സാതന്ത്ര്യവും മൗലികാവകാശങ്ങളും ഇന്ത്യയിൽ ഇന്ന് .

ഞാൻ ഒരു ജാനാധിപത്യവിശ്വാസിയാണ് ഒപ്പം സ്വാതന്ത്ര്യവാദിയും.ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന അവകാശങ്ങൾ ഇന്ത്യയിലെ എല്ലാ  പൗരന്മാർക്കും ഉറപ്പാക്കപ്പെടും എന്ന് വിശ്വസിക്കുന്ന ഒരു ശരാശരി ഇന്ത്യക്കാരൻ
           സ്വാതന്ത്ര്യം കിട്ടി എഴുപതാണ്ട് പിന്നിടുന്ന ഇക്കാലത്ത് പൗരാവകാശങ്ങളേക്കുറിച്ച് ചിന്തിക്കുന്നത് ഉചിതമാകും എന്ന് വിചാരിക്കുന്നു.
1. തുല്യതയ്ക്കുള്ള അവകാശം
ജാതി, മത, വർഗ്ഗ, പ്രാദേശിക, സ്ത്രീ പുരുഷ പരിഗണനകൾക്കതീതമായി ഏവർക്കും തുല്യ അവസരം ഭരണഘടന വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ജാതി, മത, പ്രാദേശിക പ്രശ്നങ്ങളുടെ പേരിൽ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടിരുന്നവരെ മുഖ്യധാരയിലെത്തിക്കാനായാണ് സംവരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്ന് നടപ്പാക്കിയത്. വർഷങ്ങളായി മാറി മാറി വരുന്ന ഗവൺമെന്റുകൾ കോടിക്കണക്കിന് രൂപ ആദിവാസി വിഭാഗങ്ങളുടേയും മറ്റ് പിന്നോക്ക വിഭാഗങ്ങളുടേയും വികസനത്തിനായി ചെലവൊഴിച്ചിട്ടുണ്ട്. പക്ഷേ കേരളത്തേപ്പോലെ അപൂർവ്വം സംസ്ഥാനങ്ങളിലൊഴികെ ഈ ജനവിഭാഗങ്ങൾ എന്നു മാത്രം സമൂഹത്തിന്റെ മുഖ്യധാരയിലെത്തിയിട്ടുണ്ട് എന്ന് നാം മനസ്സിലാക്കുന്നത് നന്നായിരിക്കും. എവിടെയാണ് നമുക്ക് പിഴക്കുന്നത്? ആരാണ് ഉത്തരവാദി ? ഇവിടെ എല്ലാവരും തുല്യരാണോ? അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് ഇന്നും കുടിയൊഴിപ്പിക്കപ്പെടുന്നവന്റെ വിലാപവും ,ജാതിയുടേയും മതത്തിന്റേയും പേരിലുള്ള വിവേചനവും, അവകാശങ്ങളേക്കുറിച്ചു പോലും അറിവില്ലാതെ നിൽക്കുന്നവന്റെ നിസ്സഹായതയും നമുക്ക് കാണേണ്ടി വരുന്നത്. ഒരു വിഭാഗം സമ്പത്ത് കൈയടക്കുമ്പോൾ മറ്റൊരു വിഭാഗം തെരുവിൽ അലയുന്നു.വിദേശ ബാങ്കുകളിൽ പേരു വെളിപ്പെടുത്താത്ത അക്കൗണ്ടുകളിൽ നിക്ഷേപം കുമിഞ്ഞു കൂടുമ്പോൾ നാട്ടിൽ കർഷകർ കടക്കെണിയിൽ പെട്ട് ആത്മഹത്യ ചെയ്യുന്നു. നാം ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എല്ലാ മൃഗങ്ങളും തുല്യരാണ് എന്നാൽ ചില മൃഗങ്ങൾ മറ്റു മൃഗങ്ങളേക്കാൾ തുല്യരാണ് എന്ന ജോർജ് ഓർ വലിന്റെ ആനിമൽ ഫാമിലെ വാചകങ്ങൾ നമ്മുടെ ജനാധിപത്യത്തെ നോക്കി ആരെങ്കിലും പറഞ്ഞാൽ അതിൽ അതിശയോക്തിയുണ്ടോ ?
2. അഭിപ്രായ സ്വാതന്ത്ര്യം, സംഘടിക്കാനും, സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യം -
പ്രതികരിക്കാനും, പ്രതിഷേധിക്കാനും, തെറ്റുകൾ ചൂണ്ടിക്കാണിച്ച് തിരുത്താനും ശേഷിയുള്ള ജനങ്ങളാണ് ജനാധിപത്യത്തിന്റെ നെടുംതൂണുകൾ ' ,ഒരു സംഘടിത രൂപമെന്ന നിലയിൽ പത്ര മാധ്യമങ്ങളും ടെലിവിഷൻ വാർത്താ ചാനലുകളും സോഷ്യൽ മീഡിയയുമാണ് ഇന്ന് ഈ ധർമ്മം നിർവഹിക്കുന്നത്. ജനകീയ പ്രശ്നങ്ങളാണ്, ജനാഭിപ്രായമാണ് സ്വാഭാവികമായി മാധ്യമങ്ങളിൽ വരേണ്ടത് .പക്ഷേ പല മാധ്യമങ്ങളും ശരിയായ മാധ്യമ ധർമ്മമാണോ ഇന്ന് നിർവഹിക്കുന്നത്? ആരുടെ താല്പര്യമാണ് അവർ സംരക്ഷിക്കുന്നത്? ഉയർന്നു വരുന്ന ജനകീയ പ്രശ്നങ്ങളോടും പ്രക്ഷോഭങ്ങളോടും ഗവൺമെൻറുകളുടെ നിലപാടെന്താണ്? നമ്മുടെ വ്യക്തിസ്വാതന്ത്ര്യവും ,സഞ്ചാരസ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നുണ്ടോ? നാളെയുടെ വാഗ്ദാനങ്ങളായ  6-14 പ്രായത്തിലുള്ളവരെ വിദ്യാലയത്തിലെത്തിച്ച് ശരിയായ വിദ്യാഭ്യാസം നൽകാൻ നമുക്കാവുന്നുണ്ടോ?    ജനാധിപത്യവാദിയായ ഏതൊരു പൗരനും ഉണർന്ന് ചിന്തിച്ച് പരിഹാരം നിർദ്ദേശിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
3 ചൂഷണം ചെയ്യപ്പെടാതിരിക്കാനുള്ള അവകാശം
അതിജീവിക്കാൻ ത്രാണിയുള്ളത് അതിജീവിക്കും അല്ലാത്തത് നശിക്കും എന്നാണ് പരിണാമ സിദ്ധാന്തത്തിൽ ചാൾസ് ഡാർവിൻ പറയുന്നത് .എന്നാൽ അതിജീവിക്കാൻ ത്രാണിയില്ലാത്തവർക്ക് അതിജീവനത്തിന്നുള്ള ത്രാണിയുണ്ടാക്കലാണ് ജനാധിപത്യത്തിന്റെ ധർമ്മമെന്ന് നമ്മുടെ ഭരണഘടന നമ്മെ ഓർമ്മിപ്പിക്കുന്നു. ബാലവേലയില്ലാത്ത, തൊഴിൽ മേഖലയിൽ ചൂഷണമില്ലാത്ത, മനുഷ്യക്കടത്തില്ലാത്ത ഒരിന്ത്യയാണ് നാം വിഭാവനം ചെയ്യുന്നത്. ചൂഷകരും, ചൂഷിതരുമില്ലാത്ത ,സമത്വ ഭാവനയോടെ മുന്നേറുന്ന ജനങ്ങളുള്ള ഒരിന്ത്യയാണ് നമുക്ക് വേണ്ടത് '
4. മതസ്വാതന്ത്ര്യം
നമ്മുടെ രാജ്യത്തിന് ഒരു ഔദ്യോഗിക മതമില്ല. മതനിരപേക്ഷതയാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത്. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ആചാരാനുഷ്ഠാനങ്ങൾ പിൻതുടരാനുമുള്ള അവകാശം ഏവർക്കുമുണ്ട്. അതോടൊപ്പം മറ്റു മതങ്ങളേയും വിശ്വാസങ്ങളേയും മാനിക്കേണ്ട ഉത്തരവാദിത്വവും നമുക്കുണ്ട്. എല്ലാ മതങ്ങളും ഒരു വലിയ വ്യക്ഷത്തിന്റെ ശാഖകൾ മാത്രമെന്ന ശ്രീരാമകൃഷ്ണ പരമഹംസരുടെ കാഴ്ചപ്പാട് ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. സ്വന്തം മതത്തോടുള്ള സ്നേഹം മറ്റു മതങ്ങളോടുള്ള അസഹിഷ്ണുതയായി വളുന്നതും ,ഒരു പറ്റം ആളുകൾ അറിഞ്ഞോ അറിയാതെയോ മതമൗലിക വാദികളുടേയും വിഘടനവാദികളുടേയും വക്താക്കളാവുന്നതും സമീപകാല ചരിത്രമാണ്. അതിനെതിരെ നാം  ജാക രൂകരാകേണ്ടിയിരിക്കുന്നു.
5. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം.
1652 ഭാഷകൾ  ഇന്ത്യയിലെ ജനങ്ങൾ സംസാരിക്കുന്നുണ്ട്. മുസ്ലീം, ക്രിസ്ത്യൻ, സിക്ക്, പാഴ്സി ,ബുദ്ധ വിഭാഗങ്ങളുൾപ്പെടെ വിവിധ ന്യൂനപക്ഷ മതവിഭാഗങ്ങൾ ഇന്ത്യയിലുണ്ട്. എല്ലാ ഭാഷാ, ന്യൂനപക്ഷ വിഭാഗങ്ങൾക്കും തങ്ങളുടെ സംസ്കാരവും ഭാഷയും, ലിപിയും സംരക്ഷിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്നുണ്ട് .ഈ അവകാശം ഉറപ്പു വരുത്തുന്നതിനായി വിദ്യാഭ്യസ സ്ഥാപനങ്ങൾ ആരംഭിക്കാനും അത് നടത്തിക്കൊണ്ട് പോകുവാനുമുള്ള സ്വാതന്ത്ര്യം ന്യൂനപക്ഷ വിഭാഗങ്ങൾക്കുണ്ട്  കേരളമുൾപ്പെടെ പല സംസ്ഥാനങ്ങളുടേയും വിദ്യാഭ്യാസ പുരോഗതിയിൽ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഹിച്ചിട്ടുള്ള പങ്ക്  വളരെ വലുതാണ്  .പക്ഷേ സമീപകാലത്ത് ചില ന്യൂനപക്ഷ സ്ഥാപനങ്ങൾ സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിയെന്ന വലിയ ലക്ഷ്യം വിട്ട് കച്ചവടമെന്ന സങ്കുചിത താല്പര്യത്തിലേക്ക് മാറിയോയെന്ന് ന്യൂനപക്ഷ വിഭാഗങ്ങൾ പോലും ശങ്കിക്കുന്നതിൽ വാസ്തവമില്ലാതില്ല.
6. ഭരണഘടനാപരമായ അവകാശ സംരക്ഷണം  .
സാമൂഹികവും സാമ്പത്തികവുമായ അസമത്വം നിലനിൽക്കുന്ന കാലത്തോളം പൗരന്മാർക്ക് അവകാശ സംരക്ഷണത്തിനായി കോടതിയെ സമീപിക്കേണ്ടി വരും. കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നതും, കേസുകൾ തീർപ്പാക്കുന്നതിനുമുള്ള കാലതാമസം നേരിടുന്നതും ഇന്ന് ഏവരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. കേസുകൾ വർദ്ധിക്കുന്നതിനനുസരിച്ച് കോടതികളുടേയും ജഡ്ജിമാരുടേയും എണ്ണം വർദ്ധിപ്പിക്കുന്നില്ല എന്നത് ഒരു പ്രശ്നമാണ്. നിലവിലുള്ള ഒഴിവുകൾ പോലും നികത്തപ്പെടാത്ത സാഹചര്യമാണ് നിലവിലുളളത് എന്ന് പറയപ്പെടുന്നു. പ്രസ്തുത പ്രശ്നത്തിൽ ഒരു സുപ്രീം കോടതി ജഡ്ജി തന്നെ മാധ്യമങ്ങൾക്കു മുന്നിൽ വികാരാധീനനാവുന്നത് നാം കണ്ടതാണല്ലോ. കോടതികളിൽ ജനങ്ങൾക്കുള്ള വിശ്വാസമാണ് നീതിന്യായ വ്യവസ്ഥയുടെ ആധാരം.അത് തകരാതെ കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്വം ഏവർക്കുമുണ്ട്.
                ഇന്ത്യയെന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരന്മാരെന്നതിൽ ഊറ്റം കൊള്ളുന്നവരാണ് നാമേവരും . എന്തൊക്കെ പോരായ്മകൾ ചൂണ്ടിക്കാണിച്ചാലും നമ്മുടെ ജനാധിപത്യ സംവിധാനത്തിന് പകരം വയ്ക്കാവുന്ന ഒരു ഭരണ സംവിധാനവും ലോകത്തില്ല. ഒന്നാമതായി നാമൊക്കെ ഇന്ത്യക്കാരാണ് അതിനു ശേഷം മാത്രമേ മലയാളികളും, തമിഴ്നാട്ടുകാരും, കർണ്ണാടകക്കാരും, സിക്കുകാരും, കാശ്മീരി കളുമൊക്കെയാവുന്നുള്ളു. ഒന്നാമതായി നാമിന്ത്യക്കാരാണ് അതിനു ശേഷം മാത്രമേ ഹിന്ദുവും, മുസൽമാനും, ക്രിസ്ത്യനും, സിക്കുകാരനും, പാഴ്സിയുമൊക്കെയാവുന്നുള്ളു. അതിനാൽ നമുക്ക് അഭിമാനത്തോടെ ലോകത്തോട്  വിളിച്ചു പറയാം ...... കാണുക ..... ലോകമേ .....കാണുക...... 132 കോടി ഇന്ത്യക്കാരുടെ ഒരേയൊരിന്ത്യയേ കാണുക...... ജയ് ഭാരത്

Comments

Popular posts from this blog

മദ്യവും മയക്കുമരുന്നും മാറുന്ന യുവതലമുറയും

Relationship between Parents and child. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം

Communalism and Indian Politics (വർഗ്ഗീയതയും ഇന്ത്യൻ ജനാധിപത്യവും )