3. My Memories (എന്റെ ഓർമ്മകൾ )
അച്ഛന്റെ അച്ഛൻ ഔസേപ്പ് വലിയ ശുണ്ഠിക്കാരനാണ്. ഇടയ്ക്കൊക്കെ വീട്ടിൽ വരും. പഴയ പട്ടാളക്കാരനാണ്. ബർമ്മയിലൊക്കെ യുദ്ധത്തിന് പോയിട്ടുണ്ട്. ടാങ്കറു തകർത്തതും മൈൻ പൊട്ടിയതും. ജപ്പാൻകാരനെ തോക്കിന്റെ ബോണറ്റിന് കുത്തിയതും ഒക്കെ നിർത്താതെ പറഞ്ഞു കൊണ്ടിരിക്കും. വർഷത്തിൽ ഒരു പ്രാവശ്യമേ വരൂ. വന്നാൽ നാലഞ്ചു ദിവസം താമസിക്കും. അമ്മയ്ക്കും അച്ഛനുമൊക്കെ അച്ഛന്റെയച്ചനെ പേടിയാണ്. രണ്ടു പേരും വിനയത്തോടെയേ സംസാരിക്കൂ.
കൂടെ അച്ഛന്റെ അമ്മയുമുണ്ടാകും. മുണ്ടും ചട്ടയുമാണ് വേഷം. കാതിൽ വലിയ മേക്കാക്കുണുക്ക് അടിക്കൊണ്ടിരിക്കും.വെള്ളമുണ്ട് വിശറി പോലെ ഞെറിയിട്ടുടുക്കും. പാവമാണ്.
അവരു വരുന്നത് അമ്മയ്ക്കിഷ്ടമല്ല. ...
എല്ലാ ദിവസവും പലഹാരമുണ്ടാകണം. ദിവസവും കോഴിക്കറി വയ്ക്കണം. നിങ്ങടെ കാർന്നോമ്മാര് തിരിച്ചു പോകുമ്പോഴേക്കും എന്റെ കോഴിക്കൂടു കാലിയാവും .... അമ്മ അച്ഛനോട് പറഞ്ഞു കൊണ്ടിരിക്കും. ...
നീയൊന്ന് മിണ്ടാതിരിക്ക് .. അവരു കേൾക്കും.... വർഷത്തിലൊരിക്കലല്ലേ വരുന്നുള്ളു.അച്ഛൻ അമ്മയെ സമാധാനിപ്പിക്കും. ..
അച്ഛന്റെയമ്മയെ ഞങ്ങൾക്കിഷ്ടമാണ്. കഥ കേൾക്കാൻ ഞാനുമനിയനും അടുത്തു ചെന്നിരിക്കും.
ഇന്നൊരു മുയലിന്റെ കഥപറയാമോ? ഒരാട്ടിൻ കുട്ടിയുടെ കഥ പറയാമോ? ഒട്ടകത്തിന്റെ, കുറുക്കന്റെ....... അനിയൻ ഒന്നു തീരുമ്പോൾ മറ്റൊരു കഥ ചോദിച്ചു കൊണ്ടേയിരിക്കും. അച്ഛന്റമ്മക്ക് എഴുതാനുമറിയില്ല വായിക്കാനുമറിയില്ല .. എന്നാലും ഒരു പാട് കഥയറിയാം....
ഒരിക്കൽ അനിയൻ ഉറങ്ങാതെ അമ്മയുടെ അടുത്ത് ശാഠ്യം പിടിച്ച് കരഞ്ഞപ്പോൾ അച്ഛന്റമ്മ നീട്ടി വിളിച്ചു.....
കുഞ്ഞൂട്ടൻ ഇങ്ങട്ട് വാ.. അനിയനെ എല്ലാവരും വിളിക്കുന്നത് കുഞ്ഞൂട്ടൻ എന്നാണ്...
അനിയൻ ചിണുങ്ങി ചിണുങ്ങി... അടുത്തു ചെന്നു.. കരയാതിരുന്നാൽ അച്ഛന്റമ്മ ഒരു കഥ പറയാം... അനിയൻ കരച്ചിൽ നിർത്തി ... അച്ഛന്റമ്മ കഥ പറഞ്ഞു തുടങ്ങി....
ഒരു തള്ളയാടിന് മൂന്നു കുട്ടികളുണ്ടായിരുന്നു. അതിൽ മൂത്തത് ഒരു മുട്ടനാട്ടിൻ കുട്ടിയാണ്. അവൻ മഹാവികൃതിയാണ്. മറ്റ് ആട്ടിൽ കുട്ടികളെ ഇടിക്കും. അവരുടെ പ്ലാവില തട്ടിപ്പറിക്കും. .. അമ്മ പറയുന്നതൊന്നും അനുസരിക്കാതെ കൂട്ടം വിട്ട് അവൻ അലഞ്ഞു നടക്കും. തള്ളയാട് പറയും .മോനേ.. കൂട്ടം തെറ്റി നടക്കരുത്. ചെന്നായ പിടിക്കും. .. അവനതൊന്നും കേൾക്കില്ല. എപ്പോഴും അലഞ്ഞു നടക്കും. .ഒരിക്കലവൻ കൂട്ടം തെറ്റി നടന്നു നടന്ന് കാട്ടിലെത്തി.പെട്ടെന്ന് കാറ്റും മഴയും വന്നു. ഭയങ്കര ഇടിയും . .. അവൻ തള്ളയാടിനടുത്തെത്താനായി ഓടി. പക്ഷേ വഴി തെറ്റിപ്പോയി... കോരിച്ചൊരിയുന്ന മഴ..
തണുത്തു വിറയ്ക്കുന്നു. .. മഴ നനയാതിരിക്കാൻ ഒരു ഗുഹയിൽ കയറി നിന്നു. ഒരു കൗതുകത്തിന് അകത്തേക്ക് നടന്നു . ഗുഹയ്ക്കകം നിറയെ എല്ലും, തോലും, നഖങ്ങളും, മുള്ളൻ പന്നിയുടെ മുള്ളും .... അവൻ പേടിച്ചു വിറച്ചു.
ഗുഹയ്ക്കു പുറത്തു നിന്ന് കാൽപ്പെരു മാറ്റം കേട്ടു തുടങ്ങി.... ഒപ്പം മുരൾച്ചയും... അത് കാട്ടിലെ രാജാവായ സിംഹത്തിന്റെ ഗുഹയായിരുന്നു...
ആരോ തന്റെ ഗുഹയ്ക്കകത്തു കയറിയിട്ടുണ്ടെന്ന് സിംഹത്തിന് മനസ്സിലായി... ആരാടാ ഇത്ര ധൈര്യത്തോടെ തന്റെ ഗുഹയിൽ കയറാൻ.. എന്തായാലും കാട്ടിലെ രാജാവായ തന്റെ ഗുഹയിൽ കയറിയവൻ നിസ്സാരനാവാൻ തരമില്ല . .. സിംഹം മനസ്സിൽ പറഞ്ഞു. ആരായാലും ചോദിക്ക തന്നെ. സിംഹം അലറി....
ആരടാ എന്റെ ഗുഹയിൽ ഇറങ്ങി വാടാ....
ആട്ടിൻ കുട്ടി പേടിച്ചു വിറച്ചു... സിംഹത്തിന്റെ ആഹാരമായതുതന്നെ.. രക്ഷപെടാൻ എന്താണു മാർഗ്ഗം .. അവൻ ആലോചിച്ചു. ... ഒടുവിൽ രണ്ടും കൽപ്പിച്ച് വിളിച്ചു പറഞ്ഞു.
ഞാനാടാ.... കേറി വാടാ ഇങ്ങോട്ട് .. കുറേക്കാലമായി സിംഹത്തിന്റെ ഇറച്ചി തിന്നിട്ട്.... സിംഹത്തിന് പിന്നെയും സംശയമായി.. എന്നാൽ നിന്റെ രണ്ടു രോമം പറിച്ച് പുറത്തേക്കിടടാ..... സിംഹം വിളിച്ചു പറഞ്ഞു.
ആട്ടിൻകുട്ടി മുള്ളൻപന്നിയുടെ രണ്ട് മുള്ളെടുത്ത് പുറത്തേക്കിട്ടു.... സിംഹം ഞെട്ടി... ഇത്രയും വലിയ രോമമുള്ള ജീവി നിസ്സാരനല്ലല്ലോ.
നിന്റെയൊരു നഖം കൂടി പുറത്തേക്കിടടാ.. സിംഹം മുരണ്ടു.
ആട്ടിൻകുട്ടി ഒരു ആമത്തോടെടുത്ത് പുറത്തേക്കിട്ടു. ....ഇത്രയും വലിയ നഖമോ..സിംഹത്തിന് മനസ്സിലായി അകത്തുള്ളത് ഏതോ ഭയങ്കര ജീവിയാണ്.... ഇവിടെ നിന്ന് രക്ഷപെടുന്നതാണ് നല്ലത്..
സിംഹം മുരണ്ടു കൊണ്ട് നടന്നകന്നു.
ആട്ടിൻ കുട്ടി കാതോർത്തു .പുറത്ത് അനക്കമൊന്നും കേൾക്കുന്നില്ല..
അവൻ പതിയെ പുറത്തു കടന്നു. ജീവനും കൊണ്ട് ഓടി ..... എങ്ങനെയൊക്കെയോ ചുറ്റിക്കറങ്ങി അമ്മയുടെ അടുത്തെത്തി.അതിനു ശേഷം അവൻ കൂട്ടം വിട്ട് ദൂരേക്കെങ്ങും പോവാറില്ല. ...
അതുവരെ മൂളിക്കൊണ്ടിരരുന്ന അനിയൻ ഉറക്കമായി. അമ്മയവനെ എടുത്തു കൊണ്ടുപോയി.... ഞാൻ പിന്നെയും അച്ഛന്റ മ്മയെ ചുറ്റിപ്പറ്റി അവിടെത്തന്നെ നിന്നു.
എടാ ചെറുക്കാ നിനക്ക് കിടക്കാറായില്ലേ.... അപ്പുറന്നെ മുറിയിൽ നിന്ന് അമ്മയുടെ ശബ്ദമുയർന്നു. ... ഞാൻ മനസ്സില്ലാ മനസ്സോടെ ഉറങ്ങാൻ പോയി.....
അത് അച്ഛന്റമ്മ പറഞ്ഞ അവസാനത്തെ കഥയായിരുന്നു. .... അവരുടെ അവസാന സന്ദർശനവും...
....................................................
മഴയുള്ള ഒരു രാത്രി നല്ല ഉറക്കത്തിൽ നിന്ന് അമ്മ ഞങ്ങളെ കുലുക്കി വിളിച്ചു....
എടാ... എണീക്ക്... എണീക്ക്....
അനിയനും ഞാനും ഇഷ്ടപ്പെടാതെ എഴുന്നേറ്റിരുന്ന് കണ്ണു തിരുമി.. കോട്ടുവായിട്ടു.
ഞങ്ങൾക്ക് പരിചയമില്ലാത്ത ആരൊക്കെയോ വീടിന്റെ ഉമ്മറത്ത് അച്ഛനുമായി സംസാരിക്കുന്നുണ്ട്.. അമ്മയുടെ മുഖത്ത് വല്ലാത്ത പരിഭവമുണ്ട്.. കണ്ണുകൾ നിറഞ്ഞിരിക്കുന്നു...
അമ്മ അനിയനെ എടുത്തു കൊണ്ടുപോയി മുഖം കഴുകിച്ചു.... ഉമിക്കരിയിട്ട് പല്ലുതേപ്പിച്ചു. പിൻവശത്തെ മാവിൻ ചുവട്ടിൽ മൂത്രമൊഴിപ്പിച്ചു.. ഞാനും അമ്മ പറയാതെ തന്നെ അതുപോലെല്ലാം ചെയ്തു... അമ്മയുടെ മുഖത്തു നോക്കിയപ്പോൾ എന്തോ പന്തികേടുണ്ടെന്ന് എനിക്കു തോന്നി..
അമ്മ തടിയലമാരയിൽ നിന്ന് നിക്കറും ഷർട്ടുമെടുത്ത് ഞങ്ങളെ ഇടീപ്പിച്ചു.. അമ്മ സാരിയുടുത്തു. അച്ഛൻ വെള്ളമുണ്ടും ഷർട്ടും ധരിച്ചു. .. അച്ഛനുമമ്മയും ചേർന്ന് ഞങ്ങളുടെ കുറച്ച് തുണികൾ ഒരു സഞ്ചിയിലാക്കി. .. രണ്ടു പേരും ഒന്നും മിണ്ടുന്നില്ല.. കണ്ണുകൾ കലങ്ങിയിരിക്കുന്നു... കണ്ടപ്പോൾ ഞങ്ങൾക്കും സങ്കടം വന്നു.
ചെറുക്കാ .. നിന്റെ റോസയിലെ മൊട്ടുകളു രണ്ടും അമ്മ പറിക്കണുണ്ട്.. അമ്മയ്ക്കെന്നെ ഇഷ്ടമുള്ളപ്പോഴേ ചെറുക്കാ എന്നു വിളിക്കൂ .. അല്ലാത്തപ്പോൾ വിളിക്കുന്നത് ജോസഫേന്നാണ്.
എന്റെ അനുവാദത്തിന് കാത്തു നിൽക്കാതെ അമ്മ കത്തിയെടുത്ത് രണ്ട് റോസ മൊട്ടും അറുത്തെടുത്തു.... ലിസിച്ചേച്ചി തന്ന റോസക്കമ്പാണ്.അമ്മ കഴിയെടുത്തു തന്നു. ഞാൻ നട്ടു. ചുവട്ടിൽ ചാണകമിട്ടു.വെള്ളമൊഴിച്ചു. ... ചെടി കിളിർത്തു... വളർന്നു... ആദ്യമായി മൊട്ടിട്ടു.. രണ്ടു ചുവന്ന വലിയ റോസ മൊട്ടുകൾ . അതാണ് അമ്മ അറുത്തെടുത്ത് . അമ്മ റോസമൊട്ടുകൾ ഭദ്രമായി പൊതിഞ്ഞെടുത്തു. റോസ മൊട്ടുകളിറുത്തത് അമ്മയ്ക്ക് തലയിൽ ചൂടാനല്ല... പിന്നെ എന്തിനാണാവോ...
എന്നാ നമ്മളിറങ്ങുവല്ലേ? മുൻവശത്തു നിന്ന് വീണ്ടും പഴയ ശബ്ദം .
ഞങ്ങളിറങ്ങി.. അമ്മ വാതിൽ ഓടമ്പൽ വലിച്ചിട്ട് പൂട്ടി. പഴയ ജീപ്പ് ഒരിരമ്പലോടെ ഓടിത്തുടങ്ങി. .. ആരുമൊന്നും മിണ്ടുന്നില്ല. മഴ വീണ്ടും ചന്നം പിന്നം പെയ്തു തുടങ്ങി... ജീപ്പിന്റെ വെളിച്ചം മഴത്തുള്ളികളെ കീറിമുറിച്ച് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.
അനിയൻ അമ്മയുടെ മടിയിൽ കിടന്ന് കൂർക്കം വലിക്കുന്നുണ്ട്. അച്ഛന്റെ മടിയിൽ ഞാൻ തല ചെരിച്ച് കിടന്നു... ഉറങ്ങിപ്പോയി.
വല്ലാത്ത ക്ഷീണം.. ഞാൻ കണ്ണു തുറന്നു. മുകളിൽ വീടിന്റെ മച്ചു കാണാം. മച്ചിട്ട വീട് അച്ഛന്റെ വീടാണ് അമ്മയുടെ വീടിന് മച്ചില്ല.
സൂര്യൻ ഉദിച്ചിട്ട് കുറേ സമയം കഴിഞ്ഞിരിക്കുന്നു. വെയിൽ വീണു തുടങ്ങി. പെണ്ണുങ്ങൾ മുൻവശത്തെ മുറ്റത്തു നിന്ന് പ്രാത്ഥന ചൊല്ലുകയും ,പാട്ടുപാടുകയും ചെയ്യുന്നുണ്ട്. ഞാൻ എഴുന്നേറ്റ് ഉമ്മറത്തേക്ക് നടന്നു. മുറ്റത്ത് ഒരു പെട്ടിയിൽ അച്ഛന്റച്ഛൻ കിടക്കുന്നു. മുഖത്ത് പഴയ ഗൗരവമില്ല . കണ്ണട വച്ചിട്ടുണ്ട്. കഴുത്തുവരെ വെള്ളത്തുണികൊണ്ട് മൂടിയിരിക്കുന്നു. തലയ്ക്കൽ ഒരു വലിയ മരക്കുരിശ് വച്ചിരിക്കുന്നു. അതിനിരുവശവുമായി രണ്ട് വലിയ മെഴുകുതിരികൾ കത്തിയുരുകുന്നു.ചുറ്റും കുറേ ബഞ്ചും കസേരകളും നിരത്തിയിട്ടുണ്ട്. മുറ്റം നിറയെ ആൾക്കൂട്ടമുണ്ട്. മoത്തിലെ സിസ് റ്റേഴ്സ് വന്ന് ഒപ്പീസ് ചൊല്ലി. ആളുകൾ വന്നും പോയുമിരിക്കുന്നു. പ്രാത്ഥന മാറി മാറി ചൊല്ലിക്കൊണ്ടിരിക്കുന്നു.
എപ്പഴാ മരിച്ചേ? ആരോ ചോദിക്കുന്നു.
രാത്രി ഒൻപതു കഴിഞ്ഞു കാണും.
ബന്ധുക്കളൊക്കെ എത്തിയോ? വീണ്ടും ചോദ്യം...
എല്ലാരും എത്തീന്നാ പറഞ്ഞേ.
അടക്കെപ്പഴാ? പള്ളീലച്ചനെ വിളിക്കാൻ പോയോ? ചോദ്യങ്ങൾക്കനുസരിച്ച് ഉത്തരങ്ങളും വന്നു കൊണ്ടിരുന്നു. എല്ലാവർക്കും ചോദിക്കാനുള്ളത് ഒരേ ചോദ്യങ്ങളാണ്. കിട്ടുന്നത് ഒരേ ഉത്തരങ്ങളും.
അച്ഛനും, അച്ഛന്റമ്മയും, അച്ഛന്റെ ചേട്ടന്മാരും, അനിയന്മാരും, ചേച്ചിമാരും, അനിയത്തിയും എല്ലാവരുമുണ്ട് പെട്ടിക്കു ചുറ്റും. പെണ്ണുങ്ങൾ എണ്ണിപ്പെറുക്കി കരയുന്നു. ആണുങ്ങൾ മിണ്ടാതിരിക്കുന്നു. അമ്മയുടെ വീട്ടിൽ നിന്നും എല്ലാവരും എത്തിയിട്ടുണ്ട്, കുഞ്ഞാച്ചനും, ആന്റിമാരും എല്ലാവരും. അവരാരും കരയുന്നില്ല. അമ്മ പെട്ടിയുടെ അടുത്ത് ബഞ്ചിലിരിക്കുന്നുണ്ട്. മടിയിൽ അനിയനുമുണ്ട്. അവൻ നേരത്തേ ഉറക്കം തെളിഞ്ഞു കാണും...
കുറേക്കഴിഞ്ഞപ്പോൾ പള്ളിയിൽ നിന്നും അച്ചൻ വന്നു. കൂടെ പ്രാർത്ഥനാ പുസ്തവും, മണിയുമായി കപ്യാരും.
അച്ഛനും, കപ്യാരും,മഠത്തിലെസിസ്റ്റർമാരും ചേർന്ന് പ്രാത്ഥന ചൊല്ലി. ആൾക്കാർ ഏറ്റുചൊല്ലി. പള്ളീലച്ചൻ പ്രസംഗിച്ചു. ഔസേപ്പ് കുടുംബത്തോട് കടമ നിറവേറ്റിയെന്നും, പട്ടാളക്കാരനായി രാജ്യ സേവനം ചെയ്തെന്നും ഇപ്പോൾ കർത്താവിന്റെ സന്നിധിയിലാണെന്നും, നമ്മളും നാളെ അവിടെ പോകേണ്ടവരാണെന്നും അച്ചൻ ഓർമ്മിപ്പിച്ചു. ബാക്കി ചടങ്ങ് പള്ളിലാണെന്നും, എല്ലാവരും പള്ളിയിലേക്ക് പോകാനും അച്ചൻ പറഞ്ഞു. പെണ്ണുങ്ങളുടെ കരച്ചിൽ നിലവിളിയായി. എന്റെ അപ്പനെ കൊണ്ടോവല്ലേ... ചാച്ചാ.... ചാച്ചാ .... കരച്ചിൽ മുഴങ്ങി..
ആണുങ്ങൾ അച്ഛന്റെയച്ഛൻ കിടക്കുന്ന പെട്ടിയെടുത്തു.
തിരക്കിനിടയിൽ ആരുമെന്നെ ശ്രദ്ധിക്കുന്നില്ല ... അമ്മ പോലും.
വിലാപയാത്ര പള്ളിയിലേക്ക് പുറപ്പെട്ടു.
മുന്നിൽ ഒറ്റയും പെട്ടയും മണി മുഴങ്ങി. ശവമഞ്ചത്തിനു പിന്നിൽ പ്രാർത്ഥന ചൊല്ലിക്കൊണ്ട് അച്ചനും, കപ്യാരും, മoത്തിലെ സിസ്റ്റർമാരും നടന്നു.
ആരുടെയോ കൈക്കുപിടിച്ച് ഞാനും ഒപ്പം കൂടി. എനിക്കും കരച്ചിൽ വന്നു. ഞാനും കരഞ്ഞു. ആരും കരയേണ്ടന്ന് പറഞ്ഞില്ല.
ഗൗരവക്കാരനായ അച്ഛന്റെയച്ഛനെ പെട്ടിയിൽ ചുമന്നുകൊണ്ടു പോകുന്നു. കഴുത്തുവരെ മൂടിയ വെള്ളത്തുണിക്കു മുകളിൽ അമ്മ എന്റെ റോസച്ചെടിയിൽ നിന്ന് അറുത്തെടുത്ത രണ്ടു ചുവന്ന റോസ മൊട്ടുകൾ ഞാൻ കണ്ടു...... മൊട്ടുകളല്ല...അവ പൂർണ്ണമായി വിടർന്ന് രണ്ടു വലിയ ചുവന്ന റോസാപ്പൂക്കളായിരിക്കുന്നു............. രണ്ടു ചുമന്ന വലിയ റോസാപ്പൂക്കൾ.......
അച്ഛന്റെയച്ഛൻ മരിച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ അച്ഛന്റമ്മയും മരിച്ചു. അന്ന് മഴക്കാലമായിരുന്നില്ല. ... അറുത്തു വയ്ക്കാൻ എന്റെ റോസാച്ചെടിയിൽ പൂക്കളില്ലായിരുന്നു........ എനിക്കതിൽ വിഷമം തോന്നി..... അന്നും ഞാൻ കരഞ്ഞു. പക്ഷേ ഒരിക്കലും മരിക്കാത്ത അച്ഛന്റെമ്മ പറഞ്ഞ കഥകൾ എന്നിലിന്നും ബാക്കിയുണ്ട്... ഓർക്കാൻ.... ഓർത്തു പറയാൻ.....
........................................................
4
ഒടുവിൽ വീടു വിറ്റു. കിഴകൊമ്പിൽ കുറേ സ്ഥലം വാങ്ങി. സ്ഥലമല്ല കാടു വാങ്ങി. അച്ഛനുമമ്മയ്ക്കുമൊപ്പം കാടു കാണാൻ ഞാനും പോയി. പറമ്പിലെത്താനുള്ള ചെറിയ ഇടവഴി കമ്മ്യൂണിസ്റ്റ് പച്ചയും, വട്ടോലവും, പുല്ലാന്തിയും,തൊട്ടാവാടിയും, ചൊറിതണ്ണനും കയറി കാടുപിടിച്ച് കിടപ്പാണ്.
പറമ്പിലേക്ക് തിരിയുന്ന മൺ വഴിയിൽ നിന്ന് അമ്മ പറഞ്ഞു. ആവശ്യത്തിന് സ്ഥലമുണ്ടെല്ലോ . കുറച്ചു കഷ്ടപ്പെട്ടാലും പണിയെടുത്ത് ജീവിക്കാം ..
ശരിയാ... അച്ഛൻ പറഞ്ഞു. പക്ഷേ വീടു വേണ്ടേ...
വയ്ക്കണം.. ഇതൊക്കെ വിൽക്കാം. അമ്മ കഴുത്തിലെ മാലയിലേക്കും കൈയിലെ വളകളിലേക്കും നോക്കി പറഞ്ഞു. അമ്മയ്ക്ക് സ്ത്രീധനം കിട്ടിയതാണ് അഞ്ചു പവനും രണ്ടായിരം രൂപയും. ...
രണ്ടു പണിക്കാരും അച്ഛനുമമ്മയും ചേർന്നാണ് കാടുവെട്ടിയത്. വീശരുവാളും വാക്കത്തിയും കൊല്ലനേക്കൊണ്ട് പുതിയത് പണിയിച്ചു.
കമ്മ്യൂണിസ്റ്റ് പച്ചയും , വട്ടോലവും പണിക്കാർ വലിച്ചു പറിച്ചിട്ടു. ... എന്തൊരു വലിയ കമ്മ്യൂണിസ്റ്റു പച്ച ചേച്ചി.... എന്നാ വലിയ വട്ടോലം ചേച്ചി... പണിക്കാരത്തി പെണ്ണുങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.
പാലയും, പുല്ലാത്തിയും ,വെട്ടിയും അച്ഛൻ വാക്കത്തിക്ക് വെട്ടിമറിച്ചു. അമ്മ അതെല്ലാം വലിച്ച് പറമ്പിന്റെ മൂലയിലാക്കി. ഉണങ്ങുമ്പോൾ തീയിടാം... അച്ഛൻ പറഞ്ഞു.
രണ്ടാഴ്ച സമയം പിടിച്ചു കാടുവെട്ടിത്തീർക്കാൻ.
തിട്ട തിട്ടയായ ചെരിഞ്ഞ ഭൂമി .... കുറേ തെങ്ങുകളും , കവുങ്ങും, പ്ലാവുകളും, മാവുകളും, പറമ്പിന്റെ അരികു നിറയെ ആഞ്ഞിലി മരങ്ങൾ....
പറമ്പിനു നടുവിലായി പൊളിഞ്ഞ ഒരു പുരത്തറ... അതിനു താഴെ അരികു കെട്ടാത്ത ആഴമുള്ള കിണർ..
അമ്മ പറഞ്ഞു ... കിണറ്റിൽ മുതലയുണ്ട്.അടുത്തു ചെന്നാൽ പിടിച്ചു തിന്നും..
അലകുള്ള അടയ്ക്കാമരം നാലെണ്ണം വെട്ടി. കൊടപ്പനയുടെ ഓല താഴെയിറക്കി. പെട്ടെന്ന് താമസിക്കാൻ ഓലപ്പുരയുണ്ടാക്കി. പഴയ വീട്ടിൽ നിന്ന് കൊണ്ടുവന്ന കട്ടിലും, ഉരലും, അരകല്ലും, അലമാരയും അതിനകത്ത് കയറ്റിയിട്ടു.
നാട്ടുകാരൊക്കെ ഞങ്ങളെ കാണാൻ വന്നു.
പ്രായമായവർ പറഞ്ഞു ... കുഞ്ഞുവർക്കി .. നീ ഭാഗ്യവാനാടാ.... കുന്നുമ്മേക്കാരുടെ പഴയ താവാടല്ലേ നിനക്ക് കിട്ടിയിരിക്കുന്നത്. ഇനി വച്ചടി വച്ചടി .. കേറ്റായിരിക്കും....
ഇതിനു നീ എന്നാ കൊടുത്തു...
അച്ഛൻ മടിച്ചു മടിച്ചു.. പറഞ്ഞു .
പത്തായിരം..
അതിത്തിരി കൂടിപ്പോയി.... സാരമില്ല.
അവരു പോയിക്കഴിഞ്ഞപ്പോൾ അമ്മ ചോദിച്ചു . നിങ്ങളെന്തിനാ മനുഷ്യാ കള്ളം പറഞ്ഞത് . എട്ടായിരമല്ലേ കൊടുത്തുള്ളൂ..
ഒന്നു പോടി... ഇത്തിരി കേറിയിരിക്കട്ടെ... നിനക്കെന്നാ ചേതം ..നീയെല്ലാരോടും അങ്ങനെ പറഞ്ഞാ മതി.
കുന്നമ്മേക്കാര് വീതം പിരിഞ്ഞപ്പോൾ നാണുവിന് തറവാട് കിട്ടി. നാണു കെട്ടിയത് കൊല്ലത്തു നിന്നാണ്. അച്ചി വീട്ടിലാണ് താമസം. വീട് ഓല മേഞ്ഞതായിരുന്നു. പത്തു പന്ത്രണ്ടു കൊല്ലം ആരും നേക്കാനില്ലാതെ കിടന്ന് പറമ്പ് കാടുപിടിച്ചു. പഴയ ഓല മേഞ്ഞ തറവാട് പൊളിഞ്ഞു വീണു . അതിൽ നിന്ന് എടുക്കാവുന്നതെല്ലാം ജേഷ്ഠൻ കണാരനും മക്കളും എടുത്തു കൊണ്ടുപോയി. അവർ രാത്രി തെങ്ങിൽ കയറി തേങ്ങയിടും അടയ്ക്ക പറിച്ചു കൊണ്ടു പോകും. നാണു കൊല്ലത്തു നിന്ന് ആണ്ടിൽ ഒന്നോ രണ്ടോ തവണ വരും. ഒന്നും കിട്ടില്ല. അന്നു മുതൽ പറമ്പു വിൽക്കാൻ ശ്രമിക്കുന്നതാണ്. വാങ്ങാൻ വരുന്നവരെയെല്ലാം കണാരൻ ഒരോന്നു പറഞ്ഞ് മടക്കിയയക്കും. താമസിക്കാൻ കൊള്ളാത്ത പറമ്പാണ്, സർപ്പക്കാവാണ്, ദേവീ കോപമുണ്ട് തേരോട്ടമുണ്ട് അങ്ങനെ പലതും പറയും. ... നാണു ജേഷ്ഠനോട് പല തവണ പറഞ്ഞു. എന്തെങ്കിലും തന്നാൽ മതി ....ഒരു എട്ടായിരമെങ്കിലും .... ചേട്ടന്നെടുത്തോ...
പക്ഷേ ആരും വാങ്ങാതെ വരുമ്പോൾ സൊളുവിൽ തട്ടാമെന്നാണ് കണാരന്റെ വിചാരം.... അതിനാണയാൾ കാത്തിരുന്നത്.
അച്ഛൻ സ്ഥലം നോക്കാൻ വന്നതോ കരാറെഴുതിയതോ കണാരനും മക്കളുമറിഞ്ഞില്ല. അവരു പറഞ്ഞു .ഒരു വരുത്തനും ഇവിടെ വാഴില്ല. ഞങ്ങൾ വാഴിക്കില്ല. ...
പുരയ്ക്കു സ്ഥാനം കാണാൻ കൈയിൽ മുഴക്കോലും... മടിയിൽ മുറുക്കാൻ ചെല്ലവുമായി നാണപ്പനാശാരി വന്നു. അച്ഛൻ വെറ്റിലയും അടയ്ക്കയും ഒരു രൂപയും ദക്ഷിണ വച്ചു...
നാണപ്പനാശാരി മുഴക്കോൽ പിടിച്ച് എന്തോ ജപിച്ചു നിന്നു. അച്ഛൻ നാണപ്പനാശാരി പറഞ്ഞിടത്ത് ആദ്യത്തെ കുറ്റിവച്ചു. ദർശനം വടക്കോട്ട്... പഴയ പുരയിരുന്ന സ്ഥാനം ഉത്തമം. ... മൃഗം ആന... ലക്ഷണം നന്ന്.
കിണറ് കന്നിക്കോണിലാണ്. ശുദ്ദം നിർബന്ധം.. ഇല്ലേൽ വെള്ളം അശുദ്ധാവും..
അമ്മ കടുംചായ പഞ്ചസാരയിട്ടതും റസ്ക്കും നാണപ്പനാശാരിക്കും, ബന്ധു ജനങ്ങൾക്കും കുറ്റി വയ്ക്കുന്നത് കാണാനെത്തിയ അയൽവക്കംകാർക്കും കൊടുത്തു.... ഞാനും അനിയനും റസ്ക്കു തിന്നു. കട്ടൻ ചായയും കുടിച്ചു.
പുരയ്ക്ക് വാനമെടുത്തു. പറമ്പിൽ നിന്ന് കല്ലു പൊട്ടിച്ച് തറ കെട്ടി. പണിക്കാർ അഞ്ചാറു പേർ ദിവസവുമുണ്ടാവും. അമ്മ ഓലപ്പുരയ്ക്ക് പുറത്ത് അടുപ്പുകൂട്ടി വലിയ പാത്രത്തിൽ ദിവസവും കഞ്ഞിവെയ്ക്കും.കോട്ട മാവിന്റെ മാങ്ങ പറിച്ച് ചമ്മന്തിയര ക്കും. പരിപ്പും വാഴയ്ക്കയും ചേർത്ത് പരിപ്പുകറി വയ്ക്കും. അമ്മയെ സഹായിക്കാൻ അമ്മയുടെ അമ്മ വരും , അനിയത്തിമാരുവരും. എല്ലാവരും തിരക്കിലാണ്. പറമ്പിന്റെ അതിരിൽ നിന്ന പ്ലാവ് രണ്ടെണ്ണം വെട്ടിയറപ്പിച്ചു.
നല്ല കായ്ക്കുന്ന വരിക്ക പ്ലാവാറന്നു... അമ്മ പരിഭവം പറഞ്ഞു.
കേറിക്കിടക്കാൻ അടച്ചുറപ്പുള്ള വിടല്ലേ വേണ്ടത്... പ്ലാവിനീം നട്ടുപിടിപ്പിക്കാടീ... അമ്മേടമ്മ അമ്മയെ സമാധാനിപ്പിച്ചു.
തറ കെട്ടുകഴിഞ്ഞു. ഭിത്തി കെട്ടാൻ ചെങ്കല്ലുവെട്ടുന്നത് പറമ്പിൽ നിന്നു തന്നെയാണ്. ചെങ്കല്ലു മുഴുവൻ വെട്ടിയത് അമ്മേsച്ഛനാണ്. നല്ല ഒന്നാന്തരം പണിക്കാരനാണ് അമ്മേടച്ഛൻ. കല്ലുവെട്ടാനറിയാം, ചെത്താനറിയാം, മരപ്പണിയറിയാം, ഓടു മേയാനറിയാം, പറമ്പിൽ പണിയറിയാം, പെരുന്നാളിന് കതിന നിറച്ച് പൊട്ടിക്കാനറിയാം, ബാന്റൂതാനറിയാം.... അമ്മേടച്ഛന് അറിയാത്ത തൊന്നുമില്ല.
നാട്ടിൽ ചെങ്കല്ലുവെട്ടാനും ,ചെത്താനും, പുരയുടെ മേൽക്കൂട് കയറ്റാനും ... കുഞ്ഞമ്മാൻ ചേട്ടനെ കഴിഞ്ഞേ മറ്റാരുമുള്ളു... അമ്മേടച്ഛനെ നാട്ടുകാരു വിളിക്കുന്നത് കുഞ്ഞമ്മാനേന്നാണ്.....
നാട്ടിൽ പണക്കാരുടെ വീടൊക്കെ ഓടിട്ടതും പാവപ്പെട്ടവരുടെ വീടുകൾ ഓല മേഞ്ഞതുമാണ് .
ആൾക്കാരു വന്നു പറയും കുഞ്ഞമ്മാൻ ചേട്ടാ ... എന്റെ പുരേടെ മേൽക്കൂര ഒന്നു കേറ്റുണല്ലോ ..എന്നാ ഒന്നുവരാൻ പറ്റുക....
അമ്മേടച്ഛൻ ഒരു ദിവസം പറയും ... പറഞ്ഞാൽ കട്ടായമാണ് ചെല്ലും.... ഇല്ലേ പറയും ഇപ്പോ ..പണി തിരക്കാ... ഞാൻ പറയാം... ആൾക്കാരു കാത്തിരിക്കും... കുഞ്ഞമ്മാന് ആർത്തിയില്ല.. ആത്മാർത്ഥതയുണ്ട്... കുറച്ചു വൈകിയാലും കുഴപ്പമില്ല.
ഇപ്പോൾ പണിയ്ക്കു വിളിക്കാൻ വരുന്നവരോട് അമ്മേടച്ഛൻ പറയും.. മോളുടെ പുരപണിയല്ലേ .. അതു കഴിയാതെ ഒന്നും നടക്കില്ല. അവള് ഇച്ചിരി പോന്ന ഈ രണ്ടു പുള്ളേരേം കൊണ്ട് അടച്ചുറപ്പില്ലാത്ത ചെറ്റപ്പുരയ്ക്കാത്തു കിടക്കുമ്പോൾ ഞാനെങ്ങനെ പണിക്കു വരാനാ ?
ഇഞ്ഞി ഓളുടെ പുര പണി കഴിഞ്ഞേയുള്ളു .. പണിക്കു പോക്ക്.
പുര ഓടു മേയാനാ അതോ വൈക്കോലോ?
ഓടുമേയണം ...അല്ലാതെന്നാ...
നാട്ടിൽ കുറച്ച് ഓടുമേഞ്ഞ വീടുകളേയുള്ളു... നാട്ടിലെ പ്രമാണിമാരുടേയും പിന്നെ കുഞ്ഞമ്മാൻേറയും.. കുഞ്ഞമ്മാൻ പ്രമാണിയല്ല. പക്ഷേ പ്രമാണിമാർക്കൊക്കെ വേണ്ടപ്പെട്ട ആളാണ്. ചെങ്കല്ലുവെട്ടുന്ന ,ചെത്തുന്ന, മരപ്പണിയറിയുന്ന , ഓടു മേയാനറിയുന്ന , പുരാമേയാനറിയുന്ന , ബാൻറൂതുന്ന , കതിന നിറച്ച് പെരുന്നാളിന് വെടി പൊട്ടിക്കുന്ന ... നസ്രാണി...
കുഞ്ഞമ്മാൻ കള്ളുകുടിക്കും.. വൈകുന്നേരം രണ്ടു കോപ്പ.
വളപ്പിലെ ഷാപ്പിൽ ദിവസവും രണ്ടു കോപ്പ കള്ള് കുഞ്ഞമ്മാനെ കാത്തിരിക്കും. ഷാപ്പിന്റെ മുൻവശത്തെ ബഞ്ച് നാട്ടിലെ പ്രമാണിമാർക്കുള്ളതാണ്.. കുഞ്ഞമ്മാനും.
പുറകുവശത്തെ ബഞ്ചുകൾ പണിക്കാർക്കുള്ളതാണ് . പ്രമാണിമാരുടെ പാടത്തും പറമ്പിലും പണിയെടുക്കുന്ന പണിക്കാർക്ക്. കുഞ്ഞമ്മാന് ഷാപ്പിന്റെ മുന്നിലും പിന്നിലും സീറ്റുണ്ട്... രണ്ടു കൂട്ടർക്കും കുഞ്ഞമ്മാൻ വേണ്ടപ്പെട്ടവനാണ്.
ഷാപ്പിന്റെ പിൻവശത്ത് എപ്പോഴും കലപില ശബ്ദമാണ്. ചിലപ്പോൾ വാക്കേറ്റവും ... ഉന്തും തള്ളുംവരെയുണ്ടാവാം.
ബഹളം മൂത്താൽ കള്ളുവില്പനക്കാരൻ സോമൻ ഇടപെടും. ഏഴടി പൊക്കമുള്ള വലിയകുടവയറും, കഴുത്തിൽ സ്വർണ്ണമാലയും, ചുമന്നു കലങ്ങിയ ഉണ്ടക്കണ്ണുകളുമുള്ള സോമൻ....
കുടിച്ചിട്ട് മിണ്ടാതെ പോടാ.... സോമൻ മുരളും.
രംഗം ശാന്തമാകും .. ഇല്ലെങ്കിൽ ബഹളക്കാരെ സോമൻ കഴുത്തിന് പിടിച്ച് തൂക്കിയെടുത്ത് പുറത്താക്കും. ചിലപ്പോൾ ബഹളക്കാർക്ക് അടിയും ഉറപ്പ്.
നസ്രാണിയായ നീയെങ്ങനാ കുഞ്ഞമ്മാനെ ഞങ്ങടെ കുലത്തൊഴിൽ മരപ്പണി പടിച്ചേ ... ചോദിക്കുന്നത് നാണപ്പനാശാരിയാണ്.
അതൊരു വല്യ ചരിത്രാ.. നാണുവേ.. കുഞ്ഞമ്മാൻ പറഞ്ഞു തുടങ്ങി.
ഞങ്ങടെ കർത്താവു തമ്പുരാൻ യേശു ദൈവം മനുഷേനായവതരിച്ചതാണല്ലോ. യേശുന്റെ വളർത്തപ്പൻ ഒരു ജോസഫാണ് . അങ്ങേർക്ക് മരപ്പണിയാ ജോലി. യേശുവും, മാതാവും, ജോസഫും കൂടി നസ്രത്തിൽ താമസിക്കുമ്പോൾ ജോസഫ് കുടുംബം പോറ്റിത് മരപ്പണി ചെയ്തട്ടല്ലേ. യേശു തമ്പുരാൻ ജോസഫിനെ മരപ്പണീല് സഹായിക്കും....
ചുരുക്കം പറഞ്ഞാൽ ഞങ്ങടെ കർത്താവ് തമ്പുരാൻ യേശു ആദ്യം ചെയ്ത ജോലിയാ മരപ്പണി. അതും വളർത്തപ്പൻ ജോസഫിന്റെയൊപ്പം മറ്റു വീടുകളിൽ പോയി. ചുരുക്കത്തിൽ നസ്രാണീടെ കുലത്തൊഴിലാടോ മരപ്പണി.
പള്ളീ കുർബ്ബാനയ്ക്ക് വികാരിയച്ചനിത് പ്രസംഗിച്ചു കേട്ടേപ്പിന്നെ എന്റെ അപ്പൻ അന്ത്രയോസിന് ഒരേ വിചാരം . മക്കളിലൊന്നിനെയെങ്കിലും മരപ്പണി പടിപ്പിക്കണം. അപ്പനെന്നെ ചേർത്തലയ്ക്ക് ഒരു ബന്ധുവീട്ടിൽ വിട്ടു. അവർക്ക് വള്ളമുണ്ട്. വള്ളം പണിക്കു വരുന്ന ആശാരിമാരുടെ കൂടെ ഞാനങ്ങ് കൂടി . വള്ളം പണി, പുര പണി, ഇടയ്ക്കിത്തിരി ബാന്റ് അങ്ങനെ എല്ലാം പഠിച്ച് നാട്ടിലെത്തി. അപ്പോ തനിക്ക് വള്ളം പണീം അറിയാമല്ലേ. പിന്നല്ലാതെ .. നല്ല ഒത്ത ആഞ്ഞിലിമരം കണ്ടാ കൈക്കിപ്പഴും ഒരു പെരുപ്പാ....
പുര പണി വേഗത്തിൽ നടക്കുന്നു. ഭിത്തി കെട്ടുകഴിഞ്ഞു. ഇനി മോത്താഴം കേറ്റണം. മരപ്പണി ചെയ്തത് അമ്മേടച്ഛനും നാണപ്പനാശാരിയും ചേർന്നാണ്. കൂട്ടിന് നാണപ്പനാശാരിയുടെ മൂന്നു നാലു ശിഷ്യന്മാരുമുണ്ടായിരുന്നു. ഉത്തരം വച്ചു കഴിക്കോല് ചേർത്ത് മോന്തായം വച്ചു. ഓടുമേയാൻ പട്ടികയടിച്ചു.
ഓട് സ്റ്റാറിന്റെ മതി. അതിന്റെയേ കാലു പിടിക്കൂ. ബാക്കി കമ്പനീടെ ഓടൊന്നും പട്ടി കേൽ കാലു പിടിക്കില്ല.
അച്ഛൻ അമ്മേടെ മാല വിറ്റ കാശു കൊണ്ട് സ്റ്റാർ കമ്പനീടെ ഓടുതന്നെയിറക്കി. പുത്തനോടു കൊണ്ട് പുര മേഞ്ഞു.
അമ്മ തെല്ലഹങ്കാരത്തോടെ തലയുയർത്തി നിന്നു. കണ്ടില്ലേ അവക്കടെയൊരു പത്രാസ് ..ഓടുമേഞ്ഞേൻറയാ.... അയൽക്കാരി പെണ്ണുങ്ങൾ കുശുമ്പു പറഞ്ഞു.
ഒക്കേത്തിനും കുശുമ്പാ ... അമ്മ അമ്മേടമ്മയോട് പറഞ്ഞു.
ഒരിടത്ത് അടുപ്പ് പുകയുന്നത് ഒന്നിനും കണ്ടൂടാ... നീ സ്നേഹിക്കാനും നിക്കണ്ടാ.. വെറുപ്പിക്കാനും പോവണ്ട. അമ്മേടമ്മ അമ്മയെ ഉപദേശിച്ചു.
വടകരപ്പള്ളീന്ന് വികാരിയച്ചൻ വന്ന് വീടു വെഞ്ചിരിച്ചു. അമ്മ അടുപ്പിൽ പാലുകാച്ചി .അയൽക്കാരും ബന്ധുക്കളും എല്ലാരുമുണ്ടായിരുന്നു. എല്ലാവർക്കും ചായകൊടുത്തു. അച്ചപ്പവും ഉണ്ടയും കൊടുത്തു.
വികാരിയച്ചൻ പറഞ്ഞു. ഇടവക ചേരണം. എല്ലാ ഞായറാഴ്ചയും മുടങ്ങാതെ പള്ളിയിൽ വരണം. ഇല്ലെങ്കിൽ കടമാണ്. പിള്ളേരെ വേദപാഠത്തിന് ചേർക്കണം. പറ്റുമെങ്കിൽ ഇടദിവസങ്ങളിലും പള്ളീലുവന്ന് കുർബ്ബാന കാണ്. ദൈവാനുഗ്രഹമുണ്ടാവും. ..
അമ്മ കോഴി പാലു പിഴിഞ്ഞു വച്ചതും കള്ളപ്പം ചുട്ടതും അച്ഛനും കപ്യാർക്കും കൊടുത്തു.
വികാരിയച്ചന് വെഞ്ചിരിപ്പിന്റെ കാശ് കൊടുത്തെങ്കിലും വാങ്ങിയില്ല. കുഞ്ഞുമ്മാന്റെ മോളടെ വീട് വെഞ്ചിരിക്കാൻ എനിക്ക് കാശ് വേണ്ട. അച്ചൻ പറഞ്ഞു.
കപ്യാര് കിട്ടിയ കാശ് മിണ്ടാതെ പോക്കലിട്ടു. അച്ചനും കപ്യാരും പോയിക്കഴിഞ്ഞപ്പോൾ കോഴിക്കറി കൂട്ടി എല്ലാവരും കള്ളപ്പവും ചോറും കഴിച്ചു.
Bitcoin Casino | Best No Deposit Bonus for 2021 - CasinoWow
ReplyDeleteHow to deposit BTC into an online casino: When 인카지노 you go to the “Deposit” section of the website, click 샌즈카지노 the cashier. After deccasino that, you'll be redirected to the “Deposit” section.