നഴ്സിങ്ങ് മേഖലയിലെ സമരം -സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ മാനങ്ങൾ -
2011 ഒക്ടോബർ മാസം 16ാം തിയതി മുംബൈ ഏഷ്യൻ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിലെ ബീനാ ബേബി എന്ന തൊഴുപുഴക്കാരി നഴ്സ് ആത്മഹത്യ ചെയ്തു. ആത്മഹത്യയ്ക്ക് കാരണം മാനേജുമെൻറിന്റെ പീഢനം. മാനേജുമെന്റ് നഴ്സുമാരെ നിയമിക്കുന്നത് രണ്ടു വർഷത്തെ കോൺട്രാക്ടിനാണ് .സർട്ടിഫിക്കറ്റുകൾ മാനേജുമെന്റ് വാങ്ങി വയ്ക്കും.രണ്ടു വർഷം പൂർത്തിയാകും മുമ്പ് ജോലിയവസാനിപ്പിച്ച് മാറണമെങ്കിൽ മാനേജുമെന്റിന് 50,000 രൂപ നഷ്ടപരിഹാരം നൽകണം.നാട്ടിൽ നിന്ന് 12000 രൂപ വേതനം ഒരു ഏജൻറു വഴി സമ്മതിച്ച് മുബൈയിലെ ഏഷ്യൻ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിക്കെത്തിയ ബീനാ ബേബിക്ക് ശമ്പളമായി ലഭിച്ചത് 10,000 രൂപ മാത്രം. ബീന മറ്റൊരു ഹോസ്പിറ്റലിൽ ഇൻറർവ്യൂവിന് പോയത് മാനേജുമെന്റിനെ ചൊടിപ്പിച്ചു. ദിവസം 12 മണിക്കൂർ ജോലി സമയം .സർട്ടിഫിക്കറ്റ് തിരികെ കിട്ടാൻ മാനേജുമെന്റിന് നൽകേണ്ടത് 50000 രൂപ. ഇരുപത്തിരണ്ട് വയസ്സു പ്രായമുള്ള അവൾ ആത്മഹത്യ ചെയ്തു.മറ്റു നഴ്സുമാർ മാനേജുമെന്റിന്റെ പീഢനത്തിനെതിരെ , ബോണ്ട് സംവിധാനത്തിനെതിരെ , മിനിമം കൂലി നിഷേധിക്കന്നതിനെതിരെ, പന്ത്രണ്ടു മണിക്കൂറിൽ കൂടുതൽ ജോലി തുടർച്ചയായി ചെയ്യേണ്ടി വരുന്നതിനെതിരെ സമരം ചെയ്തു. പോലീസ് ലാത്തിച്ചാർജിൽ രണ്ടു മൂന്നു നഴ്സുമാർക്ക് പരിക്കുപറ്റി. നഴ്സിങ്ങ് വിദ്യാഭ്യാസം കഴിഞ്ഞ് സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന സാധാരണ കുടുംബങ്ങളിൽ നിന്നുള്ള എല്ലാ നഴ്സുമാരുടേയും അനുഭവം ഒന്നു തന്നെയാണ്. മുംബൈ ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഇന്ത്യയൊട്ടുക്ക് നഴ്സുമാരിൽ അവകാശബോധമുണ്ടാക്കി എന്നതൊരു വസ്തുതയാണ്. ആരോഗ്യമേഖലയിൽ ബഹുദൂരം മുന്നോട്ടു പോയിട്ടുള്ള ,സ്വകാര്യ മേഖലയിൽ ഒരു പാട് ഹോസ്പിറ്റലുകളുള്ള കേരളത്തിലും നഴ്സുമാരുടെ അവസ്ഥ അതീവ ദയനീയം തന്നെയായിരുന്നു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA)
2011 നവംബർ മാസം 6 ന് UNA സ്ഥാപിതമായി. കേരളത്തില ങ്ങോളമിങ്ങോളമുള്ള സ്വകാര്യ ഹോസ്പിറ്റലിലെ നഴ്സുമാർ മാനേജുമെന്റുകളുടെ എതിർപ്പിനെ വകവയക്കാതെ UNA യിൽ അംഗങ്ങളായി.
നഴ്സിങ്ങ് മേഖലയിലെ പ്രശ്നങ്ങൾ -
1 ) നഴ്സിങ്ങ് മേഖല അസംഘടിത തൊഴിലാളികളുടെ മേഖലയാണ്. ട്രേഡ് യൂണിയനുകളുടെ പ്രവർത്തനങ്ങളെ മാനേജുമെൻറുകൾ നിരുത്സാഹ പ്പെടുത്തിയിരുന്നു. പുറത്തു നിന്നുള്ള ഇടപെടൽ ഒഴിവാക്കാനായി ഹോസ്പിറ്റലിലെ മുഴുവൻ ജീവനക്കാർക്കും ചേർന്ന് ഒരു സംഘടന ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്നതിനെ മാനേജ്മെന്റ് പ്രോത്സാഹിപ്പിക്കും. സംഘടനാ ഭാരവാഹികൾ മാനേജുമെന്റിന്റെ ആജ്ഞാനു വർത്തികളായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ.
2) 2009 വരെ നഴ്സിങ്ങ് മേഖലയിൽ സ്ത്രീകൾ മാത്രമാണ് പ്രധാനമായും ജോലി ചെയ്തിരുന്നത്. എന്നാൽ അതിനു ശേഷം പുരുഷ പ്രാതിനിധ്യം വർദ്ധിച്ചു. കഠിനമായ ജോലിയും, തുച്ഛമായ വേതനവും അവരെ അലോസരപ്പെടുത്തി.
3) 2009 ലെ മിനിമം വേജ് ആക്ട് പ്രകാരം ഒരു നഴ്സിന് മിനിമം 8000 രൂപ ശമ്പളമായി നൽകേണ്ടതാണ്. എന്നാൽ മിക്ക മാനേജുമെന്റുകളും നൽകിയിരുന്നത് 3000 രൂപ ഏറിയാൽ 5000 എന്ന തോതിലാണ്.
4) 12 മണിക്കൂറോ അതിൽ കൂടുതലോ തുടർച്ചയായി ജോലി ചെയ്യേണ്ടി വരുന്നതും , അവധി ലഭിക്കാത്തതും നഴ്സുമാരെ മാനസിക സംഘർഷ ത്തിലാക്കി.
5) ഒരു വർഷത്തെ ക്ലനിക്കൽ പരിചയം ഉള്ളവരെ മാത്രം നഴ്സുമാരായി നിയമിച്ചാൽ മതി എന്ന കേരളാ പൈവറ്റ് ഹോസ്പിറ്റൽ മാനേജുമെന്റിന്റെ തീരുമാനം INC യുടേയും ഗവൺമെന്റിന്റേയും നിയമങ്ങൾക്കു വിധേയരായി പഠിച്ചിറങ്ങുന്ന നഴ്സിങ്ങ് വിദ്യാത്ഥികളുടെ ട്രെയിനിങ്ങ് കാലാവധി ഒരു വർഷം കൂടി ദീർഘിക്കാൻ കാരണമായി. സ്റ്റാഫ് നഴസുമാരേക്കാൾ പരിശീലനത്തിനെത്തുന്നവരെ വച്ചാണ് മിക്ക സ്വകാര്യ ആശുപത്രികളും പ്രവർത്തിക്കുന്നത്. അവരുടെ ജോലി സമയത്തിനോ, സ്റ്റെഫെൻറിനോ പ്രത്യേക നിബന്ധനകളൊന്നുല്ലതാനും.
6) ശക്തമായ നിയമങ്ങൾ നിലനിന്നിരുന്നു എങ്കിൽ പോലും സ്വകാര്യ ഹോസ്പിറ്റൽ മാനേജുമെന്റുകൾ കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ ഒരു ചുരുങ്ങിയ കാലയളവിലേക്കാന്ന് നഴ്സുമാരെ നിയമിച്ചുകൊണ്ടിരുന്നത്. അവകാശങ്ങൾ ചോദിക്കുന്നവരേയും മാനേജുമെന്റിന്റെ ആജ്ഞാനു വർത്തികളല്ലാത്തവരേയും ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. ജോലി സ്ഥിരതയില്ലായ്മ ഈ മേഖലയിൽ ഒരു പ്രശ്നമായി നിലനിന്നു.
7 ) ഇടത്തരം ,അല്ലെങ്കിൽ അതിലും താണ സാമ്പതികസ്ഥിതിയിലുള്ള കുടുംബങ്ങളിൽ നിന്ന് ബാങ്ക് ലോണിന്റെ സഹായത്തോടെ പഠനം പൂർത്തിയാക്കിയവരാണ് സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാരേറെയും. കിട്ടുന്ന ശമ്പളം പലിശയടിക്കാൻ പോലും തികയാതെ പലരും ബാങ്കുകളുടെ ജപ്തി ഭീഷണി നേരിട്ടു.
സമരത്തിന്റെ സവിശേഷതകൾ
1 ) UNA യുടെ നേത്യത്വത്തിൽ കേരളത്തിലെ എല്ലാ പ്രധാന ഹോപ്പിറ്റലുകളിലും ഒരേ സമയത്താണ് സമരം ആരംഭിച്ചത്. കൃത്യമായി 14 ദിവസത്തെ നോട്ടീസ് പ്രയാസങ്ങളും അവശ്യങ്ങളും ഉന്നയിച്ച് മാനേജുമെന്റിന് നൽകിയിരുന്നു. സമരത്തിന്റെ നേതൃസ്ഥാനത്ത് പുരുഷ ന്മാരായിരുന്നു എങ്കിലും സമരമുഖത്ത് നിറഞ്ഞു നിന്നത് വനിതകളായിരുന്നു.
2) ഒരു രാഷ്ട്രീയ, മത ,സാമുദായിക സംഘടനകളുടേയും പിൻബലമില്ലാതെ അസംഘടിതമേഖലയിലെ തൊഴിലാളികൾ സംഘടിച്ച് ആസൂത്രണം ചെയ്ത് നടത്തിയ സമരമായിരുന്നു നഴ്സിങ്ങ് മേഖലയിലെ സമരം.
3) സമരത്തെ നേരിടാൻ മാനേജു മെൻറുകൾ സ്വീകരിച്ചത് ഡിവൈഡ് ആന്റ് റൂൾ പോളിസിയായിരുന്നു. സമരനേതാക്കന്മാരുടെ ജാതി പറഞ്ഞു നോക്കി, നേതാക്കന്മാരുടെ രാഷ്ട്രീയ കുടുംബപശ്ചാത്തലം പറഞ്ഞു നോക്കി, വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പ്രശ്നമാക്കാൻ ശ്രമിച്ചു. എന്നിട്ടും സമരത്തെ പൊളിക്കാൻ കഴിഞ്ഞില്ല.
4) ഗുണ്ടകളെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്തുക എന്ന നയമാണ് മാനേജുമെൻറുകൾ സ്വീകരിച്ചത്. പല ആശുപത്രികളിലും സമരം ചെയ്യുന്ന നേഴ്സുമാർക്കു നേരെ കൈയേറ്റമു ണ്ടായി. സമര നേതാക്കന്മാരെ പ്രത്യേകം തെരഞ്ഞുപിടിച്ച് ആക്രമിക്കുകയു ണ്ടായി.
5) ഇസ്ലാമോഫോബിയ, മാവോയിസ്റ്റ് ഭീഷണി, സമരനേതാക്കളുടെ പൂർവ്വകാല ചരിത്രം ,ധാർമ്മികത മുതലായവ പറഞ്ഞ് സമരത്തെ തകർക്കാനുള്ള മാനേജുമെന്റിന്റെ ശ്രമം നഴ്സുമാരുടെ വർഗ്ഗ ബോധത്തിനു മുന്നിൽ തകർന്നു വീഴുന്നത് കാണുവാൻ സാധിച്ചു.
6) സമരമുഖത്തുണ്ടായിരുന്ന അവിവാഹിതരായ നഴ്സുമാരുടെ വിവാഹ ജീവിതത്തിന്റെ ഭദ്രത, സാമൂഹിക നിരുത്തരവാദിത്വം മുതലായ ഘടകങ്ങളെല്ലാം മാനേജുമെന്റുകൾ ആയുധമാക്കിയെങ്കിലും സമരത്തിന്റെ ഊർജ്ജം ചോർന്നില്ല.
7) കേരളത്തിലെ സ്വകാര്യ മേഖലയിലെ ഹോസ്പിറ്റലുകളെല്ലാം ചില വൻകിട ബിസിനസുകാരുടേയോ, രാഷ്ട്രീയ നേതാക്കളുടേയോ, പേരെടുത്ത ഡോക്ടർമാരുടേയോ, മത സാമൂഹിക സംഘടനകളുടേയോ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ളതാണ്. ഗവൺമെന്റും , രാഷ്ട്രീയ പാർട്ടികളും, തൊഴിലാളി സംഘടനകളും സമരം ചെയ്യുന്ന നഴ്സുമാരുടെ ആവശ്യങ്ങളോട് അനുഭാവം പ്രകടിപ്പിച്ചിരുന്നു. പക്ഷേ അനുഭാവപ്രകടനത്തിനപ്പുറത്തേക്ക് കാര്യങ്ങൾ കൊണ്ടുപോയി ശക്തമായ മാനേജുമെന്റ് ലോപിയുടെ അപ്രീതിക്ക് പാത്രമാവാൻ ആരംഭ ഘട്ടങ്ങളിലൊന്നും അവർ ആഗ്രഹിച്ചിരുന്നില്ല.
8) സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ മാതാപിതാക്കളുടെ ഒരു സംഘടന നിലവിൽ വന്നു. അവർ നഴ്സുമാർക്ക് ശക്തമായ പിൻതുണ നൽകുന്നു.
9) 2011 മുതൽ ഘട്ടം ഘട്ടമായി ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി കേരളത്തിലെ നഴ്സുമാർ നടത്തിക്കൊണ്ടിരിക്കുന്ന സമരം 2017 ലും തുടരുകയാണ്. അതിശക്തമായ സ്വകാര്യ മാനേജുമെന്റിനെതിരെ ഒരു രാഷ്ട്രീയ പാർട്ടിയുടേയോ, മതത്തിന്റേയോ,സാമുദായിക സംഘടനയുടേയോ പിൻബലമില്ലാതെയാണ് എന്നതൊരു പ്രത്യേകതയാണ്. ഒടുവിൽ സുപ്രീം കോടതി വിധിയ്ക്കനുസരിച്ചുള്ള മിനിമം വേതനം 20000 രൂപ നേടിയെടുക്കാൻ അവർക്കായിരിക്കുന്നു.
ഇനിയുമുണ്ട് നഴ്സിങ്ങ് മേഖലയിൽ ഒരു പാടു കാര്യങ്ങൾ നേടിയെടുക്കാൻ, പ്രശ്നങ്ങൾ പരിഹരിക്കപ്പെടാൻ.നഴ്സിങ്ങ് മേഖലയിലെ സമര വിജയം മറ്റ് അസംഘടിതമേഖലയിലെ തൊഴിലാളികൾക്കെല്ലാം ഒരു പ്രചോദനമാണ്. സ്വകാര്യ സ്കൂളുകളിലെ അദ്ധ്യാപകർ, തുണിക്കടകളിലെ സെയിൽസ് മാൻമാർ, എന്തിനേറെ ഐ.റ്റി മേഖലയിൽ പണിയെടുക്കുന്നവർ ഏവരും സംഘടിച്ചു തുടങ്ങിയിരിക്കുന്നു. ഒരു വലിയ മാറ്റത്തിനായി ,പണിയെടുക്കുന്നവന് ന്യായമായ കൂലി എന്ന ആവശ്യത്തിനായി നമുക്കൊന്നിച്ച് മുന്നേറാം....
Comments
Post a Comment