങളും, തോരനും, നേർന്ന കോഴി കറിവെച്ചതുമൊക്കെയായി രാത്രി ബസ്സിന് പള്ളീലെത്തി. ഭയങ്കര തിരക്കായിരുന്നു. ...കൂട്ടം തെറ്റാതിരിക്കാൻ ഞാൻ അമ്മയുടെ കൈയിൽ മുറുകെപ്പിടിച്ചു. പള്ളിയിൽ കയറി നേർച്ചയിട്ടുപ്രാർത്ഥിച്ചു. കത്തുന്ന ചുറ്റുവിളക്കിൽ നിന്ന് എണ്ണയെടുത്ത് നെറ്റിയിൽ തൊട്ടു.
പന്ത്രണ്ട് പൈതങ്ങളുടെ നേർച്ച വിളമ്പുന്നത് പള്ളിയ്ക്കു ചുറ്റുമാണ്. നമ്മുടെ നേർച്ച വിളമ്പാൻ ഇല വയ്ക്കാൻ സ്ഥലം കിട്ടിയാൽ ഭാഗ്യമായി ... അമ്മ പറഞ്ഞു.
നേർച്ചയുണ്ണാൻ ഇരുന്നത് കുട്ടികളായി രുന്നില്ല. . ..  തലയിൽ തുണിയിട്ട് കുനിഞ്ഞിരിക്കുന്ന വയസ്സന്മാരും.. പിച്ചക്കാരുമായിരുന്നു. അച്ഛൻ പറഞ്ഞു .. അതൊന്നും സാരമില്ല... എല്ലാം രാജാക്കന്മാർക്കറിയാം..
പിറവം പള്ളീടെ മൂന്നിരട്ടി വലിപ്പമുണ്ടായിരുന്നു സ്കൂളിന് . സ്കൂളിന് എല്ലായിടത്തും ഗേറ്റാണ്. ഇരുമ്പു ഗേറ്റ്. അകത്തേക്കു കേറാൻ രണ്ടു വഴിയുണ്ട്. ഒന്ന് താഴെ റോഡിൽ നിന്ന് , അവിടൊരു ഗേറ്റുണ്ട്. സൈഡ് വഴിയിലൂടെ വരുന്നവർക്ക് അകത്തേക്ക് കടക്കാൻ അവിടൊരു ഗേറ്റ് . ഉള്ളിലുമുണ്ട് കുറേ ഗേറ്റുകൾ.... ഇത്ര ഗേറ്റുകൾ എന്തിനാണെന്ന് എനിക്കു മനസ്സിലായില്ല.
രജിസ്റ്ററിൽ എന്റെ പേരെഴുതി. വയസ്സു പറഞ്ഞപ്പോൾ ക്ലർക്കു സിസ്റ്ററു പറഞ്ഞു. ചേർക്കാൻ പ്രായമായില്ല. ... തോമാച്ചൻ ചേട്ടൻ എന്നേയും കൊണ്ട് പുറത്തു വന്നു. കുറേ സമയം ആലോചിച്ചു നിന്നു. പിന്നെ  അകത്തു കയറി എന്റെ  ജനനത്തിയതി മാറ്റിപ്പറഞ്ഞു. സിസ്റ്ററ്റൊന്നും പറഞ്ഞില്ല.
അങ്ങനെ ഞാൻ ഒന്നാം ക്ലാസ്സിൽ ചേർന്നു.

അച്ഛനെനിക്ക് ഒരു പുതിയ ഉടുപ്പുവാങ്ങി.... വെള്ളക്കളറുള്ള ഉടുപ്പ്. .. ഞാനതിട്ട് അങ്ങോട്ടുമിങ്ങോട്ടും നടന്നു നോക്കി.
പക്ഷേ സ്കൂളു തുറന്ന ദിവസം പോകാനൊരു മടി. ഒന്ന് ചിണുങ്ങി നോക്കി. . പക്ഷേ അമ്മ പറഞ്ഞു ... ചിണങ്ങാതെ മര്യാദയ്ക്ക് സ്കൂളിൽ പോടാ...
കുറേ കുട്ടികൾ കൂട്ടം കൂടിയാണ് സ്കൂളിൽ പോകുന്നത്. ...
എന്നെ അമ്മ ഉലഹന്നാൻ ചേട്ടന്റേയും  മറിയാമ്മച്ചേടത്തിയുടേയും മക്കളുടെ കൂടെയാണ് സ്കൂളിൽ വിട്ടത്. അവർക്ക് നാല് പെൺമക്കളാണ്.  നാല് പേരും പഠിക്കുന്നത് മഠം സ്കൂളിലാണ് . അമ്മ തലേ ദിവസമേ അവരെ ഏർപ്പാടാക്കിയിരുന്നു  എന്നേം കൂടി കൊണ്ടു പോകാൻ.
ഉലഹന്നാൻ ചേട്ടനും മറിയാമ്മച്ചേടത്തിയും കുറേ നാളായി വീട്ടിലാണ് പണിയുന്നത്. ഉലഹന്നാൻ ചേട്ടൻ പറമ്പു കിളയ്ക്കും മറിയാമ്മച്ചേടത്തി പുല്ലുവാരി കത്തിക്കാൻ കൂട്ടിയിടും. ... നല്ല പശിമയുള്ള മണ്ണാ പൊന്നുവിളയും ... കപ്പ നടണോ ? ഇഞ്ചി വേണോ? ... ചർച്ച നടന്നു. ഒടുവിൽ കപ്പ നടാൻ തീരുമാനമായി.
നാലു പെണ്ണുങ്ങളും രാവിലെ തന്നെ വീട്ടിലെത്തി. .. അമ്മയെന്നെ കുളിപ്പിച്ച് ഉടുപ്പിടീച്ചു. കുറച്ചു കഞ്ഞി പപ്പടം കൂട്ടിത്തന്നു. പപ്പടം കൂട്ടി കഞ്ഞി കുടിക്കാൻ എനിക്കിഷ്ടമാണ്. അവർക്കൊപ്പം സ്ക്കൂളിലേക്ക് നടന്നു. നല്ല മഴക്കോളുണ്ടായിരുന്നു. സ്കൂളു തുറന്നാൽ മഴ തുടങ്ങണം അതാ കണക്ക്. പെണ്ണുങ്ങളിൽ മൂത്തവൾ പറഞ്ഞു.
എന്നെ കോണിക്കു താഴെയുള്ള ക്ലാസ്സിലാക്കി അവരു പോയി. ഇവിടെ ത്തന്നെ ഇരുന്നോണം .ഇതാണ് ഒന്നാം ക്ലാസ്സ് .ക്ലാസ്സു കഴിയുമ്പോൾ ഞങ്ങളിവിടെ വന്ന് കൂട്ടിക്കൊണ്ട് പൊയക്കൊള്ളാം. .. ഞാൻ സമ്മതിച്ചു.  കുറച്ചു കുട്ടികളുടെ ചേച്ചിമാരോ, ആൻറിമാരോ, അമ്മൂമ്മമാരോ ആരൊക്കെയോ പുറത്ത് കാത്തുനിൽക്കുന്നുണ്ട്. രണ്ടു കരച്ചിലുകാർ ക്ലാസ്സിലിരുന്ന് മൂക്കട്ടയൊലിപ്പിച്ച് കരയുന്നുണ്ട്... നാണക്കേട്. ഞാൻ മനസ്സിൽ പറഞ്ഞു.
സ്കൂളിൽ  മണിയടിച്ചു. ആദ്യം ഒരു മണി. കുറച്ചു കഴിഞ്ഞപ്പോൾ രണ്ടെണ്ണം . കൈയിൽ വടിയും , രജിസ്റ്ററുമായി ഒരു സിസ്റ്ററും, രണ്ട് സാരിക്കാരി ടീച്ചർമാരും വന്നു. അവര് പേരു വിളിച്ച് ഞങ്ങളെ വീതിച്ചെടുക്കുകയാണ്. മൂന്നു ക്ലാസ്സായി തിരിക്കുന്നു. എന്നെ കിട്ടിയത് ഒരു സാരിക്കാരി ടീച്ചർക്കാണ്. ആദ്യത്തെ ടീച്ചർ തന്റെ കുട്ടികളേയും കൊണ്ട് പുറത്തിറങ്ങി പുറകുവശത്തെ നടകയറി എങ്ങോട്ടോ പോയി. ഞാൻ സന്തോഷിച്ചു. രക്ഷപെട്ടല്ലോ. രണ്ടാമത്തെ ടീച്ചർ പേരു വിളിച്ചപ്പോൾ ഞാനുമുണ്ട് അക്കൂട്ടത്തിൽ. ടീച്ചറും കുട്ടികളേക്കൂട്ടി പുറത്തേക്കു പോയി. പക്ഷേ ഞാൻ ടീച്ചർക്കൊപ്പം പോയില്ല. അവിടെത്തന്നെയിരുന്നു. ഹാവു.... രക്ഷപെട്ടു.. ടീച്ചറു പോയല്ലോ...
സിസ്റ്റർ ക്ലാസ്സിൽ മിച്ചമുള്ള എല്ലാവരുടേയും പേരു വിളിച്ചു. .. എന്റെ പേരൊഴികെ...
എന്റെ സന്തോഷം ഏറെ സമയം നീണ്ടുനിന്നില്ല. എന്റെ പേരു വിളിച്ച ടീച്ചർ തിരിച്ചു വന്നു. ക്ലാസ്സിലുള്ള സിസ്റ്ററോട് എന്തൊക്കെയോ സംസാരിച്ചു. ഞാൻ പിടിയ്ക്കപ്പെട്ടു. ..
ഞാൻ വരില്ല.... ഞാൻ വരില്ല. . എന്നോട് ഇവിടെയിരിക്കാനാ പറഞ്ഞേ .. ഞാൻ വരില്ല .. വാശി പിടിച്ചു നിന്നു. ടീച്ചർക്ക് ദേഷ്യം വന്നു. എന്നെ കൈയ്ക്കു പിടിച്ച് വലിച്ച് പുറത്തിറക്കി. .. ഞാൻ കുതറി നോക്കി രക്ഷയില്ല. ടീച്ചറെന്നെ തൂക്കിയെടുത്ത് കൊണ്ടുപോവുകയാണ്.
ഒടുവിൽ എനിക്കൊരു പിടിവള്ളി കിട്ടി. .. ടീച്ചറു നടകയറിയപ്പോൾ എനിക്കെന്റെ കാൽ നടയിൽ ചവിട്ടാൻ കിട്ടി... ഞാനൊന്ന് ആഞ്ഞു കുതിച്ചു. ടീച്ചറും ഞാനും തെറിച്ച് നടയുടെ താഴെയെത്തി. ഞാൻ പിടിവിടീച്ച്  പഴയ ക്ലാസ്സിലേക്ക് കരഞ്ഞുകൊണ്ടോടി.
ഞാൻ കരഞ്ഞോണ്ട് പറഞ്ഞു.... ചേച്ചിമാരെന്നെ ഇവിടാ ഇരുത്തിയേ.. അവരു വരുമ്പോ .. എന്നേക്കാണൂല്ലാ.... എനിക്ക്... എനിക്ക്.... വീട്ടിലേക്ക് വഴിയറിയൂല്ല.... ഞാൻ ഏങ്ങലടിച്ചു....
സിസ്റ്ററു പറഞ്ഞു. മേരിട്ടീച്ചറേ ഇവനിന്ന്  ഇവി ടെ ഇരിക്കട്ടെ ... നാളെ ശരിയാക്കാം.
പിറ്റേന്ന് ആരുമെന്നെ  ക്ലാസ്സു മാറ്റിയില്ല. ഒരു വർഷം മുഴുവൻ ഞാൻ കോണിച്ചുവട്ടിലെ ഒന്നാം ക്ലാസ്സിൽ പഠിച്ചു.
...........................................
പറമ്പു നിറയെ കപ്പയാണ്. സിലോൺ കപ്പ. പുഴുങ്ങിയാൽ വെണ്ണ പോലിരിക്കും. അരിഞ്ഞ് പച്ചക്കുണക്കിയാലും വാട്ടിയുണങ്ങിയാലും ഒന്നാം തരം. ഉണക്കക്കപ്പയ്ക്ക് ചന്തേല് നല്ല വില കിട്ടും. .മറിയാമ്മച്ചേടത്തി അമ്മയോട് പറഞ്ഞു.
അമ്മയും മറിയാമ്മച്ചേടത്തിയും ചേർന്ന് മുകളിലെ പറമ്പിൽ കപ്പച്ചോട്ടിൽ നിന്ന് പുല്ലു പറിച്ച് മാറ്റുകയാണ്.
ഒരു പശുവുണ്ടേൽ ഈ പുല്ലൊക്കെ അതിനു കൊടുക്കാം.. ഇത്തിരി കഞ്ഞി വെള്ളോം കൊടുത്താ മതി. ഒരു പശൂനെ വാങ്ങാൻ നീ കെട്ടിയോനോട് പറ . മറിയാമ്മച്ചേടത്തി അമ്മയെ ഉപദേശിച്ചു. ..
ഈ കപ്പപറി ഒന്നു കഴിയട്ടേന്ന് വിചാരിച്ചിരിക്കുവാ... പെരപണി കഴിഞ്ഞപ്പൊ ഇത്തിരി കാശിന്റെ വലിവുണ്ടേ... അമ്മ പറഞ്ഞു.
ആരാടി  കഴുവേറി മക്കളേ എന്റെ പറമ്പില്... ഇറങ്ങിപ്പോടീ .... പിന്നെ വിളിച്ചതെല്ലാം പുറത്തു പറയാനാവത്ത തെറികളാണ്. കൈയിൽ ഒരു വാക്കത്തിയുമായി കണാരൻ പാഞ്ഞടുത്തു. .. കണാരന് എഴുപതു വയസ്സിനു മുകളിൽ പ്രായമുണ്ട്. .. ആരേയും കൂസില്ല.. ഇപ്പോഴും ചട്ടമ്പിത്തരത്തിന് കുറവില്ല. അറത്ത കൈയക്ക് ഉപ്പു നോക്കാത്തവർ  അറുപി ശുക്കൻ.. അങ്ങനെ വിശേഷണങ്ങൾ ഒരുപാടുണ്ടു നാട്ടിൽ.
അമ്മയും മറിയാമ്മച്ചേടത്തിയും പേടിച്ചോടി. അവർക്കൊന്നും ആലോചിക്കാൻ സമയം കിട്ടിയില്ല. ആകെ മനസ്സിലായത് കണാരൻ വെട്ടിക്കൊല്ലാൻ വരികയാണെന്ന് മാത്രമാണ്. .. രണ്ടു പേരും വീടിനകത്തു കേറി വാതിലടച്ച് കുറ്റിയിട്ടു. .. ശ്വാസം നേരെ പോകുന്നില്ല.. പേടിച്ചിട്ട് മിണ്ടാനുമാകുന്നില്ല.
തലേന്നു രാത്രി കണാരനും മക്കളും അതിരുകല്ലുമാറ്റി മുകളിലത്തെ രണ്ടു തൊട്ടി കപ്പത്തോട്ടം കൈയ്ക്കലാക്കിയത് ആരുമറിഞ്ഞിരുന്നില്ല....
അച്ഛൻ വരുന്നിടം വരെ രണ്ടാളും വാതിൽ തുറന്നില്ല.
അച്ഛൻ വന്നു.. അമ്മയും മറിയാമ്മച്ചേടത്തിയും വിക്കി വിക്കി നടന്നതെല്ലാം പറഞ്ഞൊപ്പിച്ചു.
ആണുങ്ങൾ വിട്ടിലില്ലാത്തപ്പോൾ പെണ്ണുങ്ങടെ നേരെ ശൗര്യം കാണിക്കന്നോ പെണ്ണൂണി.. അച്ഛൻ കോപം കൊണ്ട് ജ്വലിച്ചു. .. അവനെയിനി വെച്ചിട്ട് കാര്യമില്ല അച്ഛനലറി... അകത്ത് കയറി അടുക്കളയിൽ നിന്ന് വാക്കത്തിയെടുത്തു...
അമ്മയും മറിയാമ്മച്ചേടത്തിയും ചേർന്ന് അച്ഛനെ വട്ടം പിടിച്ചു...
അമ്മ പറഞ്ഞു നിങ്ങളൊറ്റയ്ക്ക് ചോദിക്കാൻ പോവണ്ട. ..
മറിയാമ്മച്ചേടത്തി പറഞ്ഞു. കുഞ്ഞു വർക്കി നീയൊന്നടങ്ങ്... നമ്മള് ബഹളത്തിനു പോവണ്ടാ.. നീ പോലീസ് സ്‌റ്റേഷനിലു പോയി ഒരു കടലാസ് കൊട്.
പെണ്ണുങ്ങളെയാ അങ്ങേര് കൊല്ലാൻ വന്നത്. ഞാൻ സാക്ഷി പറയും.. ഒരിക്കലല്ലേ ചാവൂ... എനിക്കു പേടിയില്ല.
മറിയാമ്മച്ചേടത്തിക്ക് അമ്മയേക്കാൾ ലോക പരിചയമുണ്ട്.. ധൈര്യവും.
അച്ഛനത് ബോധിച്ചു. റാലി സൈക്കിളിൽ അച്ഛൻ  പോലീസ് സ്‌റ്റേഷനിലേക്ക് പോയി.

കറുത്ത അംബാസിഡർ കാർ വീടിനു മുന്നിലെ ഇടവഴിയിൽ വന്നു നിന്നു. അതിൽ നിന്ന് രണ്ട് പോലീസുകാരും അച്ഛനുമിറങ്ങി.
നാട്ടുകാർ കാഴ്ച കാണാൻ കൂടി . അവരു പറഞ്ഞു. കുഞ്ഞു വർക്കി നിസ്സാരക്കാരനല്ല. മോളില് നല്ല പിടിയൊ ണ്ട്. അല്ലേൽ ഇത്ര പെട്ടെന്ന് പോലീസുകാരു വരുവോ.
ശരിയാ.. ആരൊക്കെയോ ശരി വച്ചു.
അപ്പൻ പട്ടാളിത്തിലല്ലാറന്നോ.. പോരാത്തതിന് പെങ്ങടെമോൻ ഇപ്പോ എയർഫോഴ്‌സിലും. ... എന്നാണേലും അതിന്റെയൊരിത് കാണാണ്ടിരിക്കുവോ...
കൂമ്പൻ തൊപ്പി വച്ച ,കാക്കി നിക്കറും കാക്കി ഷർട്ടുമിട്ട ,കൈയിൽ ലാത്തി പിടിച്ച പോലീസുകാർ.കാലിൽ ഷൂസുമുണ്ട്. വല്ലാത്ത ഗൗരവത്തിൽ പോലീസുകാർ കാറിൽ നിന്നിറങ്ങി. . കൈയിൽ ഒരു  കടലാസുകെട്ടുമുണ്ട്.. കാണികൾ ഭവ്യതയോടെ ഒതുങ്ങി നിന്നു. ..
പോലീസുകാർ  വീടിന്റെ ഉമ്മറത്തു കയറിയിരുന്നു.
അമ്മയും മറിയാമ്മച്ചേടത്തിയും നടന്നതൊക്കെ വിസ്തരിച്ചു പറഞ്ഞു. ഒരു പോലീസുകാരൻ  അവരു പറയുന്നത് പേപ്പറിൽ എഴുതിയെടുത്തു.മറ്റേ പോലീസുകാരൻ എല്ലാം മൂളി ക്കേട്ടുകൊണ്ടിരുന്നു.
പോലീസുകാർ വന്നത് നാടു മുഴുവൻ പാട്ടായി. ആദ്യമായാണ് മധ്യസ്തം പറഞ്ഞു തീർക്കാതെ ഒരു വഴക്ക് അന്നാട്ടിൽ നിന്ന് പോലീസ് സറ്റേഷനിലെത്തുന്നത്.
ഇനി കണാരനും മക്കളും കോടതി കേറേണ്ടി വരും. ചൊലപ്പം എ സൈ  ഏമാന്റെ കൈയീന്ന് നല്ല തല്ലും കിട്ടും. നാട്ടുകാർ അഭിപ്രായം പറഞ്ഞു.
പോലീസുകാർ കണാരൻ പെണ്ണങ്ങളെ വെട്ടാൻ വന്ന സ്ഥലം സന്ദർശിച്ചു. കണാരനെ വിളിച്ചു വരുത്തി.
തോർത്തു മാത്രമുടുത്ത കണാരൻ പോലീസുകാർക്കു മുന്നിൽ കൈ കൂപ്പി നിന്നു.
ഒരു പോലീസുകാരൻ കണാരനെ വിരട്ടി . തെറി വിളിച്ചു. ലാത്തി ഓങ്ങി തല്ലാൻ ചെന്നു... കണാരൻ നിന്നു വിറച്ചു.
നീ പെണ്ണുങ്ങളെ കൈയേറ്റം ചെയ്യുവോടാ.മറ്റേ പോലീസുകാരൻ നിലത്തു ചവിട്ടി വിറപ്പിച്ചു.
ഓളുമാരെന്റെ പറമ്പിൽ കയറി പുല്ലു പറിച്ചിട്ടാ ഏമാനേ ... കണാരൻ വിക്കി വിക്കി പറഞ്ഞു.
പോലീസുകാർ അതിർത്തിക്കല്ലുകൾ പരിശോദിച്ചു. പറമ്പിന്റെ നടുവിലെ അതിർത്തിക്കല്ലുകൾ  രണ്ടും പറിച്ചു മാറ്റി കുഴിച്ചിട്ടിരിക്കുന്നു. മണ്ണിന്റെ പച്ചപ്പ് മാറിയിട്ടില്ല. പോലീസുകാർക്കും , നാട്ടുകാർക്കും കാര്യം മനസ്സിലായി. അതു വരെ സംഭവസ്ഥലത്ത് പതുങ്ങി നിന്നിരുന്ന കണാരന്റെ ആൺമക്കൾ മൂന്നും പതിയെ മുങ്ങി.
നാളെ മക്കളേം കൂട്ടി രാവിലെ പത്തിന് സ്റ്റേഷനിൽ വാ..  നിന്റെ സൂക്കേട് ഞങ്ങള് മാറ്റിത്തരാം .. പോലീസുകാരൻ കണാരനോട് പറഞ്ഞു.
പോലീസുകാർ അംബാസിഡർ കാറിൽ തിരിച്ചു പോയി. അച്ഛൻ കാറുകാരന് വണ്ടിക്കൂലിയും പോലീസുകാർക്ക് കൈമടക്കും ആരും കാണാതെ കൊടുത്തു. 

                   ഡൊമിനിക് സാറ്, കടവിൽ അന്ത്രയോസ് ചേട്ടൻ ഇവർ രണ്ടുമാണ് നാട്ടിലെ മധ്യസ്ഥർ. ആളുകളു തമ്മിൽ കലഹമുണ്ടായാൽ ഇവർ ഒറ്റയ്ക്കോ ഒന്നിച്ചോ പറഞ്ഞു തീർക്കും.
ഡൊമിനിക് സാറ്  പെൻഷൻ പറ്റിയ പോലീസുകാരനാണ്. ഇപ്പോഴത്തെ പോലീസല്ല ബ്രട്ടീഷുകാരുടെ  കാലത്തെ പോലീസ്. സായിപ്പിന്റെ കാലത്തെ ഇന്ത്യയാണ് ഡൊമിനിക് സാറു കണ്ട നല്ല ഇന്ത്യ. പക്ഷേ കോൺഗ്രസ്സുകാർക്കൊന്നും ഡൊമിനിക് സാറിനെ മതിപ്പില്ല. അവരു പറയും അഞ്ചു രൂപാ പോലീസ്. ബ്രട്ടീഷുകാരുടെ കൂടെനിന്ന്  സ്വാതന്ത്ര്യസമരകാലത്ത് കോൺസുകാരേയും കമ്മ്യൂണിസ്റ്റുകരേയും ഒറ്റിയ ചെറ്റ . സ്വാതന്ത്ര്യം കിട്ടിയ ശേഷവും കുറേ വർഷം പോലീസിലുണ്ടായിരുന്നു. പെൻഷനും കിട്ടുന്നുണ്ട്. എങ്കിലും കുറേക്കാലത്തേക്ക് നാട്ടിൽ വലിയ മതിപ്പൊന്നും ആളെക്കുറിച്ചില്ലായിരുന്നു. കാലം കടന്നു പോയി . ജനം എല്ലാം മറന്നു.
കടവിൽ അന്ത്രയോസ് ചേട്ടൻ പഴയ തറവാടിയാണ്. സ്വാതന്ത്ര്യസമരസേനാനി കൾക്കുള്ള പെൻഷൻ കിട്ടുന്നുണ്ട്. ഒളിവിൽ കഴിഞ്ഞിരുന്ന പഴയ  നേതാക്കന്മാർക്ക് ഒളിച്ചും പാത്തും കത്തും, ചോറും  അന്ത്രയോസ് ചേട്ടൻ എത്തിച്ചു കൊടുത്തിട്ടുണ്ടത്രേ. അന്ത്രയോസ് ചേട്ടന്റെ ചേട്ടൻ ഫിലിപ്പ് തോമസ് പഴയ പഞ്ചായത്തു പ്രസിഡന്റാണ് .ഇപ്പോൾ വയസ്സായി ഇരുപ്പിലാണ്. കറതീർന്ന കമ്മ്യുണിസ്റ്റുകാരൻ. നാട്ടിൽ കമ്മ്യൂണിസ്റ്റു പാർട്ടിയുണ്ടാക്കിയത്  ഫിലിപ്പേട്ടനാണ്. ചെറുപ്പത്തിലേ അച്ചൻ പട്ടത്തിന് പഠിക്കാൻ വിട്ടു. തിരിച്ചു വന്നത് കമ്മ്യൂണിസ്റ്റുകാര നായിട്ടാണത്രേ. വന്നപാടേ കൂത്താട്ടുകുളത്തൊരു സ്റ്റുഡിയോ തുടങ്ങി.
അച്ചൻ പട്ടത്തിനു പഠിക്കാൻ പോയ ഫിലിപ്പിന്റെ മേൽ സാത്താൻ കേറീന്നും അങ്ങനെ കമ്മ്യൂണിസ്റ്റുകാരനായി പ്പോയീന്നും അപ്പൻ തോമസു ചേട്ടൻ പറഞ്ഞു നടന്നു. ഫിലിപ്പു ചേട്ടൻ ആദ്യം കമ്മ്യൂണിസം നടപ്പിലാക്കിയത് സ്വന്തം തറവാട്ടിൽത്തന്നെയാണ്. പണിക്കാരായ കീഴ്ജാതിക്കാർക്ക് ന്യായമായ കൂലി നെല്ലായും കാശായും കൊടുത്തില്ലേൽ കൈ വെട്ടിക്കളയുമെന്ന്  അപ്പന്റെ മുഖത്തു നോക്കിപ്പറഞ്ഞു.  ഭൂപരിഷ്കരണോന്നും പറഞ്ഞ് എല്ലാ കുടി കെടപ്പുകാർക്കും ഭൂമി പതിച്ചു കൊടുപ്പിച്ചു. അടിയാന്മാരുടെ പുരവാതിക്കലെങ്ങാൻ അസമയത്ത് തമ്പ്രാക്കന്മാരെ കണ്ടാൽ  തലവാരിക്കുന്ത ത്തേലിരിക്കുമെന്ന് തമ്പ്രാക്കന്മാരെ ഭീഷണിപ്പെടുത്തി. തോമസു ചേട്ടൻ ഒരു പാട് പ്രാത്ഥന ചൊല്ലി,കുർബ്ബാനകൂടി, ബൈബിൾ വായിച്ചു. ഫലമുണ്ടായില്ല. ഫിലിപ്പ് തോമസ് കമ്മ്യൂണിസ്റ്റുകാരനായി ത്തന്നെ  തുടർന്നു. നാട്ടിൽ കമ്മ്യൂണിസ്റ്റു കാരുടെ എണ്ണം പെരുകി വന്നു. അവർ പഞ്ചായത്ത് ഭരണം പിടിച്ചു. ഫിലിപ്പ് തോമസ് പഞ്ചായത്തു പ്രസിഡൻറായി. അടിയന്തിരാവസ്ഥക്കാലത്ത്  കാളവണ്ടിക്കാരൻ കേളുവിനെ വഴിയിൽ വച്ച് കാരണമില്ലാതെ തല്ലിയ പോലീസ് ഇൻസ്പെക്ടർ ഇടിയൻ കുട്ടൻപിള്ളയെ
യു ബാസ്ററാഡ് എന്നു വിളിച്ച് ഫിലിപ്പ് തോമസ് കവിളത്തടിച്ചു. അടങ്ങി നടന്നില്ലേൽ കുടുംബം കാണിക്കേലന്ന് ഭീഷണിപ്പെടുത്തി. ... ഇടിയൻ  കുട്ടൻപിള്ള അതോടെ ഒതുങ്ങി. ... അവരു കൂട്ടുകാരുമായി...

വൈകുന്നേരത്തോടെ കടവിൽ അന്ത്രയോസ് ചേട്ടനും ഡൊമിനിക് സാറും മറ്റു നാലഞ്ചാളുകളും വീട്ടിലെത്തി. അച്ഛനവർക്കിരിക്കാൻ അകത്തുനിന്ന് ബഞ്ചും, മരക്കസേരകളും എടുത്ത് ഉമ്മറത്തിട്ടു . അന്ത്രയോസ് ചേട്ടനും ഡൊമിനിക് സാറും മരക്കസേരകളിലും മറ്റുള്ളവർ ബഞ്ചിലുമിരുന്നു.
കഞ്ഞുവർക്കി നീയുമിരിക്ക് ... ഇത്തിരി ഗൗരവമുള്ള കാര്യങ്ങള്  സംസാരിക്കാനാ ഞങ്ങളു വന്നത്...
അച്ഛനൊന്നും പറയാതെ അകത്തുനിന്ന് ഒരു സ്റ്റൂൾ എടുത്തു കൊണ്ടു വന്നിട്ട് അതിലിരുന്നു. 
അന്ത്രയോസ് ചേട്ടൻ പറഞ്ഞു തുടങ്ങി.കാര്യങ്ങളൊക്കെ ഞങ്ങളറിഞ്ഞു. കണാരനും മക്കളും ചെയ്ത് മഹാവൃത്തികേടായിപ്പോയി. ... നീ പുറമേന്ന് വന്ന് ഇവിടെ താമസിക്കണയാൾ .. നിന്നോട് മാന്യമായി പെരുമാറണ്ടത് ഈ നാട്ടുകാരുടെയൊക്കെ കടമയാ.. നിനക്കൊണ്ടായ വിഷമത്തിന് ഈ നാട്ടിലെല്ലാർക്കും വേണ്ടി ഞങ്ങള് മാപ്പു ചോദിക്കണു...
അയ്യോ... അച്ഛൻ വല്ലാതായി... അതിനു നിങ്ങളെന്താ തെറ്റു ചെയ്തേ... അച്ഛൻ ഇരുന്നിടത്തു നിന്നെണീറ്റു.
അങ്ങനല്ലാ... കുഞ്ഞു വർക്കി.. നിന്നോടിത്തിരി വിരോധം കണാരനുണ്ടെന്ന് നാട്ടുകാർക്കെല്ലാമറിയാം. അതു നീ ഈ സ്ഥലം മേടിച്ചേന്റെയാന്നും  അറിയാം . അപ്പോ ഒരു എരണക്കേടുണ്ടാവാണ്ട് നോക്കണ്ട ഉത്തരവാദിത്വം ഞങ്ങൾക്കൊണ്ടായിരുന്നു. അതു ഞങ്ങളു നോക്കീല്ല. അതിനാ മാപ്പു പറഞ്ഞത്.
ഈ നാട്ടിൽ ആരു വന്ന് മാധ്യസ്ഥത്തിന് വിളിച്ചാലും ഞങ്ങളു രണ്ടാളും വരും. ന്യായം പറയും. ന്യായമേ പറയൂ. കണാരൻ ഞങ്ങടെയടുത്തു വന്നു. തെറ്റൊക്കെ ഏറ്റുപറഞ്ഞു .. എന്തു പ്രാശ്ചിത്തം വേണേലും ചെയ്യാന്നു പറഞ്ഞു. നീ പോലീസ് സറ്റേഷനിൽ കൊടുത്ത കേസൊന്നു പിൻവലിക്കണം. അല്ലേൽ കണാരൻ പോലീസുകാരുടെ ചൂരലടി കൊള്ളും.. കോടതി കേറേണ്ടീം വരും...
ഞങ്ങളു നിന്നോട് ആദ്യമായൊരു കാര്യമാവശ്യപ്പെടുന്നതാണ്... നിനക്കു വിരോധമില്ലേൽ കണാരനും മക്കളും വഴീല് നിൽക്കണൊണ്ട്. അവരെ വിളിക്കാം .. പ്രശ്നം പറഞ്ഞു തീർക്കാം.. ഡൊമിനിക് സാറു പറഞ്ഞു.
അച്ഛൻ ആശയക്കുഴപ്പത്തിൽ കുറേ നേരം മിണ്ടാതിരുന്നു... എന്നിട്ടു പറഞ്ഞു. എനിക്കെന്റെ സ്ഥലം മുഴുവൻ കൃത്യമായി അളന്നു തിരിച്ച്  അതിരുകല്ലിട്ടുതരണം. .. എനിക്ക് പണിയെടുത്ത് ജീവിക്കണം.ആരും മെക്കിട്ടു കേറാൻ വരാതെ കഴിയുകേം വേണം അത്രേയുള്ളു. ....
എന്നാൽ അവരെ വിളിക്കട്ടേ.. നമുക്ക് കാര്യങ്ങൾ സംസാരിച്ച് തീർക്കാടോ... അന്ത്രയോസ് ചേട്ടൻ  പറഞ്ഞു.
അച്ഛൻ തലയാട്ടി... വഴിയിൽ നിൽക്കുന്ന കണാരനേയും മക്കളേയും വിളിക്കാൻ ആളു പോയി.
കണാരനും മക്കളും വന്നു. ഡൊമിനിക് സാറ് കോടതിയിൽ കേസു വിസ്തരിക്കും പോലെ വിസ്താരം തുടങ്ങി. .. അതിരുകല്ലുമാറ്റിയിട്ട് ഭൂമികയ്യേറ്റം. സിവിൽ കുറ്റമാണ്. പെണ്ണുങ്ങളെ ചീത്ത വിളിക്കുക, ഭീഷണിപ്പെടുത്തുക, മാരകായുധങ്ങളുമായി ആക്രമിക്കാൻ ശ്രമക്കുക. ക്രമിനൽ കുറ്റമാണ്. ചുരുങ്ങിയത് ഒരു കൊല്ലമെങ്കിലും ജയിലിൽ ഉണ്ട തിന്നാൻ ഇതു മതി. .... കാണാരാ ... നീ അതിരുല്ലു മാറ്റിയതും പെണ്ണുങ്ങളോട് മെക്കിട്ടു കേറാൻ വന്നതും ശരിയാണോ?
കണാരൻ ഒന്നും മിണ്ടാതെ ... പല്ലു പൊഴിഞ്ഞ വയസ്സൻ കടുവയുടെ മുഖഭാവത്തോടെ നിസ്സഹായനായി നിന്നു.
കണാരാ... നിനക്ക് പറയാനുള്ളത് പറയാം... അന്ത്രയോസ് ചേട്ടൻ പറഞ്ഞു.
എനിക്കൊന്നും പറയാനില്ല. നിങ്ങളെന്ത് തീരുമാനിച്ചാലും സമ്മതം.കണാരൻ പറഞ്ഞു.
കുഞ്ഞു വർക്കി.. കണാരാ .. ഞങ്ങളൊരു തീരുമാനം പറയാം. അതിനു മുമ്പ് രണ്ടാള്ളോടും ഒറ്റയക്കൊറ്റയ്ക്ക് സംസാരിക്കണം.
അച്ഛനെ വിളിച്ച് അന്ത്രയോസു ചേട്ടനും ഡൊമിനിക് സാറും മുറ്റത്തിന്റെ അരികിൽ നിന്ന് സംസാരിച്ചു .കണാരനെ മാറ്റി നിർത്തിയും രണ്ടാളും സംസാരിച്ചു.
ജഡ്ജി കോടതിയിൽ വിധി വാചകം പായുന്ന ഗൗരവത്തോടെ അന്ത്രയോസ് ചേട്ടൻ പറഞ്ഞു തുടങ്ങി.
കുഞ്ഞു വർക്കിയുടെ സ്ഥലം ഒരു അളവുകാരനെ വിളിച്ച് രണ്ടാളും നിൽക്കെ അളന്ന് തിട്ടപ്പെടുത്തി കല്ലിട്ട് കൊടുക്കും. അതിന്റെ ചെലവ് കണാരൻ വഹിക്കണം. അതിരിൽ നിൽക്കുന്ന മരങ്ങൾ വല്ലതുമുണ്ടെങ്കിൽ മുറിച്ചുവിറ്റ് കാശ്  രണ്ടാളും തുല്യമായി വീതിക്കണം.
പെണ്ണുങ്ങടെ നേരെ കൈയേറ്റത്തിന് വന്നത് തെറ്റായിപ്പോയെന്നും മേലിൽ യാതൊരു വിധ ഉപദ്രവമോ മോശം സംസാരമോ ഉണ്ടാവുകയില്ലെന്നും കണാരൻ രണ്ട് മാപ്പപേക്ഷയെഴുതി ഒന്ന് പോലീസ് സ്റ്റേഷനിലും ഒന്ന് ഞങ്ങൾക്കും തരട്ടെ. അതിന്റെ അടിസ്ഥാനത്തിൽ കുത്തു വർക്കി പോലീസ് സ്റ്റേഷനിൽ കൊടുത്ത കേസ് പിൻവലിക്കും.
രണ്ടാൾക്കും സമ്മതമല്ലേ? ഡൊമിനിക് സാർ ചോദിച്ചു.
രണ്ടാളും തല കുലുക്കി....

പിറ്റേന്നു രാവിലെ സ്ഥലമളക്കാൻ ആളുകൾ വന്നു. അവർ നീണ്ട ചങ്ങല വലിച്ചുകൊണ്ട് പറമ്പിന് തലങ്ങും വിലങ്ങും നടന്നു. വാരിക്കുറ്റികൾ അതിലേയുമി തിലേയും അടിച്ചു. അളവു കഴിഞ്ഞപ്പോൾ പഴയതിലും ഒരു തൊട്ടി സ്ഥലം കൂടി കൂട്ടുതൽ കിട്ടി. അമ്മയ്ക്ക് സന്തോഷമായി.. അമ്മ മറിയാമ്മച്ചേടത്തിയോട് അടക്കം പറഞ്ഞു. ആ കർന്നോര് വക്കാണത്തിന് വന്നത് നന്നായി. അതു കൊണ്ട് ശരിക്കുള്ള സ്ഥലം കിട്ടി.
അതങ്ങനാ ... അങ്ങേരത്യാഗ്രഹിയല്ലേ. അത്യാഗ്രഹിക്ക് ഒള്ളതും കൂടി പോവും. മറിയാമ്മച്ചേടത്തി മുപടി പറഞ്ഞു.
പോലീസ് സ്റ്റേഷനിലെ കേസ് അച്ഛൻ പിൻവലിച്ചു. അച്ഛൻ അമ്മയോട് പറഞ്ഞു. ഒരു കണക്കിന് അവരു മധ്യസ്ഥം പറഞ്ഞ് ആ വഴക്കങ്ങവസാനിച്ചത് നന്നായി... ഈ കോടതീം കേസുമൊക്കെ വല്യ പണച്ചെലവാ...
അമ്മ പറഞ്ഞു... അതു ശരിയാ.. ഇനി അവറ്റകള്  ശല്യത്തിന് വരാതിരുന്നാ മതിയായിരുന്നു.
അടങ്ങിയില്ലേലേ... മാപ്പപേക്ഷയാ പോലീസ് സ്റ്റേഷനിലിരിക്കുന്നേ. ഇനിയൊരു കേസുമായങ്ങോട്ടു ചെന്നാ അവര്  ഇടിച്ച് കൂമ്പുകലക്കും.. അച്ഛൻ പറഞ്ഞു.

.........................

Comments

Popular posts from this blog

മദ്യവും മയക്കുമരുന്നും മാറുന്ന യുവതലമുറയും

Relationship between Parents and child. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം

Communalism and Indian Politics (വർഗ്ഗീയതയും ഇന്ത്യൻ ജനാധിപത്യവും )