മദ്യവും മയക്കുമരുന്നും മാറുന്ന യുവതലമുറയും
ദു:ഖം ശമിപ്പിക്കാനും സന്തോഷം പങ്കു വയ്ക്കുവാനും ഏവരും മദ്യത്തെ കൂട്ടുപിടിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. മദ്യ വില്പനയിൽ പ്രത്യേകിച്ച് ഓണത്തിനും ക്രിസ്തുമസ്സിനും ബിവറേജ് കോർപ്പറേഷന്റെ ഏത് ശാഖയാണ് മുൻപന്തിയിൽ നിൽക്കുന്നതെന്ന് ടെലിവിഷൻ ചാനലുകളും പത്രമാധ്യമങ്ങളും കണക്കെടുപ്പ് നടത്തുമ്പോൾ ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ കിരീടം നഷ്ടപ്പെട്ട ടീമിനെപ്പോലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ ബിവറേജ് കോർപ്പറേഷനു മുന്നിൽ വെയിലുകൊണ്ട് നിൽക്കുന്നവരിൽ മുന്തിയ പങ്കും യുവാക്കളാണ് എന്ന വസ്തുത നാമേവരും തിരിച്ചറിയുന്നുണ്ട്. എന്തും ആഘോഷമാക്കുന്ന നമ്മുടെ നാട്ടിൽ പിറന്നാളിന് സന്തോഷം പങ്കുവയ്ക്കാൻ കുറച്ച് വൈൻ കഴിച്ച് ' പിന്നെ ബിയറിലേക്ക് മാറി പിന്നീടങ്ങോട്ട് വീര്യമുള്ള മദ്യം പോലും മതിയാവാതെ വരുന്ന ഒരു തലമുറയ്ക്ക് പിഴിക്കുന്നതെവിടെയെന്ന് നാം ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. മദ്യത്തിന് മണമുണ്ട് ,അല്ലെങ്കിൽ വീര്യം പോരാ അതിനാലിനി കഞ്ചാവും ബൗൺഷുഗറും പോലുള്ള ലഹരി വസ്തുക്കളാവാം എന്ന് ചിന്തിക്കുന്ന യുവജനങ്ങളെ മാറ്റിയെടുക്കേണ്ട വലിയ ഉത്തരവാദിത്വം എല്ലാദേശസ്നേഹികൾക്കും പുരോഗമനവാദികൾക്കുമുണ്ട്.
പ്രതിവർഷം 50,000 കോടി ഡോളറിന്റെ മയക്കുമരുന്നു വ്യാപാരമാണ് ആഗോളതലത്തിൽ നടക്കുന്നത് 'കൊളമ്പിയയാണ് മയക്കുമരുന്ന് കള്ളക്കടത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യം ഏകദേശം 300 ടൺ' കൊകൈയിനാണ് അവർ വർഷംതോറും വിദേശ രാജ്യങ്ങളിലെത്തിക്കുന്നത്.ഇവിടെ നമ്മുടെ ഈ കൊച്ചു കേരളത്തിൽ പോലും കൊച്ചിയുൾപ്പെടെയുള്ള നഗരങ്ങൾ മയക്കുമരുന്നിന്റെ പിടിയിലാണ് എന്നതൊരു യാഥാത്ഥ്യമാണ്.സ്ക്കൂളുകളൂം കോളേജുകളും കേന്ദ്രീകരിച്ചുള്ള മയക്കുമരുന്നു വിപണനം ഇന്ന് നാട്ടിൽ പുറങ്ങളിൽ പോലും സജീവമാക്കുന്നതും വിദ്യാത്ഥികളെത്തന്നെ കണ്ണികളാക്കി മയക്കുമരുന്നു വ്യാപാരം നടത്തുന്നതും വളരെ ആസൂത്രിതമായി ഒരു വലിയ ലോപി നടത്തുന്ന നീക്കമാണെന്ന് ഉത്തരവാദിത്വപ്പെട്ടവർ തിരിച്ചറിയുന്നുണ്ട്.
നമ്മുടെ യുവജനങ്ങളിൽ 45% ആളുകൾ ഏതെങ്കിലും തരത്തിലുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരാണ് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗത്തിലൂടെ സ്വയം നിയന്ത്രണം നഷ്ടപ്പെട്ട് ദിനംപ്രതി പത്ത് ആളുകളെങ്കിലും ആത്മഹത്യ ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. നമ്മുടെ ജനസംഖ്യയിൽ 65 % വും 35 വയസ്സിൽ താഴെയുള്ളവരാണ്. 50% ആളുകൾ 25 വയസ്സിൽ തഴെയുള്ളവരാണ് .2020ൽ നമ്മുടെ ജനസംഖ്യയുടെ ശരാശരി പ്രായം 29 വയസ്സായിരിക്കും. പ്രിയമുള്ളവരേ യൂറോപ്യൻ രാജ്യങ്ങളും, അമേരിക്കയും വർദ്ധിക്യത്തിന്റെ പിടിയിലമരുമ്പോഴാണ്. തെറ്റായ ജനസംഖ്യാ നയത്തിന്റെ ഭാഗമായി ചൈന പോലും തൊഴിൽ മേഖലയ്ക്ക് ആവശ്യമായ മനുഷ്യവിഭവമില്ലാതെ പിന്നോട്ട് നിൽക്കുന്ന ഒരു കാലഘട്ടത്തിലാണ് മനുഷ്യവിഭവമെന്ന ലോകത്തെ ഏറ്റവും വലിയ ആസ്തിയുമായി നാം ഇന്ത്യ വികസനത്തിലേക്ക് കുതിക്കുന്നത്. നമ്മുടെ ജനസംഖ്യയാണ് പ്രത്യേകിച്ച് വിദ്യാസമ്പന്നരായ യുവജനങ്ങളാണ് ഇന്ത്യയുടെ വികസനത്തിന് മൂലക്കല്ല് എന്ന് വർഷങ്ങൾക്കു മുമ്പുതന്നെ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങ് പാർലമെന്റിൽ പ്രഖ്യാപിക്കുകയുണ്ടായി. ഇന്ന് ജനസംഖ്യ നമുക്കൊരു ഭാരമല്ല മറിച്ച് സമ്പത്താണ്. ഇന്ന് ലോകം ഉറ്റുനോക്കുന്നത് ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ള, ഇൻഫോ മേഷൻ മേഖലയിൽ പ്രാവീണ്യമുള്ള നമ്മുടെ യുവാക്കളിലേക്കാണ്. ലോകത്തിന് ഇന്ന് ഇന്ത്യക്ക് നൽകാനുള്ള വിഭവം ഫാക്ടറികൾ ചലിപ്പിക്കാൻ ശേഷിയള്ള, ഐ റ്റി മേഖലയിൽ വൈദഗ്ദ്യമുള്ള, ഇംഗ്ലീഷ് പതിജ്ഞാനമുള്ള നമ്മുടെ യുവാക്കളെന്ന മനുഷ്യവിഭവമാണ്. ഈ യുവാക്കളാണ് മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി പണ്ട് കറുപ്പിന് അടിമകളായി ചൈനയിലെ ജനം മയങ്ങി നിഷ്ക്രിയരായി അടിമത്വ മനോഭാവത്തോടെ നിന്ന പോലെ നിൽക്കുന്നത് എന്ന് ഓർക്കുക.
മയക്കുമരുന്നിന്റെ ഉപയോഗം നമ്മുടെ യുവാക്കളിൽ ഒരു പറ്റത്തെ വളരെ ഭീകരമായ ഒരു അവസ്ഥയിൽ എത്തിച്ചിരിക്കുന്നു. കവർച്ചയും അക്രമവും തുടങ്ങി സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ വരെ യുവാക്കൾ പങ്കാളികളാവുന്ന ഏതൊരു സദാചാര വിരുദ്ധ പ്രവർത്തനമാണെങ്കിലും അതിലേക്ക വരെ നയിക്കുന്ന പ്രേരകശക്തി മദ്യവും മയക്കുമരുന്നുമാണെന്ന് നമുക്ക് കാണാം. ജനനവും മരണവും ഹർത്താലും ബന്ദും മറ്റു വിശേഷ ദിവസങ്ങളും എന്തിനേറെ സൗഹൃദം പോലും ഒരാഘോഷമാക്കുന്ന യുവതലമുറ ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാം കൊഴുപ്പിക്കാൻ മധുരിക്കുന്ന ഓർമ്മയാക്കാൻ മദ്യത്തിനും മയക്കുമരുന്നിനും പുറകേ പോകുമ്പോൾ വഴിയാധാരമാക്കുന്നത് അവരുടെ കുടുംബങ്ങളാണ് തകരുന്നത് ഒരു രാജ്യത്തിന്റെ പ്രതീക്ഷയാണ്. പ്രിയ യുവജനങ്ങളെ നാം ഉണരേണ്ട സമയമായിരിക്കുന്നു. മദ്യത്തിലും മയക്കുമരുന്നിലും ജീവിതം കണ്ടെത്തുന്ന നമ്മുടെ യുവജനങ്ങളെ രക്ഷിക്കേണ്ട ഉത്തരവാദിത്വം ഈ രാജ്യത്തിന്റെ ശോഭനമായ ഭാവിയും പുരോഗതിയും സ്വപ്നം കാണുന്ന യുവാക്കളായ നമ്മളിൽ തന്നെയാണ്. മനസ്സിനും ശരീരത്തിനും ആരോഗ്യമുള്ള ഒരു ജനതയെയാണ് കരുത്തരായ അദ്ധ്വാനശീലരായ യുവാക്കളുള്ള ഒരിന്ത്യയാണ് നമുക്കു വേണ്ടത് .അതിനുള്ള പരിശ്രമത്തിൽ നമുക്കൊന്നിച്ച് കൈകോർത്ത് മുന്നേറാം'
essay on മദ്യ ലോപി യുവാക്കെള ലക്ഷ്യമിടുന്നു
ReplyDeleteessay on മദ്യ ലോപി യുവാക്കെള ലക്ഷ്യമിടുന്നു
ReplyDelete